ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജ്ജിതമാക്കി. വിശേഷിച്ചും ചർച്ച് ബില്ലിന്റെ പേരിൽ മലങ്കര ഓർത്തഡോക്‌സ് സഭ സംസ്ഥാന സർക്കാരിനോട് അകന്നുനിൽക്കുമ്പോൾ. അതിനിടെ, മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കോട്ടയത്തുള്ള തങ്ങളുടെ സഭാ ആസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ ക്ഷണിക്കുകയും ചെയ്തു.

പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഓർത്തോഡ്ക്സ് സഭാധ്യക്ഷനെ കേന്ദ്ര മന്ത്രി വി.മുരളീധരൻ അനുഗമിച്ചു. ഫലപ്രദമായ കൂടിക്കാഴ്ച എന്നാണ് ചർച്ചയ്ക്ക് ശേഷം വി.മുരളീധരൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഡൽഹി ഭദ്രാസനത്തിലെ ഈസ്റ്റർ വാരാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതിനായാണ് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ തലസ്ഥാനത്തെത്തിയത്.

'സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു, ഇപ്പോൾ അദ്ദേഹത്തെ കണ്ടതിന് ശേഷം, ശരിക്കും സന്തോഷം തോന്നുന്നു, അദ്ദേഹം സഭയുടേയും പള്ളിയുടേയും പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ചു, ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹം സന്തോഷവാനായി' സഭാധ്യക്ഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അടുത്ത തവണ കേരളത്തിലെത്തുമ്പോൾ തങ്ങളുടെ ആസ്ഥാനം സന്ദർശിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലും തങ്ങളുടെ രൂപത പള്ളി ഉള്ളതിനാൽ സഭയെ കുറിച്ചും അതിന്റെ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ, ചാരിറ്റി സ്ഥാപനങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് നല്ല പോലെ അറിയാമെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പറഞ്ഞു.2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയുടെ സബ്കാ സാത്ത് സബ്കാ വികാസ് പരിപാടിയെ അടിസ്ഥാനമാക്കി വലിയ ജനസമ്പർക്ക പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച് ചർച്ച നടന്നതായും അദ്ദേഹം വെളിപ്പെടുത്തി.

'സർക്കാർ നടത്തുന്ന വികസന പരിപാടികളിൽ ഞങ്ങൾ സന്തുഷ്ടരാണ്, അതേ സമയം വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ, ക്രിസ്ത്യൻ പള്ളിക്കെതിരായ ചില ആക്രമണങ്ങൾ തുടങ്ങിയവ യാഥാർത്ഥ്യമാണ്. ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തോഡോക്‌സ് കത്തീഡ്രൽ വികാരി ഫാ ശോഭൻ ബേബി എന്നിവർ ഒപ്പമുണ്ടായിരുന്നു.

അതേസമയം, സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവന്ന ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഓർത്തഡോക്‌സ് സഭ കഴിഞ്ഞ മാസം പ്രമേയം പാസാക്കിയിരുന്നു. ഓർത്തഡോക്‌സ് സഭയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ബില്ല്. ബില്ല് ഏകപക്ഷീയമാണെന്നും സഭാ പ്രതിനിധികൾ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യമെന്ന പേരിൽ സുപ്രീംകോടതി വിധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ബില്ലിനെതിരെ തിരുവനന്തപുരം സെന്റ് ജോർജ് പള്ളിയിൽ ഓർത്തഡോക്‌സ് സഭ പ്രതിഷേധ ഉപവാസ പ്രാർത്ഥനാ യജ്ഞവും നടത്തി.

1934 ലെ മലങ്കര ഭരണഘടന അനുസരിച്ചുള്ള, 2017 ൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയെ തകിടം മറിക്കുന്നതാണ് ചർച്ച് ബില്ല്. കോടതി വിധി അസാധുവാക്കാനുള്ള ശ്രമം അംഗീകരിക്കില്ല

നിയമ നിർമ്മാണത്തിനുള്ള സർക്കാർ നീക്കത്തെ യാക്കോബയ സഭ സ്വാഗതം ചെയ്തിരുന്നു. നേരത്തെ ഈ വിഷയത്തിൽ സർക്കാർ നിയമനിർമ്മാണ സാധ്യത പരിഗണിച്ചിരുന്നെങ്കിലും ഓർത്തഡോക്‌സ് വിഭാഗം വലിയ എതിർപ്പ് അറിയിച്ചതിന് പിന്നാലെ പിന്മാറുകയായിരുന്നു.
ആരാധനാ സ്വാതന്ത്ര്യവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയുള്ള നിയമ നിർമ്മാണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഓരോ പള്ളിക്ക് കീഴിലും ഇരുവിഭാഗങ്ങൾക്കും അവരവരുടെ വിശ്വാസമനുസരിച്ച ആരാധന നടത്താം. ആർക്കാണ് പള്ളിയിൽ ഭൂരിപക്ഷമെന്നത് വിഷയമാകില്ലെന്നും സർക്കാർ കൊണ്ടുവന്ന കരട് ബില്ലിൽ വിശദമാക്കുന്നു. തർക്കമുണ്ടായാൽ പരിശോധിക്കാൻ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കും. ഇവരുടെ തീരുമാനത്തിലും തർക്കമുണ്ടായാൽ 30 ദിവസത്തിനകം സർക്കാരിന് അപ്പീൽ നൽകാമെന്നും ബില്ലിൽ പറയുന്നു.