- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ വർഗ്ഗീസ് നിയമനത്തിൽ സംശയത്തിന്റെ കുന്തമുന നീളുന്നത് വിസിയിലേക്കു തന്നെ; ഗോപിനാഥ് രവീന്ദ്രനെ ഈ ഗതികേടിൽ എത്തിച്ച സിപിഎമ്മും സമ്മർദ്ദത്തിന് വഴങ്ങിയ അദ്ദേഹവും ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്; കണ്ണൂർ സർവകലാശാല വിവാദത്തിൽ ഇടതുസഹയാത്രികനായ എം ജി രാധാകൃഷ്ണന്റെ കുറിപ്പ് ചർച്ചയാകുന്നു
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ അസോ. പ്രൊഫസറായി പ്രിയ വർഗ്ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊണ്ടുനിൽക്കുകയാണ്. നിയമനം ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ, ഹൈക്കോടതിയും സ്‌റ്റേ ചെയ്തു. ഈ പശ്ചാത്തലത്തിൽ, രാഷ്ട്രീയ നിയമനങ്ങളുടെ ഉള്ളുകള്ളികളിലേക്ക് വെളിച്ചം വീശുന്ന ഇടതുസഹയാത്രികനായ എം ജി രാധാകൃഷ്ണന്റെ കുറിപ്പ് ചർച്ചയാകുന്നു.
പ്രിയ വർഗ്ഗീസിന്റെ നിയമനകാര്യത്തിൽ കോടതിയുടെ അന്തിമ വിധി വരേണ്ടതുണ്ടെങ്കിലും സംശയത്തിന്റെ കുന്തമുന നിയമനത്തിലേക്കും, മുഖ്യഉത്തവാദിയായ വിസിയിലേക്കും തന്നെയാണ് നീളുന്നത് എന്നു വിലയിരുത്തുന്നു എം ജി രാധാകൃഷ്ണൻ. ആരോപണം ശരിയെങ്കിൽ ആദരണീയനായ ചരിത്രകാരനെ ഈ ഗതികേടിൽ എത്തിച്ച സിപിഎമ്മും അവരുടെ സമ്മർദ്ദത്തിന് വഴങ്ങിയ അദ്ദേഹവും ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം കുറിച്ചു. വാജ്‌പേയ് സർക്കാർ കാലം മുതൽ സംഘ പരിവാരവും മാർക്‌സിസ്റ്റ് ചരിത്രകാരന്മാരും തമ്മിൽ നടക്കുന്ന സംഘട്ടനത്തിന്റെ തുടർച്ചയാണ് ആരിഫ് മുഹമ്മദ് ഖാന്റെ രോഷത്തിന്റെ യഥാർത്ഥ അടിസ്ഥാനമെന്നും പറയുന്നു എം ജി ആർ.
എം ജി രാധാകൃഷ്ണന്റെ കുറിപ്പിന്റെ പൂർണ രൂപം വായിക്കാം:
പ്രിയാവർഗീസിന്റെ നിയമനം സംബന്ധിച്ച ശരി തെറ്റുകൾ ഇനിയും തെളിയേണ്ടതുണ്ട്. കോടതിയുടെ അന്ത്യവിധിക്ക് കാത്തിരിക്കാം. എന്തായാലും സംശയത്തിന്റെ കുന്തമുന ഇപ്പോൾ ആ നിയമനത്തിലേക്കും അതിന്റെ മുഖ്യ ഉത്തരവാദിയായ വിസിയിലേക്കും തന്നെയാണ് നീളുന്നതെന്നതും സത്യം. ആരോപണം ശരിയെങ്കിൽ ആദരണീയനായ ഈ ചരിത്രകാരനെ ഈ ഗതികേടിൽ എത്തിച്ച സിപിഎമ്മും അവരുടെ സമ്മർദ്ദത്തിന് വഴങ്ങിയ അദ്ദേഹവും ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്.
പക്ഷേ ഇതൊന്നും പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ സ്വന്തം നിലയും വിലയും മറന്ന് ഗവർണർ ഖാൻ പറഞ്ഞ പുലഭ്യത്തിന് ന്യായമാകുന്നില്ല. തന്നെ കയ്യേറ്റം ചെയ്യാൻ വന്നെന്ന ആരോപണവും ഖാന്റെ സ്വതസിദ്ധമായ ഗോദാശൈലി മാത്രം. സമകാലിക ഇന്ത്യൻ ചരിത്രകാരന്മാരിൽ മുൻ നിരയിലുള്ള രവീന്ദ്രന് നേരെ ചില ടിവി ചർച്ചാ വിദഗ്ധരും മൂന്നാം കിട രാഷ്ടീയക്കാരും ചൊരിയുന്ന ആക്ഷേപം വാസ്തവത്തിൽ വെളിപ്പെടുത്തുന്നത് അവരുടെയും പൊതുവേ കേരള സമൂഹത്തിന്റെയും നിലവാരമാണ്.
തീർച്ചയായും വ്യക്തിയെന്ന നിലയ്ക്കും ചരിത്രകാരനെന്ന നിലയ്ക്കും കൃത്യമായ ബൗദ്ധിക-രാഷ്ടീയ നിലപാടുകൾ ഉള്ള ആളാണ് അദ്ദേഹം. പക്ഷേ, കക്ഷി രാഷ്ടീയത്തിന്റെയോ പദവികൾ ലക്ഷ്യമാക്കിയ അവസരവാദത്തിന്റെയോ ഭാഗമല്ല ഇതെന്ന് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ നിന്ന് മനസ്സിലാക്കാൻ വിഷമമില്ല. ഇന്ത്യയിലേറ്റവും ഉന്നത ചരിത്രകാരായ ഇർഫാൻ ഹബീബ്, RS ശർമ്മ, റോമില ഥാപ്പർ, MGS നാരായണൻ, KN പണിക്കർ , സുമിത് സർക്കാർ തുടങ്ങിയവരുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന ആളാണ് അദ്ദേഹം. വളർന്നതും പഠിച്ചതും ജോലി ചെയ്തതും ഒക്കെ -കണ്ണൂരിലെത്തുന്നത് വരെ- ഇടത് രാഷ്ട്രീയത്തിന് കാര്യമായ സ്വാധീനം ഇല്ലാത്ത ഇടങ്ങളിലായിരുന്ന അദ്ദേഹത്തിന്റെ അക്കാലത്തെ നിലപാടുകൾ 'കാര്യസാധ്യത്തി'നാകണമെന്നില്ലല്ലോ.
ഡൽഹിയിൽ സ്‌കൂൾ വിദ്യാഭ്യാസം, JNU വിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ (LSE) നിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദവും . 1987 മുതൽ സെന്റ് സ്റ്റീഫൻസ്, ജാമിയ മിലിയ, LSE എന്നീയിടങ്ങളിൽ അദ്ധ്യാപകൻ. ജാമിയയിൽ നെൽസൺ മൺഡേല സെന്റർ ഡയറക്ടർ. കോളനി കാലത്തെ മലബാർ അടങ്ങുന്ന കർഷക സമൂഹങളിലെ സാമ്പത്തിക ചരിത്ര-ജനസംഖ്യാ പഠനങ്ങളിൽ സവിശേഷ വൈദഗ്ധ്യം.
വാസ്തവത്തിൽ 1999 - 2004 കാലത്തെ വാജ്‌പേയ് സർക്കാർ കാലം മുതൽ സംഘ പരിവാരവും മാർക്‌സിസ്റ്റ് ചരിത്രകാരന്മാരും തമ്മിൽ നടക്കുന്ന സംഘട്ടനത്തിന്റെ തുടർച്ചയാണ് ഖാന്റെ രോഷത്തിന്റെ യഥാർത്ഥ അടിസ്ഥാനം. 2001 ൽ ICHR തലവനായി കേന്ദ്രമന്തി മുരളി മനോഹർ ജോഷി നമ്മുടെ സ്വന്തം MGS നാരായണനെ നിയമിച്ചു. അവസരം കിട്ടിയപ്പോഴെക്കെ MGS കമ്മികളെ കശക്കിയിരുന്നതിനാലാകണം ആ നിയമനം. തുടർന്ന് MGS തന്റെ പഴയ സഹപ്രവർത്തകരായ ഹബീബ്, ട. ഗോപാൽ, ശർമ്മ, പണിക്കർ തുടങ്ങിയ 'കോമ' ('കോൺസ്- മാർക്‌സിസ്റ്റ്') ചരിത്രകാരന്മാരുടെ കുത്തക അവസാനിപ്പിക്കാൻ ക്വൊട്ടേഷൻ എടുത്തു. അങ്ങിനെ സ്വയം സ്വന്തം സൽപേര് കാവിയിൽ മുക്കിയെടുത്തു. ഇടതന്മാരുടെ പ്രോജക്ടുകൾ (Towards Freedom) എല്ലാം അദ്ദേഹം റദ്ദാക്കി. ഫെലോഷിപ്പുകൾ നിർത്തി.
പക്ഷേ അധികം വൈകാതെ MGS നെ തന്നെ അപമാനിച്ച് പുറത്താക്കി. അദ്ദേഹത്തോട് ആലോചിക്കാതെ കപിൽ കുമാർ എന്നൊരു കക്ഷിയെ മെമ്പർ സെക്രട്ടറി ആയി നിയമിച്ചപ്പോൾ MGS ഒഴിയുകയായിരുന്നു. അതോടെ അദ്ദേഹത്തിന് BJP ബന്ധവും മതിയായി. അപ്പോഴേക്കും UPA അധികാരത്തിൽ വന്നു. എന്നാൽ 2014 ൽ മോദി അധികാരമേറിയതോട യുദ്ധം പുനരാരംഭിച്ചു. ഇടത് ചരിത്രകാർക്കെതിരെ 'എമിനന്റ് ഹിസ്റ്റോറിയൻസ് ' എന്ന നിന്ദാസ്തുതിയോടെ അരുൺ ഷൂറി എഴുതിയ കടുത്ത ആക്രമണഗ്രന്ഥം ആയിരുന്നു ആദ്യം. 2013 ൽ രണ്ടാം UPA സർക്കാർ രവീന്ദ്രനെ ICHR മെമ്പർ സെക്രട്ടറിയായി നിയമിച്ചിരുന്നു. ICHR നെ വീണ്ടും ഇടതു മുക്തമാക്കി ശുദ്ധികരിക്കാൻ BJP തീരുമാനിച്ചു.
പുതിയ അധ്യക്ഷനായി ഉറച്ച BJP അനുഭാവി പ്രൊഫ. സുദർശൻ റാവു നിയമിക്കപ്പെട്ടു. ഥാപ്പറും ഹബീബും മറ്റും ഉൾപ്പെടുന്ന ഇന്ത്യൻ ഹിസ്റ്റോറിക്കൽ റിവ്യൂ എന്ന ICHR പ്രസിദ്ധീകരണത്തിന്റെ ഉപദേശക സമിതി രവീന്ദ്രനോട് ആലോചിക്കാതെ റാവു പിരിച്ചു വിട്ടു. തുടർന്ന് 2015 ൽ രവീന്ദ്രൻ പ്രതിഷേധിച് രാജി വെച്ചു. മാത്രമല്ല റാവു ICHR നെ കാവിവൽകരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. അതോടെ സംഘ പരിവാരത്തിന്റെ ശത്രു ആയി അദ്ദേഹം. 2019 ൽ കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിൽ 88 കാരൻ ഇർഫാൻ ഹബീബ് തന്നെ ആക്രമിക്കാൻ വന്നെന്നും തന്റെ എ ഡി സി യുടെ കുപ്പായം കീറിയെന്നും ഒക്കെ ഉള്ള ഖാന്റെ ആക്ഷേപത്തിന്റെ പശ്ചാത്തലം വ്യത്യസ്തമല്ല. പരിവാരവും ചരിത്രകാരന്മാരുമായുള്ള മുൻ യുദ്ധകാലത്തെല്ലാം പല പല പാർട്ടികളിലൊക്കെ ആയിരുന്നെങ്കിലും ഇന്ന് ഗവർണർ ഖാന് ഈ യുദ്ധം അത്യന്താപേക്ഷിതം. പ്രിയാ വർഗീസ് പ്രശ്‌നം കഴിഞ്ഞാലും ഗോപിനാഥ് രവീന്ദ്രനെ കശാപ്പ് ചെയ്യാതെ സംഘം അടങ്ങില്ലെന്ന് ഉറപ്പ്.
മറുനാടന് മലയാളി ബ്യൂറോ