കൊൽക്കത്ത: ആംബുലൻസ് സേവനത്തിന് ഈടാക്കുന്ന പണം നൽകാൻ കൈവശമില്ലാത്തിനാൽ മരിച്ച അഞ്ചുമാസം പ്രായമായ തന്റെ കുഞ്ഞിന്റെ മൃതദേഹം ബാഗിലിട്ട് ബസിൽ യാത്ര ചെയ്ത് വീട്ടിലെത്തിച്ച് പിതാവ്. രാജ്യത്തിന് ഒന്നാകെ നാണക്കേടാകുന്ന സംഭവം നടന്നത് ബംഗാളിലെ സിലിഗുരിയിലാണ്.

മൃതദേഹവുമായി ശനിയാഴ്ച രാത്രി ബസിൽ കയറിയ പിതാവ് അസിം ദേബ്ശർമ ഞായറാഴ്ച വൈകീട്ടോടെയാണ് വീട്ടിലെത്തിയത്. സിലിഗുരിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കാളിഗഞ്ചിലാണ് അസിം ദേബ്ശർമയുടെ വീട്.

അഞ്ച് മാസം മുമ്പാണ് ഇയാളുടെ ഭാര്യ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മെയ്‌ എഴിന് രണ്ട് കുട്ടികളെയും അസുഖത്തെ തുടർന്ന് റായ്ഗഞ്ചിലെ ആശുപത്രിയിലാക്കി. അസുഖം വർധിച്ചതോടെ സിലിഗുരിയിലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരു കുഞ്ഞിന്റെ അസുഖം ഭേദമായതോടെ മെയ്‌ 10ന് അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങി.

ശനിയാഴ്ച രണ്ടാമത്തെ കുഞ്ഞ് മരിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് സേവനത്തിനായി പിതാവ് അധികൃതരെ സമീപിച്ചു. ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും 8000 രൂപയാണ് ചാർജായി അധികൃതർ ആവശ്യപ്പെട്ടത്. ഇത്രയും പണം കൈയിലുണ്ടായിരുന്നില്ല. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞ് മൂടി ബാഗിലാക്കി രാത്രി ബസിൽ കയറുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിയ ശേഷമാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്.

സിൽഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മകൻ. ആറു ദിവസത്തെ ചികിത്സയ്ക്കായി 16,000 രൂപയോളം ചെലവായി. മകനെ കാളിയാഗഞ്ചിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ട 8,000 രൂപ നൽകാൻ തന്റെ കൈയിൽ പണമുണ്ടായിരുന്നില്ല- അഷിം ദേബ് ശർമ പറഞ്ഞു.

മൃതദേഹം ബാഗിലാക്കി ബസിൽ കയറുകയായിരുന്നു. മറ്റാരെങ്കിലും അറിഞ്ഞാൽ തന്നെ ബസിൽ നിന്ന് ഇറക്കിവിടുമോയെന്ന് ഭയന്നു. 102 സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആംബുലൻസുകൾ രോഗികൾക്ക് വേണ്ടിയാണ് സൗജന്യമായി പ്രവർത്തിക്കുന്നത്, മൃതദേഹങ്ങൾക്കായല്ലെന്ന് ആംബുലൻസ് ഡ്രൈവർ തന്നോട് പറഞ്ഞുവെന്നും അഷിം വെളിപ്പെടുത്തി.

എന്നാൽ, അസിം ദേബ്ശർമ ആംബുലൻസിന് വേണ്ടി തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. സംസ്ഥാന സർക്കാർ പദ്ധതിയായ സ്വാസ്ഥ്യം സതിയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണ് സംഭവമെന്നായിരുന്നു സുവേന്ദു അധികാരിയുടെ വിമർശനം. ബംഗാളിലെ എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

കുഞ്ഞിന്റെ നിർഭാഗ്യകരമായ മരണത്തിലും അളിഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് ബിജെപിയെന്ന് രാജ്യസഭാ എംപിയും തൃണമൂൽ നേതാവുമായ ശന്തനു സെൻ തിരിച്ചടിച്ചു. പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നും ശാന്തനു സെൻ പ്രതികരിച്ചു.