തിരുവനന്തപുരം: ഭാഗ്യം നമ്മുടെ വഴിയിൽ ഉണ്ടെങ്കിൽ അത് എങ്ങിനേലും നമ്മളെത്തേടിയെത്തും എന്നു പറയാറുണ്ട്.അത് ഒന്നുകൂടി അന്വർത്ഥമാവുകയാണ് കഴക്കൂട്ടത്തെ ചുമട്ട്‌തൊഴിലാളി ബാബുലാലിന്റെ അനുഭവത്തിലൂടെ.കടംവാങ്ങിയ ടിക്കറ്റിലൂടെ ബാബുലാലിനെത്തേടിയെത്തിയത് 75 ലക്ഷം.ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് തിരുവനന്തപുരം കഴക്കൂട്ടം ആറ്റിൻകുഴി തൈക്കുറുമ്പിൽ വീട്ടിൽ ബാബുലാൽ.

ആ കൗതുകസംഭവം ഇങ്ങനെ..ചുമട്ടുതൊഴിലാളിയായ ബാബുലാൽ കഠിനംകുളം ചാന്നാങ്കരയിൽ നിന്നെത്തി ആറ്റിൻകുഴിയിൽ ലോട്ടറിക്കച്ചവടം നടത്തുന്ന യുവതിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.ആറ്റിൻകുഴിയിലെ സിഐടിയു യൂണിയനിലെ അംഗമായ ബാബുവും കൂട്ടുകാരും യുവതിയിൽ നിന്നാണ് പതിവായി ടിക്കറ്റെടുത്തിരുന്നത്. കഴിഞ്ഞദിവസം പതിവ് പോലെ ജോലിക്കായി യൂണിയൻ ഓഫീസിലെത്തിയപ്പോൾ ലോട്ടറിയുമായി യുവതിയെത്തി. പക്ഷെ ജോലി തുടങ്ങിയ സമയമായതിനാൽ ആരുടെ പക്കലും പണം ഉണ്ടായിരുന്നില്ല.

ആരും ടിക്കറ്റ് വാങ്ങാതിരുന്നതോടെ യുവതി ബാബുലാലിനെ സമീപിച്ചു. വളരെ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുള്ളൂവെന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും ബാബുലാലിന്റെ കൈയിലും പണം ഉണ്ടായിരുന്നില്ല.എന്നാൽ, ടിക്കറ്റ് എടുത്താൽ മതിയെന്നും പണം പിന്നീട് വാങ്ങിച്ചോളമെന്നും പറഞ്ഞ് യുവതി രണ്ടു ടിക്കറ്റുകൾ ബാബുലാലിനെ ഏൽപ്പിച്ചു.വൈകുന്നേരമാണ് സ്ത്രീശക്തി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ താനാണെന്ന് ബാബുലാൽ അറിയുന്നത്.

നാട്ടുകാർക്ക് സുപരിചിതയായ യുവതിയിൽ നിന്ന് ലോട്ടറി വാങ്ങുന്നതല്ലാതെ പേര് പോലും ചോദിച്ചിട്ടില്ലെന്ന് ബാബുലാൽ പറഞ്ഞു.ചുമട്ടു തൊഴിലാളികൾ വിശ്രമിക്കുന്ന ആറ്റിൻകുഴി പഴയ വാട്ടർ ടാങ്കിന് സമീപത്തെ റോഡ് വക്കിലെ യൂണിയൻ ഓഫീസിൽ സ്ഥിരമായെത്തി ലോട്ടറി കച്ചവടം ചെയ്യുന്നയാളാണ് യുവതി. ഇവർ കണിയാപുരം ധനം ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വില്പനയ്ക്കായി വാങ്ങുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

സമ്മാനാർഹമായ എസ്ഇ 989926 എന്ന നമ്പറിലുള്ള ടിക്കറ്റ് കനറാ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണ്. മുൻപും ചെറിയ ഭാഗ്യക്കുറി സമ്മാനങ്ങൾ ബാബുലാലിനു ലഭിച്ചിട്ടുണ്ട്. നിർദ്ധന കുടുംബത്തിൽപ്പെട്ട ബാബുലാൽ ചെറുപ്പം മുതൽ ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. ബാബുലാലിന്റെ ഭാര്യ ശോഭന വീട്ടുജോലികൾക്കു പോകാറുണ്ട്. ആകെയുള്ള നാലര സെന്റ് കുടികിടപ്പ് കിട്ടിയ സ്ഥലത്ത് ബാബുലാലിന്റെയും അമ്മാവന്റെയും അനുജന്റെയും കുടുംബം ഒന്നിച്ചാണ് താമസിക്കുന്നത്.

രണ്ട് ആൺമക്കളാണ് ബാബുലാലിനുള്ളത്. അവരിൽ അജയലാൽ ഓട്ടോറിക്ഷ ഓടിക്കുന്നു, അഖിൽലാൽ മെഡിക്കൽ ഷോപ്പുകളിലേക്കു മരുന്നുകൾ കൊണ്ടുപോകുന്ന ജോലി നോക്കുന്നുണ്ട്.