- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപി കേസ് പ്രതി കിർമാണിയുടെ ഫോൺ വിളി റിപ്പോർട്ടിലൂടെ സിപിഎമ്മിന്റെ കണ്ണിലെ കരട്; തോമസ് ചാണ്ടിയുടെ രാജിക്കും കാരണമായി; കുഞ്ഞിനെ തേടിയുള്ള അമ്മയുടെ യാത്രയും വിജയിച്ചു; ഒടുവിൽ ഊരൂട്ടമ്പലത്തെ രാധയുടെ മകളുടെ കൊലപാതകിയെ പിടിച്ചു; മാഹിൻകണ്ണിനെ കുടുക്കിയതും ടിവി പ്രസാദിന്റെ ജാഗ്രത
കോഴിക്കോട്: പഠിക്കുമ്പോൾ എസ് എഫ് ഐക്കാരനായിരുന്നു ടി വി പ്രസാദ്. വിപ്ലവ മുദ്രാവാക്യങ്ങൾ മുഷ്ടി ചുരുട്ടി ആത്മാർത്ഥതയോടെ വിളിച്ച സഖാവ്., പിന്നീട് മാധ്യമ പ്രവർത്തകനായി. അപ്പോഴും നെഞ്ചിനുള്ളിലെ ആ തീക്കനൽ കെട്ടു പോയില്ല. തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരും കാസർഗോഡും ഡൽഹിയിലും മാറി മാറി ഓടുന്നതിനിടെ സത്യം മുറകെ പിടിച്ച റിപ്പോർട്ടർ. പ്രസ് ക്ലബ്ബുകളിലെ അധികാര സ്ഥാനങ്ങളിൽ എത്തി പ്രമുഖ മാധ്യമപ്രവർത്തകനാവുകയായിരുന്നില്ല ലക്ഷ്യം. മറിച്ച് സത്യസന്ധമായ റിപ്പോർട്ടിലൂടെ സമൂഹത്തിലെ ചതികളെ തുറന്നു കാട്ടി. ഒടുവിൽ അനുപമാ ചന്ദ്രൻ തന്റെ കുട്ടിയെ തേടി യാത്ര ചെയ്തതും പ്രസാദിലൂടെ അറിഞ്ഞു. പിന്നീട് ആ അമ്മയ്ക്ക് കുട്ടിയെ സ്വന്തമാകുകയും ചെയ്തു. അതിന് ശേഷം ഊരൂട്ടമ്പലത്തെ രാധയെന്ന അമ്മയുടെ പോരാട്ടത്തിനും ടിവി പ്രസാദ് ഫലമുണ്ടാക്കുന്നു.
തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതും പ്രസാദിന്റെ റിപ്പോർട്ടിങ് മികവിലാണ്. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയെന്ന് മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചു. കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 11 വർഷം മുമ്പ് വിദ്യയെയും മകൾ ഗൗരിയെയും പങ്കാളി മാഹിൻകണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. 2011 ഓഗസ്റ്റ് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയെ തുടർന്ന് പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. 2011 ഓഗസ്റ്റ് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകിൽ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. കേസിൽ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. ഏഷ്യാനെറ്റിൽ പ്രസാദ് ചെയ്ത വാർത്തയാണ് പൊലീസിന് ഈ വിഷയത്തിൽ ഇടപെടൽ നടത്തേണ്ടി വന്നത്. അത് മാഹിൻകണ്ണ് എന്ന കൊലപാതകിയെ കുടുക്കി.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാർ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാർച്ച് 14 ന് വിദ്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒന്നര വർഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തർക്കമായി. 2011 ഓഗസ്റ്റ് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല. വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂർ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. പൂവാറിൽ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിൻ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിൻ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു. വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂർ പൊലീസ് അൺനോൺ ആക്കി പൂഴ്‌ത്തി വെക്കുകയായിരുന്നു. മകളെ കാണാതായ ദുഃഖത്തിൽ ജയചന്ദ്രൻ കഴിഞ്ഞ വർഷം തൂങ്ങി മരിക്കുകയും ചെയ്തിരുന്നു. ഈ കേസ് ടിവി പ്രസാദ് റിപ്പോർട്ട് ചെയ്തപ്പോൾ അതിലെ വസ്തുതകൾ തിരുവനന്തപുരം റൂറൽ പൊലീസ് തിരിച്ചറിഞ്ഞു. അങ്ങനെ കുറ്റവാളി അഴിക്കുള്ളിലായി.
നേരത്തെ ആലപ്പുഴയിൽ റിപ്പോർട്ടറായിരിക്കെ അന്ന് മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിക്ക് കാരണമായത് ടിവി പ്രസാദായിരുന്നു. അലപ്പുഴയിലെ കൈയേറ്റം ചർച്ചയാക്കിയതും ഭീഷണി നേരിട്ടതുമെല്ലാം പ്രസാദിനെ ചർച്ചകളിലെത്തിച്ചു. നേരത്തെ ടിപി കേസ് വധവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും പ്രസാദ് ചെയ്തു. കിർമാണി മനോജിന്റെ ജയിലിലെ ഫോൺ വിളി അടക്കമുള്ള വാർത്തകൾ പ്രസാദിനെ താരമാക്കി. വാർത്തയ്ക്ക് പിന്നാലെയുള്ള നിരന്തര യാത്രയാണ് പ്രസാദിന്റെ മികവ്. ടിപി കേസിലും കുട്ടനാട്ടിലെ കൈയേറ്റത്തിലുമെല്ലാം പ്രസാദ് നൽകിയ നിരന്തര വാർത്തകളാണ് രാഷ്ട്രീയ നേതൃത്വങ്ങളെ വെട്ടിലാക്കിയത്. ഇതു തന്നെയാണ് അനുപമയുടെ കേസിലും സംഭവിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ അനുപമയുടെ വാർത്ത എത്തിക്കുന്ന തരത്തിലേക്ക് പ്രസാദ് ആ വിഷയത്തെ പിന്തുണച്ചു. വെറും കുടുംബ പ്രശ്നമെന്ന് പറഞ്ഞ് കൈകഴുകിയവർക്ക് വിഷയം പുതിയ തലത്തിലെത്തി.
ഒരുകാലത്ത് കണ്ണൂരിലെ പ്രധാന എസ് എഫ് ഐ നേതാവായിരുന്ന പ്രസാദിനെ സിപിഎമ്മിനന്റെ കണ്ണിലെ കരടാക്കിയത് ടിപി കേസിലെ റിപ്പോർട്ടിംഗായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ പ്രസാദ് എത്തിയിട്ട് പതിനൊന്ന് കൊല്ലമായി. സമൂഹത്തിലെ ഏറ്റവും താഴെയുള്ളവനും ഏഷ്യാനെറ്റ് ന്യൂസിലെത്താം എന്നതിന് തെളിവാണ് ഈ ഞാനും..-എന്നാണ് മുമ്പ് ടിവി പ്രസാദ് തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പണിയെടുത്താണ് പഠിച്ചത്.. നാട്ടിലെ എല്ലാ ജോലികളും ചെയ്തു. അച്ഛന്റെ ഓട്ടോ റിക്ഷയും ഓടിക്കുമായിരുന്നു.. അടക്ക ഉരിക്കലും പെയിന്റ് പണിയും കോൺക്രീറ്റ് പണിയും സിമന്റ് പ്ലാസ്റ്ററിംഗിന്റെ സഹായ പണിയും കിണറ് പണിയും തുടങ്ങി നാട്ടിൻ പ്രദേശത്ത് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു..
എന്റെ 12 വയസ്സിന് ശേഷം ഈ 38 വയസ്ലുവരെ ഒരു രൂപ വീട്ടിൽ നിന്ന് പഠിക്കാനോ അല്ലാതേയോ വാങ്ങിയിട്ടില്ല.(വാങ്ങാൻ വീട്ടിൽ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി????) അമ്മ കർഷക തൊഴിലാളിയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു അച്ഛൻ(പതിനാല് കൊല്ലം മുമ്പ് മരിച്ചുപോയി).. രണ്ട് സഹോദരിമാരാണുള്ളത്. പഠനം പൂർത്തിയാക്കി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് മാറിയ ശേഷമാണ് ജോലിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത് തന്നെ-ഒരു കൊല്ലം മുമ്പാണ് ഈ വരികൾ പ്രസാദ് ഫെയ്സ് ബുക്കിൽ എഴുതിയത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം പഠിക്കാൻ സാമ്പത്തികം തടസ്സമായപ്പോൾ ഒരു ചെറിയ കോഴി ഫാം തുടങ്ങി അതിനുള്ള വക കണ്ടെത്തി. കോഴ്സ് കഴിഞ്ഞ് ജയ്ഹിന്ദിൽ മൂന്ന് മാസത്തോളം ഇന്റേൺഷിപ്പ് കഴിഞ്ഞ് ആ വർഷം തന്നെ ഏഷ്യാനെറ്റ്ന്യൂസിൽ ജോലിയും കിട്ടി. ജോലി ചെയ്ത് തുടങ്ങിയ ശേഷം പ്രവർത്തിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള കൂറ് മാറ്റിവെച്ച് കിട്ടുന്ന വാർത്തകളെല്ലാം ചെയ്യാൻ ശ്രമിച്ചു.. ഇപ്പോൾ സുഹൃത്തുക്കളെക്കാളേറെ ശത്രുക്കളാണ്. അതിൽ അഭിമാനമേയുള്ളൂ..-പ്രസാദ് പറയുന്നു.
കണ്ണൂരിലെ കരിവള്ളൂർ സ്വദേശിയാണ് ടിവി പ്രസാദ്. പയ്യന്നൂർ കോളേജിൽ നിന്ന് ബിരുദം നേടി, പിന്നീട് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പാലയാട് കാമ്പസ്സിൽ നിയമത്തിൽ ബിരുദ പഠനം. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടി. എസ്എഫ്‌ഐയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനും ആയിരുന്നു. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ ഘടകത്തിൽ ഭാരവാഹി പദവികളും വഹിച്ചിട്ടുണ്ട് ടിവി പ്രസാദ്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് കോഴിക്കോട് ജില്ലാ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്ന വിവരം കേരളം അറിഞ്ഞത് ടിവി പ്രസാദിന്റെ വാർത്തയിലൂടെ ആയിരുന്നു. ടിപി കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോണും ഫേസ്‌ബുക്കും ഉപയോഗിക്കുന്നു എന്ന വാർത്ത കേരളം ഞെട്ടലോടെ ആയിരുന്നു കേട്ടത്. ഈ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് പ്രസാദിന് നേർക്ക് ഭീഷണിയും ഉണ്ടായിരുന്നു അന്ന്.
ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ നിന്ന് ടിവി പ്രസാദ് പിന്നീട് എത്തുന്നത് തലസ്ഥാന നഗരിയിലേക്കാണ്. ഹോർട്ടി കോർപ്പിലെ അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന് ടിപി പ്രസാദ് പിന്നേയും ശ്രദ്ധ നേടി. അവിടെ നിന്നാണ് ആലപ്പുഴയിൽ എത്തുന്നത്. കുട്ടനാട് എന്ന് പറഞ്ഞാൽ തോമസ് ചാണ്ടിയുടെ സ്വന്തം എന്നത് പോലെ ആണ്. ചാണ്ടിയുടെ ആനുകൂല്യം പറ്റാത്തവർ ഇല്ല എന്ന് തന്നെ പറയാവുന്ന സ്ഥലം. എന്നാൽ അവിടേയും ടിവി പ്രസാദ് വ്യത്യസ്തനായി. തോമസ് ചാണ്ടിയുടെ ക്രമക്കേടുകൾക്കും കായൽ കയ്യേറ്റത്തിനും എതിരെ തുടർച്ചയായി വാർത്തകൾ കൊടുത്ത് പ്രസാദ് കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു.
തോമസ് ചാണ്ടിയുടെ ക്രമക്കേടുകളും അഴിമതികളും സംബന്ധിച്ച് 30 ഇൻവെസ്റ്റിഗേഷൻ വാർത്തകളാണ് ടിവി പ്രസാദ് മാത്രം തയ്യാറാക്കിയത്. ഇതിന്റെ ഫോളോ അപ്പ് ആയി 35 വാർത്തകൾ വേറേയും കൊടുത്തു. ഇപ്പോൾ തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവച്ചതും ടിവി പ്രസാദ് പുറത്ത് വിട്ട ഇതേ വാർത്തകൾ തന്നെ ആണ്. കുറച്ചു കാലമായി ഏഷ്യാനെറ്റിന്റെ തിരുവനന്തപുരം ബ്യൂറോയിലാണ് റിപ്പോർട്ടിങ് ഉത്തരവാദിത്തം. അതിനിടെ കേരളാ പൊലീസിന്റെ വീഴ്ചകൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഊരൂട്ടമ്പലം കേസിലും തീരുമാനമാകുകയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ