- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്; അതുകൊണ്ടാണ് കൂടുതലൊന്നും പറയാത്തതെന്ന് ലോകായുക്ത; മുഖ്യമന്ത്രി സ്വാധീനിച്ചത് കണ്ടിട്ടുണ്ടോ എന്നും ചോദ്യം; റിവ്യൂ ഹർജിയും നാളെ പരിഗണിക്കും; ദുരിതാശ്വാസ ഫണ്ടിൽ പരാതിക്കാരന് വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിൽ റിവ്യൂ ഹർജി പരിഗണിക്കവെ ഹർജിക്കാരനെതിരെ രൂക്ഷവിമർശനവുമായി ലോകായുക്ത. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് വിമർശിച്ചു. മുഖ്യമന്ത്രി തങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് ഹർജിക്കാരൻ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ച ലോകായുക്ത പുനഃപരിശോധനാ ഹർജി നാളെ പരിഗണിക്കാമെന്നും വ്യക്തമാക്കി. കേസ് നാളെ പന്ത്രണ്ട് മണിക്ക് പരിഗണിക്കും.
മൂന്ന് പേരടങ്ങിയ ബെഞ്ച് വന്നാൽ അനുകൂല വിധി ഉണ്ടാകില്ല എന്ന് കരുതിയാണോ ഇത്തരം പരാമർശങ്ങളെന്ന് ബെഞ്ച് ചോദിച്ചു. കേസ് പരിഗണനയിൽ ഇരിക്കുമ്പോൾ ചാനലിൽ സംസാരിക്കുന്നതും ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും അസാധാരണമാണ്. വഴിയിൽ പേപ്പട്ടിയെ കണ്ടാൽ വഴി മാറി പോകും. നടക്കുന്നത് ആൾക്കൂട്ട അധിക്ഷേപമാണ്. എന്തോ കണക്കുകൂട്ടിയാണ് പരാതിക്കാരൻ സംസാരിക്കുന്നതെന്നും ലോകായുക്ത വിമർശിച്ചു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കുമിടയിൽ ഭിന്നത ഉണ്ടായതും കേസ് ഫുൾ ബെഞ്ചിന് വിട്ടതും. എന്നാൽ ഭിന്ന വിധിയിൽ നിയമപ്രശ്നമുണ്ടെന്ന് ചൂണ്ടിക്കട്ടിയാണ് ആർ എസ് ശശികുമാർ റിവ്യൂ ഹർജി നൽകിയത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.
നേരത്തെ ലോകായുക്ത ബെഞ്ചിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശശികുമാർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താർ പരിപാടിയിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിന് പിന്നാലെയായിരുന്നു പ്രതികരണം. ഇതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സ്വാധീനിച്ചത് അദ്ദേഹം കണ്ടിട്ടുണ്ടോ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണോ അത് നടന്നത്. ഞങ്ങളിൽ വിശ്വാസമില്ലെന്നു പറയുന്നു, ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഈ ബെഞ്ചിൽ വന്നിരിക്കുന്നത്, സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ പറയൂ എന്നും ലോകായുക്ത പറഞ്ഞു.
പേപ്പട്ടി ഒരു വഴിയിൽ നിൽക്കു മ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്, അതുകൊണ്ടാണ് കൂടുതലൊന്നും പറയാത്തതെന്നും ലോകായുക്ത രൂക്ഷമായി വിമർശിച്ചു. മൂന്നംഗ ബെഞ്ചിൽ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് വാദി ഭാഗത്തിന് ഉറപ്പുണ്ടോയെന്ന് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് ഇതിനിടെ ചോദിക്കുകയും ചെയ്തു. ചെയ്യുന്നത് ശരിയാണോ എന്ന് വീട്ടിൽ പോയി ആത്മ പരിശോധന നടത്തണമെന്ന് ലോകായുക്ത കുറ്റപ്പെടുത്തി.
മന്ത്രിസഭ തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബഞ്ചിനെ ചുമതലപ്പെടുത്തിയതിനെതിരെ ആണ് പരാതിക്കാൻ റിവ്യൂ ഹരജി നൽകിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇഫ്താർ പരിപാടിയിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത്. തുടർന്ന് തനിക്കീ ബെഞ്ചിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ രംഗത്തെത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ