- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് നാലാം വിവാഹം; മൂന്ന് ഭാര്യമാർ കൂടിയുണ്ടെന്ന് അറിഞ്ഞതോടെ യുവതി വഴക്കിട്ടു; ഫോണിൽ തലാഖെന്ന് മൂന്ന് വട്ടം മെസേജ് അയച്ച് ബന്ധം അവസാനിപ്പിച്ച് യുവാവ്; പരാതിയിൽ കേസെടുത്തു
ഇൻഡോർ: മുത്തലാഖ് ചൊല്ലി നാലാം ഭാര്യയുമായി നിർബന്ധപൂർവം വിവാഹ ബന്ധം ഒഴിവാക്കിയ യുവാവിനെതിരെ കേസെടുത്ത് ഇൻഡോർ പൊലീസ്. ഇൻഡോർ സ്വദേശിയായ ഇമ്രാൻ എന്ന 32 കാരനെതിരെയാണ് കേസെടുത്തത്. തലാഖെന്ന് മൂന്ന് വട്ടം ഫോണിൽ മെസേജ് അയച്ചാണ് വിവാഹ ബന്ധം ഒഴിവാക്കാൻ യുവാവ് ശ്രമിച്ചത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയുടെ പരാതിയെത്തുടർന്നാണ് നടപടി.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടതായിരുന്നു ഇമ്രാനും പരാതിക്കാരിയായ യുവതിയും. തുടർന്ന് ഇരുവരും വിവാഹിതരായി. എന്നാൽ ഇമ്രാന് താനല്ലാതെ മറ്റ് മൂന്ന് ഭാര്യമാർ കൂടിയുണ്ടെന്ന് അറിഞ്ഞതോടെ യുവതി നിരാശയായി. ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായതിന് പിന്നാലെ തലാഖ് എന്ന് മൂന്ന് വട്ടം ഫോണിൽ മെസേജ് അയച്ച് ഇമ്രാൻ ബന്ധം അവസാനിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അജ്മീർ സ്വദേശിക്കും പങ്കുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് അയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയുടെ മുൻവിവാഹത്തിലെ കുട്ടികളേയും സംരക്ഷിക്കാമെന്ന് ഇമ്രാൻ വാഗ്ദാനം ചെയ്താണ് വിവാഹം നടത്തിയതെന്നും സബ് ഇൻസ്പെക്ടർ മനീഷ ദാംഗി പറഞ്ഞു. ഇമ്രാന് മറ്റു മൂന്ന് ഭാര്യമാർ കൂടിയുണ്ടെന്ന് യുവതി അറിഞ്ഞതോടെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചു. കലഹം മൂർച്ഛിച്ചതോടെ ഇമ്രാൻ ഭാര്യയ്ക്ക് മുത്തലാഖ് ടെക്സ്റ്റ് മെസേജ് ആയി അയക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് യുവതി പരാതിയുമായി സമീപിച്ചതെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമമനുസരിച്ച് പൊലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തു. ഇമ്രാനെ ഇതുവരെ പൊലീസ് അറസറ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുത്തലാഖ് വഴി ബന്ധം വേർപെടുത്തുന്നത് മൂന്ന് വർഷം വരെ ജയിൽവാസം ലഭിക്കാവുന്ന കുറ്റമാണ്. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ്, എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും 2019 ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ