മൂവാറ്റുപുഴ: കുറച്ചു കാലമായി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ സിപിഎമ്മിന്റെ കണ്ണിൽ കരടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട കള്ളത്തരങ്ങൾ തുറന്നു കാണിച്ചതു മുതൽ പ്രശ്‌നങ്ങൾ തുടങ്ങിയതാണ്. അതുകൊണ്ട് തന്നെ മാത്യു കുഴൽനാടന് പണി കൊടുക്കാൻ അവസരം കിട്ടിയാൽ അതൊന്നും സഖാക്കൾ മിസ്സാക്കാറില്ല. ഈ അത്തരമൊരു പകപോക്കൽ ശ്രമം കൈയോടെ പൊളിച്ചതോടെ ജാള്യത തീർക്കാൻ കഴിയാതെ തടിയെടുത്തിരിക്കായാണ് സിപിഎം.

മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരുള്ള വീട്ടിലേക്ക് അനധികൃതമായി മണ്ണടിക്കുന്നു എന്ന് പരാതിപ്പെട്ട് രംഗത്തുവന്ന സഖാക്കളാണ് ഇളിഭ്യരായി മടങ്ങേണ്ടി വന്നത്. മാത്യു വ്യാജ പാസ് ഉപയോഗിച്ചു മണ്ണടിച്ചു എന്നതായിരുന്നു പരാതി. എംഎൽഎയെ വെട്ടിലാക്കാൻ സുവർണാവസരം ലഭിച്ചെന്ന് വിചാരിച്ചു പാഞ്ഞെത്തിയവരാണ് ഇളിഭ്യരായി മാടങ്ങേണ്ടി വന്നത്. പോത്താനിക്കാട് ലോക്കൽ സെക്രട്ടറി എ കെ സിജു, പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി റാജി വിജയൻ തുടങ്ങിയവരാണ് എംഎൽഎയുടെ വീട് പരിസരത്തേക്ക് മണ്ണടിക്കുന്നത് തടയാൻ എത്തിയത്.

പ്രദേശത്തെ റോഡിന് വീതി കൂട്ടാൻ വേണ്ടി സ്ഥലം വിട്ടു നൽകിയത് എംഎൽഎ തന്നെയായിരുന്നു. ഇതിനെ തുടർന്ന് മുറ്റം റോഡിന്റെ ഭാഗമായപ്പോൾ മറ്റൊരു വശത്ത് മണ്ണടിച്ചു മുറ്റം വലുതാക്കുകയായിരുന്നു എംഎൽഎ. ഇതിനായി പാസെടുത്തു ലോറിയിൽ മണ്ണടിക്കവേയാണ് ഉടക്കുമായി സഖാക്കൾ എത്തിയത്. എംഎൽഎ അനധികൃതമായി മണ്ണടിക്കുന്നു എന്ന ആക്ഷേപവുമായിട്ടാണ അവർ എത്തിയത്. ഇവർ തടയാൻ എത്തിയപ്പോൾ താൻ എല്ലാ അനുമതിയോടും കൂടിയാണ് മണ്ണടിക്കുന്നത് എന്ന് എംഎൽഎ പറഞ്ഞു. ഇതോടെ പൊലീസിനെ വിളിക്കുകയാണ് മാത്യു ചെയ്തത്.

പൊലീസ് എത്തിയപ്പോൾ പാസ്സ് പരിശോധിച്ച ശേഷം എല്ലാം ക്ലിയറാണല്ലോ എന്നു പറഞ്ഞതോടെ സഖാക്കൾക്ക് മിണ്ടാട്ടം മുട്ടി. ഇതോടെ മുട്ടാന്യായങ്ങൾ നിരത്തി പിടിച്ചു നിൽക്കാനാണ് പിന്നീട് ശ്രമിച്ചത്. 2022 നവംബർ ഒമ്പതുമുതൽ 11 വരെ മണ്ണടിക്കാനുള്ള പാസാണ് എടുത്തിരുന്നത്. കല്ലൂർക്കാട് കൊച്ചുമുറ്റംവീട്ടിൽ ഷിജു ജോർജ് എന്നയാളുടെ പുരയിടത്തിൽനിന്ന് മണ്ണെടുക്കുന്നു എന്നാണ് പാസിലുള്ളത്. എന്നാൽ, മണ്ണ് നിക്ഷേപിക്കുന്ന സ്ഥലത്തെക്കുറിച്ച് പാസിലില്ലെന്നായിരുന്നു സഖാക്കളുടെ വാദം.

മാത്യു കുഴൽനാടൻ പൈങ്ങോട്ടൂർ എന്നു മാത്രമാണുള്ളത്. കുഴൽനാടന്റെ പേരിൽ പൈങ്ങോട്ടൂരിൽ പലയിടത്തും സ്ഥലമുണ്ട്. ഇതിൽ ഏത് സ്ഥലത്തേക്കാണെന്നോ പാടമാണോ അല്ലയോ എന്നോ പാസിൽ പറയുന്നില്ലെന്നും സർവേ നമ്പർ ഇല്ലെന്നും വാദച്ചു. എന്നാൽ, ഈ വാദങ്ങൾ എല്ലാം പൊലീസ് തള്ളുകയായിരുന്നു. ഇതോടെ തടയാൻ എത്തിയ സഖാക്കൾ തലയും താഴ്‌ത്തി സ്ഥലം വിടുകയായിരുന്നു.

സംഭവത്തിന് ശേഷവും നുണപ്രചരണവുമായി പ്രദേശത്തെ സഖാക്കൾ രംഗത്തുണ്ട്. പഞ്ചായത്തിൽ എവിടെ വേണമെങ്കിലും മണ്ണടിക്കാവുന്നതരത്തിൽ സ്വാധീനം ഉപയോഗിച്ച് തരപ്പെടുത്തിയ വ്യാജ പാസ് ഉപയോഗിച്ചെന്നും പാടശേഖരം മണ്ണിട്ട് നികത്തിയെന്നുമാണ് പ്രചരണം. സംഭവത്തിൽ ഇതുസംബന്ധിച്ച് മൂവാറ്റുപുഴ ആർഡിഒ, തഹസിൽദാർ എന്നിവർക്ക് പരാതി നൽകുമെന്ന് സിപിഎം നേതാവ് സാബു മത്തായി തൊട്ടിയിൽ പറഞ്ഞു. സംഭവത്തെ ചൊല്ലി സൈബറിടത്തിലും വാക്‌പോര് നടക്കുന്നുണ്ട്.