തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജിയിലെ ലോകായുക്താ വിധി മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്നത് താൽകാലിക ആശ്വാസം. കഴിഞ്ഞ സർക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചായിരുന്നു പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എതിർകക്ഷികൾ. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ഈ കേസിൽ വിധി എതിരായിരുന്നുവെങ്കിൽ മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാവുമായിരുന്നു. അതാണ് ഒഴിവാകുന്നത്. കേസ് മൂന്നംഗ ബഞ്ചിന് വിട്ടു. ഫലത്തിൽ ഫുൾ ബഞ്ച് ഇനി കേസിൽ തീരുമാനം എടുക്കും. വീണ്ടും വിശദ വാദം കേസിൽ കേൾക്കും. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണ് വിധി പ്രസ്താവിച്ചത്.

ദുരിതാശ്വാസനിധി കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടർന്ന് ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ നിർദ്ദേശിച്ച കോടതി, ഏപ്രിൽ മൂന്നിലേക്ക് കേസ് മാറ്റി. ഇതിന് പിന്നാലെയാണ് ലോകായുക്ത വിധി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹർജിയിലാണ് ലോകായുക്ത വിധി പറഞ്ഞത്. ഇവരിൽ ഇപ്പോൾ അധികാരസ്ഥാനത്തുള്ളതു പിണറായി മാത്രമാണ്. അതുകൊണ്ട് തന്നെ അനുകൂല വിധി പിണറായിക്ക് ആശ്വാസമാണ്. ഫുൾ ബഞ്ച് വിധി വരെ സർക്കാരിന് ഇത് പ്രതിസന്ധിയാകില്ല.

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത സാഹചര്യത്തിൽ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാത്ത സാഹചര്യത്തിൽ വിധി വന്നാൽ അത് ഉടനടി നടപ്പാക്കേണ്ടി വരും. അത് മുഖ്യമന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിക്കുമായിരുന്നു. ഈ വിധിയോടെ ഈ സാഹചര്യം ഒഴിവായി. കേസിൽ വിധി എതിരായാലും നിയമ പോരാട്ടം തുടരുമെന്ന് പരാതിക്കാരനായ ആർ എസ് ശശികുമാർ പറഞ്ഞിട്ടുണ്ട്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെതിരെയാണ് ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ കേസാണ് ഇനി ഫുൾ ബഞ്ച് പരിഗണിക്കുക. ഇതോടെ വിധി ഇനിയും നീളുമെന്ന് ഉറപ്പായി.

2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇതാണ് അടിയന്തരമായി ഹർജിയിൽ വിധി പറയുന്ന സാഹചര്യമുണ്ടാക്കിയത്. ലോകായുക്തയിൽ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി.

ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാൽ പഴയ നിയമമാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ലോകായുക്ത വിധി എതിരായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിർബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്. കേസിലെ പ്രതികളിൽ മുഖ്യമന്ത്രി മാത്രമാണ് അധികാര സ്ഥാനത്തുള്ളത്. കഴിഞ്ഞ സർക്കാരിന്റെ ഭാഗമായിരുന്ന മറ്റു മന്ത്രിമാർ നിലവിൽ മന്ത്രിമാരല്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ മാത്രമാണ് ഈ വിധി പ്രത്യക്ഷത്തിൽ ബാധിക്കുക. അതുകൊണ്ട് തന്നെ ഈ വിധിയിലൂടെ പിണറായി വമ്പൻ രാഷ്ട്രീയ പ്രതിസന്ധിയെയാണ് അതിജീവിക്കുന്നത്.