- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സ വഴിമുട്ടി; ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ സഹായം തേടി; പൊലീസ് തടഞ്ഞു; വേദിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ് പിതാവ്; വീണത് മുഖ്യമന്ത്രിക്ക് അരികിൽ;വേണ്ടത് ചെയ്യാൻ കളക്ടർക്ക് നിർദ്ദേശം നൽകി ശിവരാജ് സിങ് ചൗഹാൻ
ഭോപ്പാൽ: ഹൃദയ സംബന്ധിയായ രോഗം ബാധിച്ച ഒന്നരവയസുകാരനായ മകന്റെ ജീവൻ രക്ഷിക്കാൻ സഹായം തേടി മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ് മാതാപിതാക്കൾ. കുടുംബത്തിന്റെ ദുരവസ്ഥയും സഹായം ലഭിക്കേണ്ടതിന്റെ അത്യാവശ്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് മധ്യപ്രദേശിൽ കുട്ടിയെ മാതാപിതാക്കൾ സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞത്.
മധ്യപ്രദേശിലെ സാഗറിൽ ഞായറാഴ്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ ആയിരുന്നു മാതാപിതാക്കളായ മുകേഷ് പാട്ടീലും ഭാര്യ നേഹയും തങ്ങളുടെ കുഞ്ഞിനെ വേദിയിലേക്ക് വലിച്ചെറിഞ്ഞത്.
സഹജ്പുരിലെ ഗ്രാമത്തിലാണ് മുകേഷ് പാട്ടീലും ഭാര്യ നേഹയും ഒന്നര വയസ്സുള്ള കുട്ടിയും താമസിക്കുന്നത്. മകന് മൂന്ന് മാസം പ്രായമുള്ളപ്പോൾ ഹൃദയ സംബന്ധിയായ രോഗം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ വേണമെന്നും ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നും അറിയിച്ചു. എന്നാൽ, ഇത്രയും ഭീമമായ തുക തൊഴിലാളിയായ മുകേഷ് പാട്ടീലിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല തങ്ങളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും പാട്ടീൽ പറഞ്ഞു.
ചികിത്സ വഴിമുട്ടിയതോടെ കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ ആലോചിച്ചുതുടങ്ങി. തങ്ങളുടെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയാൽ എന്തെങ്കിലും സഹായം ലഭിച്ചേക്കും എന്ന പ്രതീക്ഷയോടെയാണ് സാഗറിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പരിപാടിയിലേക്ക് പാട്ടീൽ എത്തുന്നത്. എന്നാൽ, മുഖ്യമന്ത്രിയെ കാണാൻ പൊലീസുകാർ സമ്മതിച്ചില്ലെന്ന് പാട്ടീൽ പറയുന്നു.
തുടർന്നാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാൻ രണ്ടും കൽപ്പിച്ച് കുട്ടിയെ വേദിയിലേക്ക് വലിച്ചെറിഞ്ഞത്. ജനക്കൂട്ടത്തിനിടയിൽ നിന്ന് വലിച്ചെറിഞ്ഞ കുട്ടി വേദിയിൽ മുഖ്യമന്ത്രിയുടെ അരികിലായാണ് വീണത്. പെട്ടെന്നുതന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുട്ടിയെ എടുത്ത് മാതാപിതാക്കളെ തിരികെ ഏൽപ്പിച്ചു.
ഭാഗ്യത്തിന് കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റില്ല. സംഭവം ശ്രദ്ധയിൽപെട്ടതോടെ മുഖ്യമന്ത്രി ഇടപെട്ടു. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി കളക്ടർ ദീപക് ആര്യയ്ക്ക് നിർദ്ദേശം നൽകിയതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ