തിരുവനന്തപുരം: മംഗളം ടെലിവിഷൻ ചാനൽ അടച്ചുപൂട്ടി.കടബാധ്യതയെ തുടർന്ന് മംഗളം ടെലിവിഷൻ ചാനലിന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോവിലെ സാധന ജംഗമ വസ്തുക്കളും മറ്റ് സ്വത്തുക്കളും സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടത്തി പിടിച്ചെടുത്തു.കഴിഞ്ഞ മാസം 31 ന് രാത്രിയിൽ സ്റ്റുഡിയോ പൂർണ്ണമായി പൊളിച്ചു കൊണ്ടുപോയി. തമ്പാനൂരിലെ കെട്ടിടവും ഉടൻ ലേലത്തിന് വെക്കുമെന്നാണ് സൂചനകൾ.2017 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച ചാനൽ കർമ്മരംഗത്ത് അഞ്ചുവർഷം പോലും പൂർത്തിയാക്കും മുൻപെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.

ചാനൽ തുടക്കത്തിൽ തന്നെ എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ ചാനലിന് തിരിച്ചടിയായിരുന്നു.അന്ന് നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ചാനലിന് പിന്നീട് സാധിച്ചിരുന്നില്ല.സാമ്പത്തികമായി പിന്നോക്കം പോയതോടെ അരംഭിച്ച് ചുരുക്കം ചില മാസങ്ങൾക്കുള്ളിൽ തന്നെ ശമ്പളം വിതരണം അടക്കം താറുമാറായിരുന്നു.പിന്നിലെ പല വിധ കാരണങ്ങളുമായി ചാനലിലെ മാധ്യമപ്രവർത്തകർ സമരത്തിലുമെത്തി.അതോടെ ചാനലിന്റെ പ്രവർത്തനം തന്നെ താറുമാറായി.പിന്നാലെയാണ് ചാനലിനെത്തേടി ഭീമമായ സാമ്പത്തിക പ്രതിസന്ധിയെത്തുന്നത്.

ശമ്പളം ലഭിക്കാതായതോടെ മാധ്യമപ്രവർത്തകരും സ്ഥാപനം വിട്ടതോടെ കഴിഞ്ഞ ഒന്നര വർഷക്കാലമായി ചാനൽ സംപ്രേഷണം നിലച്ച് സ്ഥാപനം പൂട്ടിക്കിടക്കുകയാണ്.അതിനിടയിൽ നിരവധി പ്രമോട്ടർമാരെ ഉപയോഗിച്ച് ചാനൽ പുനരാരംഭിക്കാൻ ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.ഇതിന്റെ പൂർണ്ണതയാണ് ഇപ്പോൾ ജപ്തി നടപടിയിലേക്കെത്തിയിരിക്കുന്നത്.വരും ദിവസങ്ങളിൽ കെട്ടിടം കൂടി ലേലത്തിൽ പോകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

മാധ്യമരംഗത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മറ്റൊരു തെളിവ് കൂടിയാണ് മംഗളം ചാനലിന്റെ കഥ.മംഗളത്തിന്റെതായ രണ്ടാമത്തെ സംരംഭമാണ് സാമ്പത്തിക പ്രതിസന്ധി മൂലം ഇപ്പോൾ പ്രവർത്തനം അവസാനിപ്പിക്കുന്നത്.കഴിഞ്ഞ വർഷം മംഗളം വാരിക പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു.ടെലിവിഷൻ സീരിയലുകൾ സജീവമാകുന്നതിന് മുമ്പൊരു കാലത്ത് മലയാളം ജനപ്രിയ സാഹിത്യത്തിലെ മൊടിചൂടാ മന്നന്മാരായി വിലസിയത് മംഗളം അടക്കമുള്ള വാരികകൾ ആയിരുന്നു. ജനപ്രിയ നോവലുകളുമായി പുറത്തിറങ്ങിയിരുന്ന സാഹിത്യ പ്രസിദ്ധീകരണം. മലയാളികളിൽ വായനാശീലം വളർത്തിയതിൽ അടക്കം വലിയ പങ്കു വഹിച്ചിരുന്നു ഈ വാരികകൾ.എന്നാൽ, കാലം മാറിയപ്പോൾ ലക്ഷങ്ങൾ വരിക്കാരുണ്ടിയിരുന്നിടത്തു നിന്നും തുച്ഛമായ വായനക്കാരിലേക്ക് വാരികകളും ചുരുങ്ങി.

1969 ൽ മംഗളം വർഗീസ് (എം സി വർഗീസ്) എന്ന അതുല്യ പ്രതിഭാശാലി ആരംഭിച്ച വാരിക ഒരു കാലത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു.1985 ൽ 17 ലക്ഷം കോപ്പികളോടെ ഏഷ്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോർഡും മംഗളം സ്വന്തമാക്കിയിരുന്നു.ഈ റെക്കോർഡ് ഭേദിക്കാൻ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല. പുതിയ എഴുത്തുകാരെ അണി നിരത്തിക്കൊണ്ട് നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്.സാധാണക്കാരായ ജനലക്ഷങ്ങളിൽ വായനാശീലം വളർത്തുന്നതിൽ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്.

സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാൻസർ വാർഡ്, ഭവനരഹിതർക്ക് വീടുകൾ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മംഗളം വാരികയായിരുന്നു.മംഗളത്തിന്റെ മറ്റു പ്രസിദ്ധീകരണങ്ങളും ഏതാണ്ട് പൂട്ടലിന്റെ വക്കിൽ ആണ്. കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റ് വില കുതിച്ചുയർന്നതുമാണ് വാരികയ്ക്ക് തിരിച്ചടിയായത്. എന്നാൽ ഈ കാലത്തും വില 10 രൂപ മാത്രമായിരുന്നു.

വില ഉയർത്തിയിൽ ചെറിയ രീതിയിലെങ്കിലും പിടിച്ചു നിൽക്കാനാകുമായിരുന്നുവെന്ന പ്രതിക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാൽ ഈ രംഗത്തുള്ള മറ്റു പ്രസിദ്ധീകരണങ്ങൾ വില വർധിപ്പിക്കാതിരുന്നതോടെ ആ തിരുമാനത്തിൽ നിന്നും മാനേജ്‌മെന്റ് പിന്മാറുകയായിരുന്നു.
അച്ചടിച്ചിറക്കുന്നതിനുള്ള ചെലവ് താങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ് മാനേജുമെന്റ് വാരികയുടെ പ്രസിദ്ധീകരണം നിർത്താൻ തീകുമാനിച്ചതെന്ന് എഡിറ്റർ ഇൻ ചാർജ്ജും എഴുത്തുകാരനുമായ സജിൽ ശ്രീധർ പറഞ്ഞിരുന്നു.