ക്വാലലംപുർ: എംഎച്ച് 370 എന്ന മലേഷ്യൻ വിമാനം ദുരൂഹസാഹചര്യത്തിൽ കാണാതായി ഒൻപത് വർഷം പിന്നിടുമ്പോൾ വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കണ്ടെത്താൻ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യവുമായി വിമാനത്തിലെ യാത്രികരുടെ ബന്ധുക്കൾ.2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് വിമാനം കാണാതായത്.എന്നാൽ ചില വർഷങ്ങളിൽ വിമാനത്തെക്കുറിച്ച് വിവരം ലഭിക്കുമെന്ന സൂചകൾ ഉണ്ടായിരുന്നെങ്കിലും അവയൊക്കെത്തന്നെയും പാഴാവുകയായിരുന്നു.

തിരോധാനത്തിന് ഒൻപതാണ്ട് പിന്നിടുമ്പോൾ മലേഷ്യൻ വിമാനത്തിനു വേണ്ടി യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണു കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മലേഷ്യ, ചൈന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഇന്ത്യൻ സമുദ്രത്തിൽ നടത്തിയ 2 വർഷത്തെ തിരച്ചിൽ വിഫലമായിരുന്നു.

തുടർന്നാണ് ഓഷൻ ഇൻഫിനിറ്റിയെ ചുമതലയേൽപിച്ചതെങ്കിലും 3 മാസത്തെ തിരച്ചലിനുശേഷം അവർ പിന്മാറി. വീണ്ടും ആവശ്യമുയർന്ന സ്ഥിതിക്ക് സർക്കാർ അനുവദിച്ചേക്കുമെന്നാണു സൂചന.നിർദിഷ്ട ആകാശപാത മാറി 7 മണിക്കൂറോളം വിമാനം പറന്നുവെന്നും ആശയവിനിമയ ഉപാധികളെല്ലാം വേർപെടുത്തിയശേഷമാണ് ഇതു സംഭവിച്ചതെന്നും അന്വേഷകർ സംശയം പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകൽ സാധ്യതയും പരിഗണിച്ചു.

വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ലെന്നതാണ് വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരൂഹതയായി ഈ സംഭവത്തെ മാറ്റുന്നത്.രണ്ടു വർഷങ്ങൾക്ക് മുൻപ് അതായത് 2021ൽ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം തകർന്ന സ്ഥലം കണ്ടെത്തിയതായി ബ്രിട്ടിഷ് എയറോനോട്ടിക്കൽ എൻജിനീയർ റിച്ചാർഡ് ഗോഡ്‌ഫ്രെ ബിബിസിയോട് പറഞ്ഞിരുന്നു.

വ്യത്യസ്ത ഡേറ്റാ സെറ്റുകൾ ഉപയോഗിച്ച് നടത്തിയ പഠനപ്രകാരം പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ ബോയിങ് 777 തകർന്നു വീണുവെന്നാണ് ഗോഡ്‌ഫ്രെ കണക്കാക്കിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 33 ഡിഗ്രി തെക്കും 95 ഡിഗ്രി കിഴക്കുമാണ് ഡേറ്റാ കണക്കുകൂട്ടലുകളാൽ നിർണയിക്കപ്പെട്ട കൃത്യമായ പോയിന്റ്.

ഗോഡ്‌ഫ്രെയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 40 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മറ്റൊരു തിരച്ചിലിനുള്ള നിർദ്ദേശം സമർപ്പിച്ചിരുന്നു. ക്വാലാലംപൂരിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പറക്കേണ്ടിയിരുന്ന വിമാനം കണ്ടെത്താനുള്ള മുൻ ശ്രമങ്ങളെ അപേക്ഷിച്ച് ആ തിരച്ചിൽ വളരെ എളുപ്പമാകുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അവയൊന്നും തന്നെ ഫലം കണ്ടില്ല. ഇതിനൊപ്പം വിമാനത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ 4,000 മീറ്റർ താഴ്ചയിൽ വരെയാകാമെന്ന് ചില വിദഗ്ദ്ധർ അവകാശപ്പെട്ടിരുന്നു.

ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെ 2014 മാർച്ച് എട്ടിനാണ് മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതാകുന്നത്. പറന്നുയർന്ന് 38 മിനിറ്റിനകം വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെടുകയായിരുന്നു. വിമാനം എവിടെയാണെന്നു വ്യക്തമാക്കുന്നതിനു സഹായിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്ന സംവിധാനവും തകരാറിലായി. ഇതാണു ദുരൂഹത ഉയർത്തുന്നത്.

വിമാനം കടലിൽ തകർന്നു വീണതാണെന്നും ഹൈജാക്ക് ചെയ്തതാണെന്നുമുള്ള റിപ്പോർട്ടുകൾ അതിനിടെ പുറത്തെത്തി. സർക്കാർ തലത്തിലും ചൈനയുടെയും ഓസ്ട്രേലിയയിലൂടെയും സഹായത്തോടെയും മൂന്നു വർഷത്തോളം തിരച്ചിൽ നടത്തി. പലയിടത്തുനിന്നും എംഎച്ച് 370യുടേതാണെന്നു കരുതുന്ന അവശിഷ്ടങ്ങളും ലഭിച്ചു. എന്നാൽ കൂടുതൽ തെളിവുകൾ ഇല്ലാതായതോടെ കഴിഞ്ഞ വർഷം ഔദ്യോഗികമായിത്തന്നെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

പിന്നീടു ജനുവരിയിലാണു ടെക്സസ് ആസ്ഥാനമായുള്ള ഓഷ്യൻ ഇൻഫിനിറ്റി കമ്പനി മലേഷ്യൻ സർക്കാരിനെ സമീപിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രം പണമെന്നാണു കരാർ. ജനുവരി 22ന് ആരംഭിച്ച് 90 ദിവസത്തേക്കായിരുന്നു കാലാവധി. എന്നാൽ തിരച്ചിൽ വിമാനത്തിന്റെ ഇന്ധനം ഓസ്ട്രേലിയയിൽ പോയി നിറയ്ക്കേണ്ട പ്രശ്നവും പ്രതികൂല കാലാവസ്ഥയും ഉൾപ്പെടെ തിരിച്ചടിയായതോടെ ഏതാനും മാസം കൂടി സമയം അനുവദിച്ചു.

വിമാനം കണ്ടെത്തുന്നതിനു തൊട്ടടുത്തെത്തിയ നിലയിലാണു തിരച്ചിലെന്നാണു മലേഷ്യ അന്ന് അറിയിച്ചിരുന്നത്. 85 ശതമാനമാണു സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്.അതിനാൽ നേരത്തെ അനുവദിച്ചതിനേക്കാളും സമയം നീട്ടി നൽകുകയും ചെയ്തിരുന്നു. വിമാനം കണ്ടെത്തിയാൽ, തിരച്ചിൽ നടത്തിയ ഭാഗത്തിന്റെ വിസ്തീർണമനുസരിച്ചാണു തുക നൽകുക.

5000 ച.കിലോമീറ്ററിൽ വിമാനം കണ്ടെത്തിയാൽ രണ്ടു കോടി ഡോളറായിരിക്കും നൽകുക. 15,000 ച.കിലോമീറ്ററിലാണെങ്കിൽ മൂന്നു കോടി ഡോളറും 25,000 ച.കിലോമീറ്ററിൽ നിന്നാണെങ്കിൽ അഞ്ചു കോടി ഡോളറും. അതിനുമപ്പുറത്തേക്കു വിമാനത്തിനു വേണ്ടി തിരച്ചിൽ വ്യാപിപ്പിച്ചാൽ നൽകുക ഏഴു കോടി ഡോളറായിരിക്കുമെന്നും പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു.