- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ മദനി ബംഗ്ലൂരുവിൽ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് കോടതി? ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന നിരീക്ഷണവും നിർണ്ണായകം; കർണ്ണാടകയുടെ മറുപടി നിർണ്ണായകമാകും; മദനിക്ക് കൊല്ലത്തേക്ക് എത്താനാകുമെന്ന പ്രതീക്ഷ സജീവം
ന്യൂഡൽഹി: ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി അബ്ദുൾ നാസർ മദനി നൽകിയ ഹാർജി സുപ്രീംകോടതി ഏപ്രിൽ 13ലേക്ക് മാറ്റി. വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ മദനി ബംഗ്ലൂരുവിൽ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നാളിതുവരെ മദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന കർണാടക സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് ഹർജി മാറ്റിയത്.
കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മദനിയുടെ ഹർജിയിലെ പ്രധാനആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ് . പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് വിചാരണ നടപടിയിലേക്കു കടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ലെന്ന നിഗമനത്തിലേക്ക് കോടതി എത്തുമെന്നാണ് സൂചന. വിശദമായ വാദം കേൾക്കാൻ വേണ്ടിയായിരുന്നു ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്.
ബംഗളൂരുവിലുള്ള മദനി ആയുർവേദ ചികിത്സ അടക്കം നടത്തുന്നതിനായി നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇനി വിചാരണയാണ് നടക്കാനുള്ളതെന്നും അതിനാൽ തന്നെ തന്റെ സാന്നിധ്യം കർണാടകയിൽ വേണ്ടെന്നും കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ഓർമ്മക്കുറവും ശാരീരിക അവശതകളും നേരിടുന്നുണ്ടെന്നും, അതിനാൽ നാട്ടിൽ ചികിത്സ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് മദനി ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ പൂർത്തിയാകുന്നതു വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി പിൻവലിച്ചാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്. കുറച്ചു നാൾ മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മദനിയെ ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ എംആർഐ സ്‌കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങി പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ സർജറി വേണമെന്നും നിർദ്ദേശിച്ചിരുന്നു.
എന്നാൽ, വൃക്കയുടെ പ്രവർത്തനക്ഷമത വളരെ കുറഞ്ഞ സാഹചര്യത്തിൽ ശസ്ത്രക്രിയക്ക് വിധേയമാവുന്നത് അതീവ സങ്കീർണമായിരിക്കുമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്. നാട്ടിലെ ആയുർവേദ ചികിൽസ ഫലം കാണുമെന്നാണ് മദനിയുടെ പ്രതീക്ഷ.
മറുനാടന്‍ മലയാളി ബ്യൂറോ