കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി മനോഹരന്റെ കുടുംബം രംഗത്ത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് വരുത്താൻ ആസൂത്രിത ശ്രമം നടക്കുന്നതായി കുടുംബം ആരോപിച്ചു. മനോഹരന് മർദനമേറ്റെന്നും ഹൃദയാഘാതമുണ്ടായെങ്കിൽ അതിനുത്തരവാദികൾ പൊലീസ് തന്നെയെന്നും അമ്മ പങ്കജവും സഹോദരൻ വേണുവും പറഞ്ഞു.

ഹൃദയാഘാതമാണ് മനോഹരന്റ മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് കുടുംബം നിലപാടിലുറച്ച് രംഗത്ത് വന്നത്. ഹൃദയാഘാതം മൂലമാണ് മരണമെങ്കിലും അതിലേക്ക് നയിച്ച കാരണം പൊലീസ് മർദനം തന്നെയെന്ന് അമ്മ പങ്കജവും, സഹോദരൻ വേണുവും ആരോപിക്കുന്നു.

മറ്റ് അസുഖങ്ങളൊന്നും മനോഹരന് ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്തുവെച്ച് പൊലീസ് മർദ്ദിച്ചു. രമ എന്ന സ്ത്രീ ഇത് കണ്ടിട്ടുമുണ്ട്. ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചതിലൂടെ സംഭവസ്ഥലത്ത് വെച്ച് അദ്ദേഹം മദ്യപിച്ചിരുന്നില്ല എന്നത് വ്യക്തമായതാണ്. പിന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോയത് എന്തിനാണെന്നും മനോഹരന്റ കുടുംബം ചോദിക്കുന്നു.

തൃപ്പൂണിത്തുറ ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരനാണ് (52) എസ്‌ഐയുടെ ക്രൂരതയിൽ മരിച്ചത്. കൈകാണിച്ചു വണ്ടി നിറുത്താതെതന്നെ നിയമലംഘനത്തിന് പിഴ ചുമത്താനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് ഉണ്ടായിരിക്കെയാണ് ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് അടിച്ചത്. കുറ്റക്കാരനായ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും മനോഹരന്റെ ഉറ്റവരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും രോഷത്തിന് ഇനിയും ശമനമായില്ല.

വീട്ടിലേക്കെത്താൻ കഷ്ടിച്ച് 50 മീറ്റർ അകലെ വച്ചാണ് പൊലീസ് കൈകാണിച്ചത്. നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ ജീപ്പിൽ പിന്തുർന്ന് തടഞ്ഞാണ് എസ്‌ഐ കരണത്തടിച്ച് ജീപ്പിലേക്ക് വലിച്ചിട്ടത്. മനോഹരനെ ജാമ്യത്തിലെടുക്കാൻ എത്തിയ സുഹൃത്തിനോട് നടന്ന സംഭവങ്ങൾ വിവരിക്കേ, സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചേരാനല്ലൂരിലെ സ്‌പെയർ പാർട്ട് സ്ഥാപനമടച്ച് സുഹൃത്തിനെ കണ്ടു മനോഹരൻ മടങ്ങുമ്പോഴായിരുന്നു ശനിയാഴ്ച രാത്രി 8.45ന് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.

ഇരുമ്പനത്തെ വീട്ടിലെത്തി മനോഹരന്റെ ബന്ധുക്കളെ കണ്ട കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ മനോഹരന്റെ കുടുംബത്തെ പൊലീസ് സംരക്ഷിക്കണമെന്നും പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ലീഗൽ സെൽ രൂപീകരിച്ച് കുടുംബത്തിന് നിയമ പോരാട്ടത്തിന് പിന്തുണ നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കുടുംബത്തിൽ നിന്നും മൊഴിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

പൂർണ ആരോഗ്യവാനായിരുന്നു മനോഹരൻ എന്ന് ബന്ധുക്കൾ വ്യക്തമാക്കി. മരണത്തിന് പൊലീസ് മർദ്ദനം തന്നെയാണ് കാരണം. മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും മനോഹരനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത് ദുരൂഹമാണെന്നും സത്യം പുറത്ത് വരണമെന്നും കുടുംബം ആവശ്യപ്പെട്ടു. എസ്‌ഐയെ സസ്‌പെന്റ് ചെയ്ത നടപടിയിൽ തൃപ്തരല്ലെന്നും സംഭവത്തിലുൾപ്പെട്ട മറ്റ് പൊലീസുരകാർക്കെതിരെയും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മനോഹരന്റെ മരണത്തിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിച്ചതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. മൃഗങ്ങളുടെ സ്വഭാവമാണ് കേരള പൊലീസിനെന്ന് വീണ്ടും വ്യക്തമായതായി അദ്ദേഹം വിമർശിച്ചു. കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തിലും കൂടുതൽ പൊലീസുകാർക്ക് എതിരെ നടപടിയെടുക്കുന്ന കാര്യത്തിലും അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.