- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളെക്കുറിച്ച് എനിക്കഭിമാനം; ഒരേ കലാലയത്തിൽ പഠിക്കാൻ കഴിഞ്ഞു എന്നതിൽ അതിയായ സന്തോഷവും; നിർഭയമായി പോരാട്ടം തുടരുക; നിങ്ങളുടെ വാക്കുകൾ തീപ്പന്തമാകുന്നത് കാണാൻ കാത്തിരിക്കുന്നു; കാപട്യങ്ങളുടെ അരക്കില്ലങ്ങൾ എരിഞ്ഞടങ്ങട്ടെ! മാത്യു കുഴൽനാടന് അഭിവാദ്യങ്ങളുമായി സനൽകുമാർ ശശിധരൻ
തിരുവനന്തപുരം: ലൈഫ് മിഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണ ശരമുയർത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽ നാടന് അഭിവാദ്യം അർപ്പിച്ച് സിനിമാ സംവിധായകൻ സനൽകുമാർ ശശിധരൻ.
മാത്യു കുഴൽനാടൻ, നിങ്ങളെക്കുറിച്ച് എനിക്കഭിമാനം തോന്നുന്നു. നിങ്ങൾക്കൊപ്പം ഒരേ കലാലയത്തിൽ പഠിക്കാൻ കഴിഞ്ഞു എന്നതിൽ അതിയായ സന്തോഷവും. നിർഭയമായി നിങ്ങളുടെ പോരാട്ടം തുടരുക. നിങ്ങളുടെ വാക്കുകൾ തീപ്പന്തമാകുന്നത് കാണാൻ കാത്തിരിക്കുന്നു. കാപട്യങ്ങളുടെ അരക്കില്ലങ്ങൾ എരിഞ്ഞടങ്ങട്ടെ! അഭിവാദ്യങ്ങൾ-ഫെയ്‌സ് ബുക്കിൽ സനൽകുമാർ ശശിധരൻ കുറിച്ചു. ലൈഫ് മിഷൻ കോഴക്കേസിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് മാത്യൂ കുഴൽനാടൻ ചർച്ചകൾ പുതിയ തലത്തിലെത്തിച്ചു. അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിലാണ് ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്സ്ആപ് സന്ദേശങ്ങൾ ഉന്നയിച്ചാണ് കുഴൽനാടൻ കടന്നാക്രമിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ട് വച്ചായിരുന്നു കുഴൽനാടന്റെ ആക്രമണം.
ശിവശങ്കറും സ്വപ്ന സുരേഷും കോൺസൽ ജനറലും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നു റിമാൻഡ് റിപ്പോർട്ടിലുണ്ടെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. എന്നാൽ ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റിമാൻഡ് റിപ്പോർട്ട് പച്ചക്കള്ളമാണെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കണമെന്നും മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നൽകാമെന്നും കുഴൽനാടൻ തിരിച്ചടിച്ചു. എന്നാൽ തനിക്ക് കുഴൽനാടന്റെ ഉപദേശം തേടേണ്ട കാര്യമില്ലെന്നും സർക്കാരിന്റെ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. തനിക്ക് ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാം. ഇദ്ദേഹത്തെ പോലെയുള്ളവരുടെ ഉപദേശം ഇപ്പോൾ ആവശ്യമില്ല. അംഗം ഏജൻസിയുടെ വക്കീലായി വാദിക്കുകയാണെന്നും വിമർശിച്ചു.
ശിവശങ്കറിന്റെ വാട്സ്ആപ് സന്ദേശങ്ങൾ ഓരോന്നായി കുഴൽനാടൻ എടുത്തുപയോഗിച്ചതോടെ ഭരണപക്ഷം ബഹളവുമായി എഴുന്നേറ്റു. കുഴൽനാടന് ഉറപ്പുണ്ടെങ്കിൽ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. സഭാ രേഖയിൽ ഉൾപ്പെടുത്താമെന്ന് സ്പീക്കർ ഉറപ്പുനൽകിയാൽ സഭയിൽ വയ്ക്കാമെന്നായി കുഴൽനാടൻ. ഇതോടെ മന്ത്രിമാർ അടക്കം ഭരണപക്ഷ അംഗങ്ങൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബഹളം വച്ചു. പ്രതിപക്ഷവും ബഹളവുമായി എഴുന്നേറ്റതോടെ സഭാ നടപടികൾ കുറച്ചുസമയത്തേക്ക് നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. പിന്നീട് വീണ്ടും സഭ ചേർന്നെങ്കിലും ചട്ടങ്ങളുയർത്തി മാത്യു കുഴൽനാടനെ അധിക സമയം സംസാരിക്കാൻ അനുവദിച്ചതുമില്ല.
മറുനാടന് മലയാളി ബ്യൂറോ