- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതായി തോന്നുന്നു; ഖേദം പ്രകടിപ്പിക്കുന്നതിനൊപ്പം തന്നെ ഇത്തരം വാക്കുകൾ ആവർത്തിക്കില്ലെന്ന് മമ്മൂട്ടി; വെറുതെ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാർക്കെതിരെ ശബ്ദമുയർത്തൂവെന്ന് ജൂഡ് ആന്റണിയും; ജൂഡ് ആന്റണിയുടെ 'മുടി' ചർച്ചയ്ക്ക് അവസാനം
കൊച്ചി:മലയാള ചലച്ചിത്ര മേഖലയ്ക്ക് ഒട്ടേറെ മികച്ച സിനിമകൾ സംഭാവന ചെയ്ത സംവിധായകനും അഭിനേതാവുമായ ജൂഡ് ആന്റണി ഒരുക്കിയ '2018 എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെയുണ്ടായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി.ജൂഡ് ആന്റണിക്ക് തലയിൽ മുടി കുറവാണെന്നേയുള്ളൂ,ബുദ്ധിമുണ്ട് എന്നായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ച മമ്മൂട്ടിയുടെ വാക്കുകൾ. ഇത് ബോഡി ഷെയ്മിങ് ആണെന്നായിരുന്നു മമ്മൂട്ടിക്കെതിരെ ഉയർന്ന വിമർശനം.ആ പരാമർശത്തിലാണ് ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്തെത്തിയത്.തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു മെഗാ സ്റ്റാറിന്റെ ഖേദപ്രകടനം.
'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദംപ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യം ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.
ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. 'തെറ്റ് പറ്റുക സ്വാഭാവികം..അതു തിരുത്തി മുന്നേറുന്നിടത്താണ് മനസ്സിന്റെ നന്മ,തെറ്റ് തെറ്റായി കണ്ട് തിരുത്താൻ കാണിക്കുന്ന മനസ്സാണ് വേണ്ടത്.മമ്മൂക്ക, ജൂഡ് ആന്റണിക്ക് പരാതിയില്ലാത്ത ഒരു കമന്റിനു ഖേദം പ്രകടിപ്പിച്ച ഇക്ക മാസ്സാണ്, ഞങ്ങളുടെ അഭിമാനമാണ് മമ്മൂക്ക', എന്നിങ്ങനെയാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
അതേ സമയം വിഷയത്തിൽ മമ്മൂട്ടിക്കെതിരെയുള്ള വിമർശനങ്ങൾ തള്ളിപ്പറഞ്ഞുകൊണ്ട് ജൂഡ് ആന്റണി തന്നെ രംഗത്തെത്തിയിരുന്നു.'മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ബുദ്ധിമുട്ടുള്ളവർ മമ്മൂക്കയെ ചൊറിയാൻ നിൽക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോർപറേഷൻ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ.'എന്നായിരുന്നു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയുള്ള ജൂഡിന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ