- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യാന്മാറിലേയും ബംഗ്ലാദേശിലേയും കുടിയേറ്റം ചർച്ചയാക്കി എസ് ടി പദവി നേടാൻ മെയ്തികൾ; സംവരണത്തിൽ വെള്ളം ചേർക്കാനുള്ള നീക്കത്തിനെതിരെ ഗോത്ര മേഖലയിലെ ക്രൈസ്തവരും; കുക്കികൾ രണ്ടും കൽപ്പിച്ചെത്തിയപ്പോൾ മണിപ്പൂർ കത്തുന്നു; ഷൂട്ട് സൈറ്റ് സമാധാനം കൊണ്ടു വരുമെന്ന് പ്രതീക്ഷ; മണിപ്പൂർ കത്തുമ്പോൾ
ന്യൂഡൽഹി: ഗോത്ര മേഖലകളിൽ തുടങ്ങിയ കലാപം മണിപ്പുരിലാകെ ആളിപ്പടരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച കലാപം ഇന്നലെ രാവിലെയോടെ നിയന്ത്രണവിധേയമായെങ്കിലും സൈനിക, അർധസേനാ വിഭാഗങ്ങൾ സംസ്ഥാനത്തുടനീളം ജാഗ്രതയിലാണ്. ഇന്നലെ മുതൽ 5 ദിവസത്തേക്ക് മണിപ്പുരിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. തലസ്ഥാനമായ ഇംഫാലിലടക്കം നിരോധനാജ്ഞ ഏർപ്പെടുത്തി.
അക്രമികളെ വെടിവച്ചു വീഴ്‌ത്താൻ 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ് പുറപ്പെടുവിക്കണമെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാർശ ഗവർണർ അനുസൂയ ഉയ്‌കെ അംഗീകരിച്ചു. കുഴപ്പങ്ങളുണ്ടാകുമ്പോൾ സംസ്ഥാനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രത്തെ ചുമതലപ്പെടുത്തുന്ന ഭരണഘടനയുടെ 355ാം വകുപ്പ് പ്രകാരമാണ് മണിപ്പുരിന്റെ സുരക്ഷാ ചുമതല കേന്ദ്രം ഏറ്റെടുത്തത്. മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ ഫോണിൽ വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ബിജെപി ഭരണത്തിലുള്ള വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽ സംവരണ വിഷയത്തെ ചൊല്ലിയുള്ള കലാപം രൂക്ഷമായി എന്നതാണ് ഇതിൽ തെളിയുന്നത്.
മണിപ്പുരിലെ പ്രബലമായ മെയ്ത്തീ സമുദായക്കാരും ഗോത്ര വിഭാഗമായ കുക്കികളുമായി രണ്ടു ദിവസമായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് പ്രതിസന്ധിയാകുന്നത്. തലസ്ഥാനമായ ഇംഫാലിലും അക്രമസംഭവങ്ങൾ റിപ്പോർട്ടുചെയ്തു. ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്ത്തീ വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ എന്ന സംഘടന ചുരാചാന്ദ്പുർ ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണു സംസ്ഥാനത്തുടനീളം കലാപമായത്. മറുവശത്ത്, മെയ്ത്തീ വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പുർ എന്ന സംഘടനയും രംഗത്തിറങ്ങിയതോടെ, ചേരിതിരിഞ്ഞുള്ള പോരിനു സംസ്ഥാനം സാക്ഷിയായി.
സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്ത്തീ വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരായി ഗോത്ര വിഭാഗമായ കുക്കികൾ രംഗത്തുവന്നതാണ് കലാപത്തിലേക്ക് നയിച്ചത്. സമുദായ സംഘർഷത്തെ വർഗീയതലത്തിലേക്ക് മാറ്റാനും ബോധപൂർവ്വ ഇടപടെൽ നടന്നു. സംഘർഷത്തിൽ ഏതാനും പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 6 പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. പ്രതിഷേധക്കാർ വീടുകൾക്കും സർക്കാർ മന്ദിരങ്ങൾക്കും തീവച്ചു. പൊലീസിനു നിയന്ത്രിക്കാനാവാത്ത വിധം സംഘർഷം വ്യാപിച്ചതോടെ, മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ബുധനാഴ്ച വൈകിട്ട് കരസേനയും അർധസേനയും രംഗത്തിറങ്ങി. ഇന്നലെ പുലർച്ചെയോടെ 7500 പേരെ സേന സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സേന ഫ്‌ളാഗ് മാർച്ച് നടത്തി. തന്റെ സംസ്ഥാനമായ മണിപ്പുർ കത്തുകയാണെന്നും സഹായിക്കണമെന്നും ബോക്‌സിങ് താരം മേരി കോം ബുധനാഴ്ച രാത്രി വിഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. മലനിരകളിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിലാണു ഗോത്ര വിഭാഗക്കാർ ഏറെയുള്ളത്. താഴ്‌വാരത്തുള്ള ജില്ലകളിൽ മെയ്ത്തീക്കാണു ഭൂരിപക്ഷം. ഗോത്ര വിഭാഗങ്ങൾക്കു നിലവിൽ പട്ടികവർഗ പദവിയുണ്ട്. മെയ്ത്തീ കൂടി അതിലേക്കെത്തിയാൽ അവകാശങ്ങൾ നഷ്ടപ്പെടുമെന്നാണു ഗോത്ര വിഭാഗങ്ങളുടെ ആശങ്ക.
മ്യാന്മറിൽനിന്നും ബംഗ്ലാദേശിൽനിന്നുമുള്ളവർ നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ടു നേരിടുന്നതായാണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്കു താമസിക്കാൻ അനുവാദമില്ല. മെയ്തി വിഭാഗത്തെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധം ഉയർത്തിയത്. ചുരാചന്ദ്പുരിൽ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (എ.ടി.എസ്.യു.എം.) വിളിച്ചുചേർത്ത ട്രൈബൽ സോളിഡാരിറ്റി മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. മെയ്തി വിഭാഗത്തിന് എസ്.ടി. പദവി നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും ഗോത്രവിഭാഗങ്ങളും മെയ്തി വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു.
ഗോത്രവർഗ മേഖലയായ ചുരാചന്ദ്പുർ, സിങ്നാഥ്, മുവാല്ലം തുടങ്ങിയ മേഖലകളിലാണ് സംഘർഷം വ്യാപിക്കുന്നത്. നിരവധി ഗോത്രവർഗ വീടുകളും വനം വകുപ്പിന്റെ ഓഫീസുകളുമെല്ലാം തീവെച്ച് നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്. കാങ്വായി തുർബുങ് മേഖലയിൽ ജനക്കൂട്ടം പരസ്പരം കല്ലെറിയുകയും ബിഷ്ണുപുരിൽ ചില സ്മാരകങ്ങൾ തീവെച്ചുനശിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. മെയ്തി വിഭാഗമാണ് ആക്രമണം അഴിച്ചുവിടുന്നതെന്നാണ് ഗോത്രവിഭാഗങ്ങളുടെ ആരോപണം. മണിപ്പുരിൽ 53 ശതമാനം ജനസംഖ്യയുള്ള വിഭാഗമാണ് മെയ്തി സമുദായം. മ്യാന്മറിൽനിന്നും ബംഗ്ലാദേശിൽനിന്നുമുള്ള കുടിയേറ്റം തങ്ങളുടെ നിലനിൽപിന് ഭീഷണി സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ്തികൾ സംവരണത്തിനുള്ള ആവശ്യം ഉന്നയിക്കുന്നത്.
ഭരണകക്ഷിയായ ബിജെപി. അനുകൂല വിഭാഗമായ മെയ്തികൾക്ക് എസ്.ടി. പദവി നൽകാനുള്ള നീക്കമാണ് ഇപ്പോൾ ഗോത്രവർഗ വിഭാഗങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ