- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കരുതിയത് ഭൂമികുലുക്കമെന്ന് ദൃക്സാക്ഷികൾ; വരാപ്പുഴയിലെ പടക്കശാലയിൽ ഉണ്ടായത് ഉഗ്രസ്ഫോടനം; രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം; ഒരാളുടെ മൃതദേഹവും കണ്ടെടുത്തു; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ഒരുനില വീട് പൂർണ്ണമായും തകർന്നടിഞ്ഞു; രണ്ടുകുട്ടികളടക്കം നാല് പേരുടെ നില ഗുരുതരം
കൊച്ചി: വരാപ്പുഴയിലെ പടക്കശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ നടുക്കം വിട്ടൊഴിയാതെ പ്രദേശവാസികൾ. പടക്കം സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായത് ഉഗ്രസ്ഫോടനമാണെന്നും ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയതെന്നും പ്രദേശവാസികൾ പറയുന്നു. പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലാണ്.
സ്‌ഫോടനമുണ്ടായ സ്ഥലത്തുനിന്നും ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൂന്ന് കുട്ടികളടക്കം ആറുപേരെ ആശുപത്രിയിൽ പ്രവേശിച്ചതായാണ് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചിട്ടുള്ളത്. രണ്ടുകുട്ടികളടക്കം നാല് പേരുടെ നില ഗുരുതരമാണ്. ഒരാളെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജെൻസൺ, ഫെഡ്രീന, കെ ജെ മത്തായി, എസ്തർ, എൽസ, ഇസബെൽ, നീരജ എന്നിവർക്കാണ് പരിക്കേറ്റത്. ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരതരമാണ്. തീ നിയന്ത്രണവിധേയമായെന്നു ജില്ലാ കലക്ടർ രേണു രാജ് അറിയിച്ചു. പടക്ക നിർമ്മാണത്തിന് ലൈസൻസുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.
തൊട്ടടുത്തുള്ള വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലാണ്. പ്രദേശത്തെ മരങ്ങൾ കരിഞ്ഞുണങ്ങി. സംഭവ സ്ഥലത്തിന്റെ ഒന്നര കിലോമീറ്ററിലേറെ ദൂരത്തിൽ പ്രകമ്പനം ഉണ്ടായാതായാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്.
ധാരാളം വീടുകളുള്ള, ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. അതുകൊണ്ട് ലൈസൻസോടെയാണോ ഇതിന്റെ പ്രവർത്തനം എന്നതിൽ വ്യക്തയില്ല. അത് സംബന്ധിച്ച് അന്വേഷണത്തിലാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുള്ളത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്.
പടക്കങ്ങൾ ചിതറിക്കിടക്കുന്നതുകൊണ്ട് ചെറിയ പൊട്ടിത്തെറികൾ ഇപ്പോഴും തുടരുന്നുണ്ട്. അതെല്ലാം നിയന്ത്രണത്തിലാണെന്നാണ് പൊലീസും അഗ്‌നിശമനസേനയും പറയുന്നത്. പത്തോളം അഗ്‌നിശമന സേനാ യൂണിറ്റുകൾ ഇതിനോടകം സ്ഥലത്തെത്തി പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുണ്ട്.
വർഷങ്ങൾ പഴക്കമുള്ള വീട്ടിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. ഈ വീട്ടിൽ ആരും താമസിച്ചിരുന്നില്ല. തൊട്ടടുത്ത വീട്ടിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നവർ താമസിച്ചിരുന്നത്. സഹോദരങ്ങളാണ് ഇത് നടത്തി കൊണ്ടിരുന്നത്. ഒന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ജോലി ചെയ്തിരുന്നു.
സ്ഫോടനത്തിന് ശേഷം ആകെ പുകയിലും തീയിലും പ്രദേശം മുങ്ങി നിന്നതിനാൽ അഗ്‌നിശമന സേന എത്തിയതിന് ശേഷമാണ് പ്രദേശവാസികൾക്കും മറ്റും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാനായത്. പുക മാറി നിന്നയുടൻ പരിശോധനയ്ക്കിറങ്ങിയപ്പോൾ തന്നെ ഒരു മൃതദേഹം കണ്ടെത്തനായതായി ദൃക്സാക്ഷി പറഞ്ഞു. മരിച്ചയാളെ തിരിച്ചറിയനായിരുന്നില്ല. ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സ്ഫോടനത്തെ തുടർന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ 15 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെന്നു പൊലീസ് പറഞ്ഞു. വൻ ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായതെന്നും ഭൂമികുലുക്കമാണെന്നാണു കരുതിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ