- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് ബ്ലാക്ക് ലിസ്റ്റ് ചെയ്ത 'അസുര'; ലൂമിനസ് എന്ന ബസിനുണ്ടായിരുന്നത് അഞ്ച് നിയമലംഘന കേസുകൾ; വിനോദയാത്രയുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കണമെന്ന നിർദ്ദേശം ബസേലിയസ് വിദ്യാനികേതൻ സ്‌കൂളും പാലിച്ചില്ല; വേളാങ്കണ്ണിയിൽ നിന്നെത്തി ഊട്ടിയിലേക്ക് പോയ ഡ്രൈവർമാർ ക്ഷീണിതരും; ഈ അപകടം ചോദിച്ചു വാങ്ങിയത്; അമിത വേഗതയ്‌ക്കൊപ്പം ചാറ്റൽ മഴയും ജീവനെടുത്തപ്പോൾ
പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ വാഹനാപകടത്തിന് കാരണമായ ബസ് ദുരന്തം ചോദിച്ചു വാങ്ങിയത് തന്നെ. എങ്ങനേയും ബസുകൾക്ക് യാത്ര തുടരാമെന്നതിന് തെളിവാണ് ഈ അപകടം. ലാഭമുണ്ടാക്കൽ മാത്രമാണ് ടൂറിസ്റ്റ് ബസുകളുടെ ലക്ഷ്യം. അതിന് അവർ എന്തും ചെയ്യും. അപകടമുണ്ടാകുന്ന കാലത്ത് മാത്രം മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും. അതിന് ശേഷം ഒന്നുമില്ല. ഇതാണ് വടക്കഞ്ചേരിയിലും കാണുന്നത്.
ലൂമിനസ് എന്ന ബസാണ് അപകടത്തിൽ പെടുന്നത്. അസുര എന്ന് എഴുതിയ ബസ്. അടിമുടി വാഹന നിയമ ചട്ടങ്ങൾക്ക് വിരുദ്ധമായി പണിത വാഹനം. അരുണായിരുന്നു ആദ്യ ഉടമ. ഈ ബസിനെതിരെ അഞ്ചു കേസുകൾ ഉണ്ട്. ആൾട്രേഷനും എയർഹോണും അശ്രദ്ധ ഡ്രൈവിംഗിനുമെല്ലാം ശിക്ഷിക്കപ്പെട്ട ബസ്. ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുമുണ്ട് ഈ ബസ്. കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു, നിയമം ലംഘനം നടത്തി വാഹനമോടിച്ചെന്നും കേസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഇത്തരമൊരു ബസ് എങ്ങനെ നിരത്തിൽ ഓടിയെന്ന ചോദ്യത്തിന് ആർക്കും ഉത്തരവുമില്ല.
ഇതിനൊപ്പമാണ് മറ്റ് പരാതികൾ. ടൂറിസ്റ്റ് ബസ്സ് ഊട്ടിയിലേക്കുള്ള യാത്രയ്ക്കെത്തിയത് വേളാങ്കണ്ണി യാത്ര കഴിഞ്ഞ ഉടൻ എന്നതാണ് വസ്തുത. വൈകുന്നേരം 5.30 ന് സ്‌കൂൾ പരിസരത്ത് എത്തുമെന്ന് അറിയിച്ച വണ്ടി സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടർന്ന് 6.45 ഓടെ ഊട്ടിയാത്ര ആരംഭിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന ബസ്സ് കെ.എസ്.ആർ.ടി.സിയുടെ പിന്നിൽ ഇടിച്ച് മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ ഒരു ഭാഗം മുഴുവൻ കീറിയെടുത്ത നിലയിലായിരുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. അതേ സമയം അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് മന്ത്രി അറിയിച്ചത്. യാത്രയുടെ വിവരങ്ങൾ ഗതാഗത വകുപ്പിനെ മുൻ കൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്‌കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു.
വിനോദ യാത്രയ്ക്ക് നിയമാനുസൃതമുള്ള വാഹനങ്ങളേ ഉപയോഗിക്കാവൂ എന്ന മാർഗ്ഗ നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിച്ചിരുന്നു. വിനോദ യാത്രയ്ക്ക് രക്ഷിതാക്കളുടെ അറിവും അനുമതിയും ഉണ്ടാകണം. ഇത്തരം യാത്രകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ചട്ടമുണ്ട്. എന്നാൽ ഇതൊന്നും ആരും പാലിക്കാറില്ല. ഇങ്ങനെ അറിയിച്ചാൽ നിയമവിരുദ്ധമായി ഓടുന്ന ബസുകളെ കണ്ടെത്താനും നടപടി എടുക്കാനും കഴിയും. ഈ വർഷം ജൂലൈയിലാണ് ഇത്തരമൊരു മാർഗ്ഗ നിർദ്ദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മോട്ടോർവാഹന വകുപ്പ് നൽകുന്നത്.
കോളേജ് വിദ്യാർത്ഥികൾ വിനോദയാത്രയ്ക്കായി അനധികൃതമായി രൂപം മാറ്റം വരുത്തുന്ന ബസുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ വന്നിരുന്നു. ഇതിനെതിരെ കോടതി നിലപാടും എടുത്തു. ഈ സാഹചര്യത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖർക്കാണ് കത്ത് കൈമാറിയത്. ഇത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അറിയിക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന് വിരുദ്ധമായതെല്ലാം ഇപ്പോഴത്തെ അപകടത്തിലും സംഭവിച്ചു. ഇനി കുറച്ചു കാലം എല്ലാവരും എല്ലാം ശ്രദ്ധിക്കും. അതിന് ശേഷം പഴയതു പോലെയാകും. അത് വീണ്ടും അപകടങ്ങളെ എത്തിക്കും. അന്ന് വീണ്ടും കരുതലെത്തും.
ടൂറിസ്റ്റ് ബസ്സ് ഡ്രൈവറോട് ബസ് അമിത വേഗതയിലാണെന്ന കാര്യം കുട്ടികൾ പറഞ്ഞിരുന്നു. വിദ്യാർത്ഥികൾ പരസ്പരവും ഇക്കര്യം പങ്കുവെച്ചിരുന്നു. പക്ഷെ വിദ്യാർത്ഥികൾ സിനിമ കാണുന്നതിനാൽ വേഗതയുടെ കാര്യം അത്ര ശ്രദ്ധിച്ചില്ല. ഡ്രൈവർ ക്ഷീണിതനായിരുന്നുവെന്നും ഇക്കാര്യം അവരോട് തന്നെ സൂചിപ്പിച്ചിരുന്നൂവെന്നും പരിക്കേറ്റ കുട്ടികളിൽ ഒരാളുടെ അമ്മയും പ്രതികരിച്ചു. എന്നാൽ രണ്ട് ഡ്രൈവറുണ്ടെന്നും മാറി മാറി ഓടിച്ചുകൊള്ളാമെന്നും കുഴപ്പമില്ലെന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം.
അപകടം നടന്ന സ്ഥലം സ്ഥിരം അപകടമേഖലയായിരുന്നു. ഇവിടെ പോലും ഡ്രൈവർ അശ്രദ്ധകാട്ടി. അമിത വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ്സ് കെ.എസ്.ആർ.ടി.സിയുടെ പുറകിൽ ഇടിച്ചപ്പോഴും പെട്ടെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം ലഭിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. അല്ലായിരുന്നുവെങ്കിൽ കെ.എസ്.ആർ.ടി.സി ബസ്സും മറിയുമായിരുന്നുവെന്ന് ബസ്സിന്റെ ഡ്രൈവർ പ്രതികരിച്ചു. ഊട്ടിയിലേക്ക് നാല് ദിവസത്തെ യാത്രയായിരുന്നു സ്‌കൂൾ അധികൃതർ പദ്ധതി ഇട്ടത്.
അതിമ വേഗതയിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്തുകൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
അപകടത്തിന് കാരണം സ്‌കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്‌സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുള്ളിലായി.
മറുനാടന്‍ മലയാളി ബ്യൂറോ