- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരിക്കും; സംവിധായകർ അടക്കം പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോട് ഉള്ള അനാദരവായെന്ന് വി എം വിനു; മാമുക്കോയ നൽകിയ സ്‌നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നൽകാൻ ആയില്ലെന്ന് ആര്യാടൻ ഷൗക്കത്തും; മലയാളത്തിന്റെ പ്രിയ നടനോട് അനാദരവ് കാട്ടിയോ?
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമൂക്കോയക്ക് അർഹിക്കുന്ന ആദരവ് നൽകിയില്ലെന്ന് അനുസ്മരണ യോഗത്തിൽ വിമർശനം. അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിലാണ് യോഗത്തിൽ വിമർശനം ഉണ്ടായത്. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകൻ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തിൽ വി എം വിനു പറഞ്ഞു. താൻ ഏറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകർ അടക്കം സിനിമ മേഖലയിലെ പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി. നീചമായ പ്രവർത്തിയാണിത്. നിരവധി സിനിമകളുടെ വിജയ ഘടകമായിരുന്നു മാമുക്കോയ. ഇക്കാര്യങ്ങൾ സംവിധായകരും സംഘടനാ തലപ്പത്തുള്ളവരും ചിന്തിക്കേണ്ടതായിരുന്നുവെന്നും വി എം വിനു ചൂണ്ടിക്കാട്ടി.
അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടികാട്ടി. മാമുക്കോയ നൽകിയ സ്‌നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. എല്ലാവരെയും സ്‌നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം. തുടർന്നായിരുന്നു കബറടക്കം. നിരവധി പേർ കബറടക്കത്തിന് എത്തി.
താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നിർമ്മാതാവ് ആര്യാടൻ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. വലിയൊരു താരനിരയൊന്നും കബറടക്കത്തിന് ഉണ്ടായിരുന്നില്ല. ജാപ്പാനിലുള്ള മോഹൻലാൽ തന്റെ വേദന പ്രസ്താവനയിൽ ഒതുക്കി. അമ്മയുടെ മരണ ദുഃഖത്തിൽ ആയതിനാൽ മമ്മൂട്ടിയും വന്നില്ല. കോഴിക്കോട് പ്രതീക്ഷിച്ച തരത്തിലെ താരങ്ങളുടെ ഒഴുക്കൊന്നും മാമ്മൂകോയയെ കാണാനെത്തിയില്ലെന്നതാണ് വസ്തുത.
ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിലേക്ക് നടന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരണം.
മറുനാടന് മലയാളി ബ്യൂറോ