തിരുവനന്തപുരം : ഇന്ത്യൻ ശാസത്രീയനൃത്തത്തിന് ലോകപ്രശസ്തി നേടിക്കൊടുത്ത നർത്തകി പത്മഭൂഷൺ മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയുടെ ചാൻസിലറായി നിയമിച്ചു.അഞ്ച് വർഷത്തേക്കാകും കാലാവധി. ചാൻസലർ പദവിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കിയതിന് പിന്നാലെ ഒരു മാസത്തിന് ശേഷമാണ് പുതിയ നിയമനം.

പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയാണ്. നൃത്തത്തിൽ മാത്രമല്ല നാടകം, സിനിമ, ടെലിവിഷൻ, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വത്തിന്റെ സാന്നിദ്ധ്യം സർവ്വകലാശാലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്.

സാമൂഹികപരിവർത്തനത്തിനാണ് മല്ലിക സാരാഭായി കലയെപ്രധാനമായും ഉപയോഗിക്കുന്നത്. അരങ്ങിലെത്തുമ്പോഴെല്ലാം കാഴ്ചക്കാരുടെ മനസ്സിനെ കീഴടക്കുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. മറിച്ച് ബോധമണ്ഡലത്തെ മാറ്റി മറിക്കുക എന്നതുകൂടിയായിരുന്നു.പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി.

1953 ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എംൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1976 ൽ ഡോക്ടറേറ്റും നേടി.ചെറുപ്പത്തിലേ നൃത്തം പഠിക്കാൻ തുടങ്ങിയിരുന്നു മല്ലിക. പതിനഞ്ച് വയസ്സുള്ളപ്പോൾ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റർ ബ്രൂക്ക്സിന്റെ 'ദി മഹാഭാരത' എന്ന നാടകത്തിൽ ദ്രൗപതിയെ അവതരിപ്പിച്ചാണ് ശ്രദ്ധേയയായത്.

ഒരു നർത്തകി എന്നതോടൊപ്പം തന്നെ ഒരു സാമുഹിക പ്രവർത്തകകൂടിയാണ്. മല്ലികയുടെ അഹമ്മദാബാദിലെ 'ദർപ്പണ അക്കാഡമി ഓഫ് പെർഫോർമിങ് ആർട്ട്സ് ഇന്നും കലയെ സമൂഹ്യ പ്രതിപദ്ധതയ്ക്കുള്ള ഉപാധിയായി നിലർത്തുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്.സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികൾ മല്ലിക സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ഇന്ത്യൻ നാട്യകലെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

പത്മപുരസ്‌കാരത്തിന് പുറമെ ഫ്രെഞ്ച് സർക്കാറിന്റെ ഷെവലിയർ ഡി പാംസ് അക്കാഡെമിക് പുരസ്‌കാരം, 2005 ൽ നോബൽ സമ്മാനത്തിനുള്ള പട്ടികയിലെ സ്ഥാനം, യുഎൻഎഫ്പിഎ പുരസ്‌കാരം ലാഡ്‌ലി മീഡിയ അവാർഡ് തുടങ്ങി ലോകത്തരങ്ങളായ നിരവധി നേട്ടങ്ങളും ഇവരെത്തേടിയെത്തി.കലാമണ്ഡലം ചാൻസിലർ പദവിയിലേക്കുള്ള മല്ലികാ സാരാഭായി- യുടെനിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് സംസ്ഥാന സർക്കാറിന്റെ കണക്കൂകൂട്ടൽ.

കഴിഞ്ഞ മാസം പത്തിനാണ് ഗവർണ്ണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയത്. 2006 മുതൽ ഗവർണറായിരുന്നു കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ. ഗവർണറെ നീക്കുന്നതിനായി ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് ഉത്തരവിറക്കിയത്.

75 വയസ് പ്രായപരിധിയിൽ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചാൻസലറാക്കാനാണ് തീരുമാനിച്ചിരുന്നത്.സംസ്ഥാനത്തെ 14 സർവകലാശാലകളിലെയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭ യോഗം അനുമതി നൽകിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഗവർണ്ണറെ മാറ്റിയത്

കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയുടെ റൂൾസ് & റെഗുലേഷൻ പ്രകാരം ചാൻസലറെ നിയമിക്കാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിലാണ് നിക്ഷ്പ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്‌കാരിക വകുപ്പ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കിയത് .