തിരുവനന്തപുരം: വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസ് വേണമെന്ന് പ്രശസ്ത പരിസ്ഥിത് ശാസ്തജ്ഞൻ മാധവ് ഗാഡ്ഗിൽ. മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണം. 'വേട്ടയാടലിന്റെ നിയന്ത്രണാധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്നും മാധവ് ഗാഡ്ഗിൽ ആവശ്യപ്പെട്ടു . കടുവ വേട്ട നിരോധിച്ചത് യുക്തിഭദ്രമല്ല; ദേശീയ ഉദ്യാനങ്ങൾക്ക് പുറത്ത് വേട്ട ആകാം. 'മൃഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നത് മലിനീകരണം അടക്കമുള്ള പ്രശ്‌നങ്ങൾമൂലമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമം ഉള്ള ഏകരാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണം. ജനവാസമേഖലകളിൽ ഇറങ്ങുന്ന മൃഗങ്ങളുടെ ജഡം പ്രദേശവാസികൾക്ക് അവരുടെ കഷ്ടപ്പാടുകൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു പ്രതികരണം.

വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആന, കുരങ്ങ് ഉൾപ്പടെയുള്ള ജീവികളിൽ നിന്ന് മനുഷ്യർക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം.

വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമം ഉള്ള ഏക രാജ്യമാണ് ഇന്ത്യയെന്നും ഇത് യുക്തിരഹിതവും വിഡ്ഢിത്തവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം. ഈ നിയമത്തിൽ ഒരുതരത്തിലും അഭിമാനിക്കേണ്ടതില്ലെന്നാണ് താൻ കരുതുന്നത്. മറ്റൊരു രാജ്യവും ദേശീയ പാർക്കുകൾക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല. ലൈസൻസുള്ള വേട്ടയിലൂടെ വന്യമൃഗങ്ങളുടെ എണ്ണം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

'അമേരിക്ക, ആഫിക്ക, ബ്രിട്ടൺ തുടങ്ങിയിടങ്ങളിൽ ആളുകൾ വന്യമൃഗങ്ങളെ വേട്ടയാടാറുണ്ട്. എത്ര വന്യമൃഗങ്ങളെ കൊല്ലണം എന്നത് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം പ്രാദേശിക സമൂഹവുമായി ചർച്ച നടത്തണം. ലൈസൻസ് കൃത്യമായി നൽകണം. ഒരു മനുഷ്യൻ മറ്റുള്ളവർക്ക് ഭീഷണിയാവുകയാണെങ്കിൽ അയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ ജീവന് ഭീക്ഷണിയാകുന്ന ഒരു വന്യമൃഗത്തെ കൊല്ലാൻ സാധിക്കാത്തത്?', ഗാഡ്ഗിൽ ചോദിച്ചു. പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കാൻ തദ്ദേശീയരെ പ്രാപ്തരാക്കുന്ന ജൈവവൈവിധ്യ നിയമം 2002 ഇന്ത്യ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടുകഴിഞ്ഞാൽ, അയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാറുണ്ട്. പിന്നെന്തുകൊണ്ട്, ജീവന് ഭീഷണിയാകുന്ന വന്യമൃങ്ങളെ കൊന്നുകൂടാ? 1972ലെ വന്യജീവി സംരക്ഷണ നിയമം അസാധുവാക്കി, പുതിയ നിയമം കൊണ്ടുവരണം. പ്രാദേശിക ജൈവവ്യവസ്ഥ സംരക്ഷിക്കാൻ തദ്ദേശീയർക്ക് അധികാരം നൽകുന്ന 2002 ലെ ജൈവ വൈവിധ്യനിയമം ഇന്ത്യ നടപ്പാക്കണം.

വന്യജീവികളുടെ പെരുപ്പം കുറയ്ക്കുന്നതിന് എതിരായി നിൽക്കുന്നവർ ജനവിരുദ്ധരായ യാഥാസ്ഥിതികരാണെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തി. വെസ്റ്റേൺ ഗാട്ട്സ് എക്കോളജി എക്സ്പേർട്ട് പാനൽ ചെയർമാനാണ് ഗാഡ്ഗിൽ.