കോഴിക്കോട്: ജീവിതത്തിൽ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ഒരാൾക്ക് വൃക്കദാനം ചെയ്ത് ആ ജീവിതത്തിന് പുത്തൻ പ്രകാശം നൽകി ഡിവൈഎഫ്‌ഐ നേതാവ്.വയനാട് ചീയമ്പം പള്ളിപ്പടി സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ മണികണ്ഠനാണ് 37 കാരിയായ അമ്മയുടെയും മക്കളുടെയും രക്ഷകനായെത്തിയത്.ആരോഗ്യമന്ത്രി വീണ ജോർജ്ജ് പങ്കുവെച്ച കുറിപ്പിലൂടെയാണ് മണികണഠന്റെ ഈ സദ്പ്രവൃത്തി പുറം ലോകം അറിഞ്ഞത്.

എട്ട് വർഷം മുമ്പ് ഡിവൈഎഫ്ഐ നടത്തിയ മെഡിക്കൽ ക്യാംപിലാണ് മണികണ്ഠൻ അവയവദാന സമ്മതപത്രം നൽകിയത്.സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ എട്ട് മാസം മുമ്പ് വൃക്ക ദാനംചെയ്യാൻ സമ്മതമാണോയെന്ന് ചോദിച്ച് ഫോൺകോൾ എത്തി.വൃക്കകൾ രണ്ടും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതിക്കാണ് വൃക്ക വേണ്ടതെന്നും അവർ രണ്ടുമക്കളുടെ അമ്മയാണെന്നും അറിഞ്ഞതോടെ മണി കണ്ഠൻ അവയവ ദാനത്തിന് തയ്യാറായി.

പിന്നാലെ ഡിവൈഎഫ്‌ഐ ഇരുളം മേഖലാ സെക്രട്ടറിയായ മണികണ്ഠന്റെ മാതൃകാപ്രവർത്തനത്തെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെ രംഗത്തെത്തി.മനുഷ്യ നന്മയുടെ പര്യായമാണ് മണികണ്ഠൻ എന്ന് മന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. സ്വന്തം വൃക്ക നൽകാൻ മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യസ്നേഹമാണ്. മറ്റുള്ളവരെ കരുതാനും ചേർത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠൻ. രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ്. മണികണ്ഠനും വൃക്ക സ്വീകരിച്ച ആളും എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠൻ. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മയ്ക്കാണ് അവരുടെ ജീവൻ രക്ഷിക്കാൻ മണികണ്ഠൻ വൃക്ക നൽകിയത്. ഡിവൈഎഫ്ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ൽ അവയവദാനത്തിന് മണികണ്ഠൻ സമ്മതപത്രം നൽകിയിരുന്നു.

8 വർഷങ്ങൾക്കിപ്പുറം മാസങ്ങൾക്ക് മുമ്പ് വൃക്ക ദാനം ചെയ്യാൻ തയ്യാറാണോയെന്ന അന്വേഷണത്തോട് തയ്യാറാണെന്ന് മണികണ്ഠൻ പ്രതികരിച്ചു. ഇരു വൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ച യുവതിക്കാണ് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠൻ വൃക്ക നൽകാൻ തയ്യാറായത്. അവരുടെ പേരോ അവസ്ഥയോ ഒന്നും മണികണ്ഠന് അറിഞ്ഞുകൂടായിരുന്നു. പിന്നീട് നിയമ നടപടികളും മെഡിക്കൽ നടപടികളും പൂർത്തിയാക്കി ശസ്ത്രക്രിയ നടത്തി.

മനുഷ്യ നന്മയുടെ പര്യായമാണ് ഇന്ന് മണികണ്ഠൻ. സ്വന്തം വൃക്ക നൽകാൻ മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യസ്നേഹമാണ്. മറ്റുള്ളവരെ കരുതാനും ചേർത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠൻ. സിപിഐ എം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ് സഖാവ് മണികണ്ഠൻ. മണികണ്ഠനും വൃക്ക സ്വീകരിച്ച ആളും എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ.

വൃക്ക സ്വീകരിച്ചയാൾ എന്നേക്കാൾ ഊർജ്ജസ്വലയായിരിക്കട്ടേ എന്നാണ് മണികണ്ഠൻ പറയുന്നത്. ഒപ്പം താൻ ചെയ്തത് പോലെ ഇനിയും ഒരു പാട് പേർ അവയവ ദാനത്തിന് മുന്നിറങ്ങിയാൽ എത്രയോ പേർക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനാവുമെന്നും മണികണ്ഠൻ പറയുന്നു