തിരുവനന്തപുരം: നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളി സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും. കേരള ടീമിലെ അംഗമായ പത്ത് വയസുകാരിയെ ഛർദ്ദിയെ തുടർന്ന് ആരോഗ്യനില മോശമായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. കുത്തിവെപ്പ് നൽകിയെങ്കിലും ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മലയാളി പെൺകുട്ടി രാവിലെ നടന്നാണ് ആശുപത്രിയിലേക്ക് വന്നതെന്ന് നാഗ്പുർ കേരള സമാജം ഭാരവാഹി മനോജ് ആയൂർ പറയുന്നു. രാവിലെ ആശുപത്രിയിലേക്ക് നടന്നുവന്നെന്നും ചികിത്സയ്ക്കിടെ നില വഷളായി പെട്ടെന്ന് കുഴഞ്ഞുവീണ് മരണം സംഭവിച്ചെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞതെന്നും മനോജ് ആയൂർ പറഞ്ഞു.

'രാവിലെ പത്തുമണിയോടെ ഭോപ്പാലിൽനിന്നുള്ള ഒരാളാണ് എന്നെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. എല്ലാവരും എഫ്.ഐ.ആർ എഴുതാനായി സ്റ്റേഷനിലേക്ക് പോയിരിക്കുകയായിരുന്നു. പെൺകുട്ടി രാവിലെ ആശുപത്രിയിലേക്ക് നടന്നാണ് വന്നത്. ചികിത്സയ്ക്കിടെ കൂടുതൽ വയ്യാതായി മരണം സംഭവിച്ചെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞത്. പെട്ടെന്ന് കുഴഞ്ഞുവീണെന്നാണ് വിവരം. കേരളസമാജം ഭാരവാഹികളെല്ലാം ആശുപത്രിയിൽ എത്തിയിട്ടുണ്ട്', മനോജ് ആയൂർ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് ദേശീയ സൈക്കിൾ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിദ ഫാത്തിമ (10) നാഗ്പുരിൽ അന്തരിച്ചത്. കഴിഞ്ഞദിവസം രാത്രിമുതൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന നിദയ്ക്ക് വ്യാഴാഴ്ച രാവിലെ മുതൽ കടുത്ത ഛർദിയുമുണ്ടായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം.

ഇന്നലെ രാത്രി മുതൽ കുട്ടി ഛർദ്ദിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ ഇൻജക്ഷൻ നൽകാൻ നോക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആരോഗ്യനില മോശമായ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നതായും രക്ഷിക്കാൻ സാധിച്ചില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ ആരോഗ്യനില മോശമായ വിവരമറിഞ്ഞ് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടു.

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായാണ് നിദ ഉൾപ്പെടെയുള്ള കേരള ടീമംഗങ്ങൾ നാഗ്പുരിൽ എത്തിയത്. അതേസമയം, ഇവിടെയെത്തിയ കേരള താരങ്ങൾക്ക് ദേശീയ ഫെഡറേഷനിൽനിന്ന് കടുത്ത അനീതി നേരിട്ടെന്നാണ് ആരോപണം.

കോടതി ഉത്തരവ് പ്രകാരമാണ് കേരള ടീമംഗങ്ങൾ നാഗ്പുരിൽ മത്സരിക്കാനെത്തിയത്. എന്നാൽ ദേശീയ ഫെഡറേഷൻ ഇവർക്ക് താമസമോ മറ്റുസൗകര്യങ്ങളോ ഏർപ്പെടുത്തിയില്ല. മത്സരിക്കാനുള്ള അനുമതി നൽകണമെന്ന് മാത്രമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളതെന്നും അതിനാൽ മറ്റുസൗകര്യങ്ങൾ നൽകാൻ നിർവാഹമില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാട്.