തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മണക്കാടുള്ള വീടിനു മുകളിൽ 'വൃക്ക, കരൾ വിൽപനയ്ക്ക്'എന്ന എഴുതിയ ബോർഡിന്റെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. 'കേരളത്തിനു നാണക്കേട്' എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിച്ചത്. ഒറ്റ നോട്ടത്തിൽ വ്യാജമാണെന്ന് പലർക്കും തോന്നാവുന്ന തരത്തിലുള്ള ഒരു ബോർഡായിരുന്നു അത്. എന്നാൽ ബോർഡിൽ നൽകിയ നമ്പറിലേക്കു വിളിച്ചപ്പോൾ സംഭവം വാസ്തവമാണെന്നു മനസ്സിലായി.

ദമ്പതികൾ പറയുന്നത് ഇങ്ങനെയാണ്.... ആകെയുള്ള വരുമാനം നിലച്ചതിനാൽ കുടുംബം മുന്നോട്ട് പോകാനും കടബാധ്യത തീർക്കാനും വേണ്ടിയാണ് ബോർഡ് വച്ചത്. മണക്കാട് വാടകയ്ക്കു താമസിക്കുന്ന ദമ്പതികളാണ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് എടുത്തുമാറ്റാൻ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇത്തരം ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു. അതിനിടെ തിരുവനന്തപുരത്തെ പ്രധാന നേതാവിന്റെ സഹോദരനാണ് ബോർഡ് വച്ച സന്തോഷ് കുമാർ. കോൺഗ്രസ് നേതാവായിരുന്ന മണക്കാട് ചന്ദ്രൻകുട്ടിയുടെ സഹോദരനാണ് സന്തോഷ് കുമാർ.

അമ്മയുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് എഴുതികൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ദമ്പതികളുടെ ആവശ്യം. കരിമഠം കോളനി പുത്തൻ റോഡിലെ വീടിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തർക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്. ആരോഗ്യപ്രശ്നങ്ങളാൽ ഭാരമുള്ള ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നാണ് സന്തോഷ് കുമാർ പറയുന്നത്. അതേസമയം കടമുറി വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോടതിയിൽ കേസ് ഫയൽ ചെയ്യാനായില്ല.

എന്നാൽ അമ്മ മരിച്ചതോടെ 7 മക്കൾക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്ന് സന്തോഷ് കുമാറിന്റെ സഹോദരൻ മണക്കാട് ചന്ദ്രൻകുട്ടി ചോദിക്കുന്നു. ഇത് വിട്ടുകിട്ടാത്തതിലുള്ള പ്രതിഷേധത്തിലാണ് സന്തോഷും ഭാര്യയും ബോർഡ് സ്ഥാപിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ അടക്കം ഏറെ ചർച്ച ചെയ്ത പേരാണ് മണക്കാട് ചന്ദ്രകുട്ടിയുടേത്. ഐഎൻടിയുസി നേതാവായിരുന്ന ചന്ദ്രൻകുട്ടി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് എതിരായ നിലപാടാണ് പലപ്പോഴും സ്വീകരിച്ചത്. നിലവറയിലെ സ്വത്തുക്കൾ പരിശോധിക്കണമെന്ന നിലപാടും എടുത്തു. അങ്ങനെ തിരുവനന്തപുരത്താകെ ചർച്ചകളിൽ നിറഞ്ഞു.

പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തിൽ രാജകുടുംബത്തിനോട് അടുത്താണ് കോൺഗ്രസ് നേതൃത്വം നിലകൊണ്ടത്. അതുകൊണ്ടു തന്നെ നേതൃത്വവുമായി ചന്ദ്രൻകുട്ടി പിണങ്ങി. പാർട്ടിയിൽ നിന്നും പുറത്താവുകയും ചെയ്തു.