- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെവൻസ് കാണികൾക്കൊപ്പം സെൽഫി എടുക്കുമ്പോൾ വിയർത്ത് കുഴഞ്ഞു വീണു; ട്രോമാ കെയർ ഉണ്ടായിരുന്നതു കൊണ്ട് പ്രാഥമിക ചികിൽസ നൽകാനായി; പിന്നെ അതിവേഗം ആശുപത്രിയിലേക്ക് കുതിച്ചു; ഏഴ് സിപിആർ നൽകിയപ്പോൾ കാർഡിയാക് അറസ്റ്റിനെ അതിജീവിച്ചു; മാമുക്കോയയുടെ ആരോഗ്യം മെച്ചപ്പെട്ടു; നടനെ കോഴിക്കോട്ടേക്ക് മാറ്റി
മലപ്പുറം: ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ നടൻ മാമുക്കോയയുടെ ആരോഗ്യം മെച്ചപ്പെട്ടു. പൂങ്ങോട് ജനകീയ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30ന് ആണ് സംഭവം.
മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി ഫോട്ടോയെടുത്തു. അതിനിടയിൽ ശരീരം വിയർത്ത് തളർച്ചയുണ്ടായി. ഇതോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാക്കി. 'കാർഡിയാക് അറസ്റ്റ് ആയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. ആറോ ഏഴോ സിപിആർ നൽകിയ ശേഷം നില മെച്ചപ്പെട്ടു. ഇപ്പോൾ ബിപിയെല്ലാം സാധാരണ നിലയിലാണ്.' ഡോക്ടർ പറഞ്ഞു. ബിപി സാധാരണ നിലയിലായത് ആശ്വാസമാണ്. മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
വണ്ടൂരിലെ ആശുപത്രിയിൽ വെച്ച് ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് മാമുകോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ അജ്മൽ നാസിർ പറഞ്ഞു. ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ വണ്ടൂരിൽ എത്തിയിരുന്നു.
കളികാവ് പൂങ്ങോട് ഒരു ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ട്രോമ കെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ തന്നെ നിർണ്ണായക പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞെന്ന് ഫുട്‌ബോൾ ടൂർണമെന്റ് സംഘടക സമിതി അറിയിച്ചു.
10 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാൻ സാധിച്ചെന്നും സംഘാടക സമിതി വ്യക്തമാക്കി. ഇതു രണ്ടുമാണ് നിർണ്ണായകമായത്.
മറുനാടന് മലയാളി ബ്യൂറോ