തിരുവനനന്തപുരം: കേരളത്തെ നടുക്കിയ നരബലി വെളിച്ചത്തു വന്നത് കാണാതായ സ്ത്രീയെ തേടിയുള്ള അന്വേഷണത്തിലൂടെയായിരുന്നു. ഈ മാൻ മിസിങ് കേസിന് തുമ്പുണ്ടായെങ്കിലും കേരളത്തിൽ കാണാതാകുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണക്കുകൾ. പൊലീസ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് മാൻ മിസിംഗുകളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 66838 മാൻ മിസിംഗുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഓഗസ്റ്റ് വരെ മാത്രം റിപ്പോർട്ട് ചെയ്ത മാൻ മിസിംഗുകൾ 7408. പത്തനംതിട്ടയിലെ നരബലിയോടെ മാന്മിസിങ് കേസുകളിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

വർഷം, കാണാതായവരുടെ എണ്ണം എന്നിവ ചുവടെ:

2016 - 7435

2017 - 9202

2018 - 11536

2019 - 12802

2020 - 8742

2021 - 9713

2022 ( ഓഗസ്റ്റ് വരെ)7408

അതേ സമയം കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണ് കേരളാപൊലീസെന്നാണ് അവകാശ വാദം. പുതിയ കണക്കുകൾ പ്രകാരം മിസ്സിങ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും, ചൈൽഡ് മിസ്സിങ് കേസുകളിൽ 93.3 ശതമാനവുമാണ് കേരളപൊലീസിന്റെ ശരാശരിയെന്ന് പൊലീസ് വിശദീകരിക്കുന്നു.

'കാണ്മാനില്ല' എന്നത് മറ്റു സംസ്ഥാനങ്ങളിൽ പരാതികൾ മാത്രമാകുമ്പോൾ കേരളത്തിലിത് എഫ്. ഐ ആർ രജിസ്റ്റർ ചെയ്താണ് (കേരള പൊലീസ് ആക്ടിലെ സെക്ഷൻ 57 പ്രകാരം) അന്വേഷിക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിലേക്ക് ഊർജിതമായ അന്വേഷണം നടത്താൻ ഇത് കാരണമാകുന്നുന്നുണ്ടെന്നും കേരള പൊലീസ് പറയുന്നു.

കേരളത്തെ ഞെട്ടിച്ച നരബലി ഉൾപ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം ഇത്തരം മിസ്സിങ് കേസ് ആണെന്നതിൽ തന്നെ കേരള പൊലീസ് ഇത്തരം കേസുകൾക്ക് നൽകുന്ന പ്രധാന്യം മനസിലാക്കാമെന്നും കേരള പൊലീസ് വിശദീകരിക്കുന്നുണ്ട്.

മിസ്സിങ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ സ്റ്റേഷൻ SHO FIR രജിസ്റ്റർ ചെയ്ത് ഊർജ്ജിത നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിക്കണമെന്നാണ് ചട്ടം. സബ് ഡിവിഷണൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയും അതാത് ജില്ലാ പൊലീസ് കൺട്രോൾ റൂമിലും വിവരം ഉടൻ റിപ്പോർട്ട് ചെയ്യുകയും വേണം. FIR എടുത്തിട്ട് 15 ദിവസങ്ങൾക്ക് ശേഷവും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ / ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള District Missing Persons Tracing Unit (DMPTU) കൾ അന്വേഷണം ഏറ്റെടുക്കണം.

കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം തന്നെയാണ് മിസ്സിങ് കേസുകളിലും ഉറപ്പാക്കുന്നതെന്ന് പൊലീസ് പറയുന്നു. മിസ്സിങ് കേസുകളിൽ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നുവെന്ന് അതാത് ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തുന്നു. റേഞ്ച് ഓഫീസർമാരും മേഖലാ ഐജിമാരും തങ്ങളുടെ ദൈനംദിന നിർദ്ദേശങ്ങളിലും കുറ്റാവലോകന യോഗങ്ങളിലും മിസ്സിങ് കേസുകൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.