തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസിൽ പ്രതികരണവുമായി പരാതിക്കാരനായ ആർ എസ് ശശികുമാർ. സർക്കാരിനെതിരായ വിധിപ്രസ്താവം വന്നിട്ടുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നും എന്നാൽ സമയബന്ധിതമായി കേസ് പരിഗണിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കും എന്നും ശശികുമാർ പറഞ്ഞു. ലാവ്ലിൻ കേസ് പോലെ വലിച്ച് നീട്ടാൻ സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃത്വവും വിധിയിൽ സംശയം പ്രകടിപ്പിക്കുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അസ്വാഭാവികത ചൂണ്ടിക്കാട്ടുമ്പോൾ ഗുജറാത്തിൽ മാത്രമല്ല കോടതി വിധികൾ സംശയകരമാകുന്നതെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും പറഞ്ഞു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകയുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തല. ലോകായുക്തയ്ക്ക് മുൻപിൽ ഉള്ളത് സത്യസന്ധമായ കേസാണ്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനാണ്. അതിൽ നിന്ന് രക്ഷപെടാനാണ് ഭേദഗതി കൊണ്ടുവന്നത്. മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും രക്ഷപെടാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്ത വിധി വൈകിച്ചത് തെറ്റാണ്. ലോകായുക്തയ്ക്ക് മുൻപിൽ എത്തുന്ന കേസുകൾ വേഗത്തിൽ തീർപ്പ് കൽപിക്കണം. ലോകായുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ മാത്രമല്ല കോടതി വിധികൾ സംശയകരമാകുന്നതെന്ന് ഷിബു ബേബി ജോൺ പറയുന്നു. ഒരു വർഷവും 12 ദിവസത്തിനു ശേഷം ഏകാഭിപ്രായത്തിൽ എത്താൽ സാധിച്ചില്ല എന്ന വിചിത്ര വാദവുമായി ദുരിതാശ്വാസ ദുർവിനിയോഗം സംബന്ധിച്ച കേസിൽ ലോകായുക്ത പരാമർശിച്ചത്. ഒരു വർഷത്തിനിടയിൽ പുതിയതായി സംഭവിച്ച ഒരു കാര്യമെയുള്ളു. പുതിയ ലോകായുക്ത നിയമം നിയമസഭയിൽ പാസായി. ഗവർണർ ഇതിൽ ഒപ്പിട്ടിട്ടില്ല. എന്നാൽ . മുഖ്യമന്ത്രി പിണറായിയുമായി ഗവർണർ സന്ധി ചെയ്തതിന്റെ അടിസ്ഥാനത്തിൽ അധികം വൈകാതെ ഗവർണർ ഒപ്പിടും. അതിനു ശേഷം ഫുൾ ബെഞ്ചിൽ നിന്നു വരുന്ന വിധിക്ക് പ്രസക്തി ഉണ്ടാവില്ലെന്നും ഷിബു ബേബിജോൺ പറഞ്ഞു. 

ലോകായുക്തയിൽ ഒരു ജഡ്ജിക്ക് മുഖ്യമന്ത്രി കുറ്റക്കാരനാണ് എന്ന അഭിപ്രായമാണ് എന്ന്‌
ശശികുമാർ ചൂണ്ടിക്കാട്ടി. ലോകായുക്ത ഇത്രയും കാലം വിധി പറയാതിരുന്നത് ഭിന്നവിധിയായതിനാലായിരിക്കും എന്ന് ഞാൻ ഇപ്പോഴും പൂർണമായി വിശ്വസിക്കുന്നു. ഹൈക്കോടതി നിർദ്ദേശം വന്നതിനാൽ ഈ വിധി പറയാൻ ലോകായുക്ത ബാധ്യസ്ഥരായി. സർക്കാരിന് എതിരായി ഒരു വിധി ഉണ്ട് എന്ന് വ്യക്തമാണ്. അത് ലോകായുക്തയാണോ ഉപലോകായുക്തയാണോ എന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഇവിടെ അഴിമതി നടക്കുന്നു, ഇത് സ്വജനപക്ഷപാതമാണ് എന്നുള്ളത് തെളിഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് ഗൗരവമുള്ള വിഷയമാണ്. മുഖ്യമന്ത്രിയായാലും മന്ത്രിമാരായും സംശയത്തിന് അതീതരായിരിക്കണം. ഏതെങ്കിലും ജഡ്ജി ഇത് തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയാൽ അത് ശരിയാണ് എന്ന് തെളിയിക്കുന്നത് വരെ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തയ്യാറാകണം.

സാങ്കേതികമായിട്ട് മുഖ്യമന്ത്രിയായിട്ട് തുടരാം. മന്ത്രിമാർക്കും തുടരാം. പക്ഷെ ഇവിടെ ഒരു കോടതി വിശദമായ വാദങ്ങൾക്ക് ശേഷവും ഭിന്നാഭിപ്രായം വന്നതുകൊണ്ട് വാദം പറഞ്ഞില്ല. എന്നാൽ കോടതിയിൽ വാദം വന്നപ്പോൾ രണ്ട് പേരും അനുകൂലിച്ചവരാണ്. രണ്ട് പേരും എന്റെ ഹർജിക്ക് അനുകൂലമായി പരാമർശം നടത്തിയവരാണ്. ഇപ്പോൾ ഏത് അടിസ്ഥാനത്തിലാണ് മറിച്ചൊരു വിധി പറയാൻ തയ്യാറായത് എന്ന് പരിശോധിക്കണം. ലാവ്ലിൻ കേസ് പോലെ വലിച്ച് നീട്ടിക്കൊണ്ട് പോകാൻ അനുവദിക്കില്ല എന്നും സുപ്രീംകോടതി വരെ പോയിട്ടാണെങ്കിലും ഇതിൽ സത്യം പുറത്തുകൊണ്ടുവരും എന്നും ആർ എസ് ശശികുമാർ കൂട്ടിച്ചേർത്തു.

നിയമ പോരാട്ടം തുടരും. മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിക്കണം. അല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ പാടില്ല. തനിക്ക് നീതി കിട്ടണമെന്നും ശശി കുമാർ പറഞ്ഞു. ജഡ്ജിമാരെ സമ്മർദ്ദത്തിലാക്കുന്ന നടപടി ചില രാഷ്ട്രീയക്കാർ സ്വീകരിക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്തയ്ക്കു മേൽ സമ്മർദ്ദം ഉണ്ടായി. ലാവലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ ജസ്റ്റിസ്സുമാരായ സിറിയക് ജോസഫിനും ഹാറൂൺ റഷീദിനും ഭിന്ന അഭിപ്രായമുള്ള സാഹചര്യത്തിലാണ് അന്തിമ വിധി ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമായത്. ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ടതാണ് ഫുൾ ബെഞ്ച്. ഇതോടെ കേസിൽ വിധി നീളും. വാദം പൂർത്തിയാക്കിയിട്ടും ഒരു വർഷമായി കേസിൽ വിധി പറയാതിരുന്നത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് ഇതോടെ താൽകാലിക ആശ്വാസമായി. കേസിൽ ഫുൾ ബെഞ്ച് വിശദമായ വാദം വീണ്ടും കേൾക്കും. അന്തിമ വിധി എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങൾക്കുമെതിരെ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ആണ് ഹർജി നൽകിയത്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ.കെ. രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജി.

ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തവരിൽ നിന്നു തുക തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം. കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇന്ന് ലോകായുക്ത കോടതി നിലപാട് അറിയിച്ചത്.