ചിറയിൻകീഴ്: മണിച്ചൻ ഇനി ആറ്റിങ്ങലിൽ പഴക്കച്ചവടക്കാരൻ. 32 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന്, സുപ്രീംകോടതി ഇടപെടലിലാണ് പുറത്തേയ്ക്കുള്ള വഴി തുറന്നത്. വെള്ളിയാഴ്ച രാവിലെ 11.30 ന് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നുമിറങ്ങിയ മണിച്ചനെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു. എസ്.എൻ.ഡി.പി. യോഗം പ്രവർത്തകർ മണിച്ചനെ ഷാൾ അണിയിച്ചു സ്വീകരിക്കുകയും ചെയ്തു.

മണിച്ചൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് ജയിൽ ചപ്പാത്തിയും ചിക്കനും പുറത്തിറക്കി പേരെടുത്തത്. ബജറ്റ് ഫുഡ് എന്ന നിലയിൽ ജയിൽ ഫുഡിന് കിട്ടിയ സ്വീകാര്യത അവരുടെ പ്രതിദിന വിറ്റുവരവ് അര ലക്ഷത്തിന് മേലെ എത്തിച്ചു. ഇത് മനസിലാക്കി പരോൾ കിട്ടി നാട്ടിൽ പോയ ഉടനെ മണിച്ചൻചിക്കനും ചപ്പാത്തിയും പാഴ്സൽ കൗണ്ടർ തുടങ്ങി. ആദ്യം വലിയ വിറ്റ് വരവ് ആയിരുന്നു. മണിച്ചൻ പരോൾ കഴിഞ്ഞ് ജയിലിൽ എത്തിയതോടെ അതും പൊട്ടി.

എന്നിട്ടും തളർന്നില്ല. അടുത്ത പരോളിൽ ഫ്രൂട്ട് സ്റ്റാളുമായാണ് മണിച്ചൻ രംഗത്ത് എത്തിയത്. അതും പച്ച പിടിച്ചു വന്നു. മണിച്ചൻ ജയിലിൽ തിരിച്ചെത്തിയതോടെ അതും പൊട്ടി. പിന്നീട് ഈയടുത്ത കാലത്തായി ഫ്രഷ് മീൻ ഷോപ്പ് തുടങ്ങി. നല്ല മീൻ ആൾക്കാർക്കിടയിൽ എത്തിക്കാനുള്ള പരീക്ഷണമായിരുന്നു.എന്നാൽ അതിനും താഴ് വീണു. അങ്ങനെ ജയിലിൽ കിടന്ന് തൊട്ട ബിസിനസിലെല്ലാം മണിച്ചന് കൈപൊള്ളി. എന്നിട്ടും പിന്മാറാത്ത മണിച്ചന് ഇപ്പോൾ ചെറിയൊരു ഫ്രൂട്ട്സ് കടയുണ്ട്. ഈ കട വിപൂലീകരിക്കാനാണ് ജയിലിൽ നിന്നിറങ്ങുമ്പോൾ മണിച്ചന്റെ തീരുമാനം.

20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മണിച്ചനെയും വിട്ടയക്കാൻ തീരുമാനിച്ചത്. ജയിൽ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം.

മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. പിന്നാലെ സുപ്രീംകോടതി ഉത്തരവ് മണിച്ചനും തുണയായി. ഇന്നലെയായിരുന്നു മോചനം. നെട്ടുകാൽത്തേരിയിലെ ജയിലിൽ നിന്ന് ഉച്ചയ്ക്ക് രണ്ടിന് ശേഷം കൂന്തള്ളൂരിൽ ഭാര്യ ഉഷയുടെ സഹോദരി കുഞ്ഞുമോളുടെ വസതിയിൽ എത്തി. ഭാര്യ ഉഷ, മകൾ റാണി എന്നിവർക്കൊപ്പം അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ''ഇനി ഒന്നും പറയാനില്ലെന്നും തന്നെ മോചിപ്പിച്ച ജയിൽ അധികൃതർക്കും തനിക്കുവേണ്ടി വാദിച്ച വക്കീലിനോടും എല്ലാറ്റിലുമുപരി ഈശ്വരനോടും നന്ദിയുണ്ടെന്നും'' മണിച്ചൻ പ്രതികരിച്ചു.

മധുരം വിളമ്പിയാണ് മണിച്ചന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ് വീട്ടുകാർ ആഘോഷിച്ചത്. ക്ഷീണിതനാണെന്നും കൂടുതലൊന്നും പറയാനില്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു. ആറ്റിങ്ങലിലുള്ള പഴക്കട നന്നായി നോക്കിനടത്തി ജീവിക്കുകയാണ് ഇനിയുള്ള കാലമെന്ന് മണിച്ചനും കുടുംബവും നേരത്തെതന്നെ പറഞ്ഞിരുന്നു. നേരത്തെ പരോളിൽ ഇറങ്ങിയ സമയത്ത് കട ആരംഭിച്ചിരുന്നു. കടനടത്തിപ്പിൽ മകൻ പ്രവീണും മണിച്ചനൊപ്പം കൂടും.