- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരബലി നടത്തി കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടോ എന്ന് മണത്തെടുക്കുന്നത് ബിൻ ലാദനെയും ബാഗ്ദാദിയെയും കണ്ടെത്താൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച ബെൽജിയൻ മലിനോയിസ് ഇനം നായ്ക്കൾ; 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിയും; മായക്കും മർഫിക്കും തീറ്റ 200 ഗ്രാം ഡ്രൈ ഫുഡും പാലും മുട്ടയും
പത്തനംതിട്ട: ഇലന്തൂരിൽ ഇരട്ട നരബലി നടത്തിയ ഭഗവൽ സിംഗിന്റെ വീട്ടിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ കേരളാ പൊലീസ് ഉപയോഗിക്കുന്നത് ബിൻ ലാദനെ പിടിക്കാനും ഭീകരസംഘടനാ തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ പിടികൂടാനും അമേരിക്കൻ സൈന്യത്തിന് തുണയായ ബെൽജിയൻ മലിനോയിസ് ഇനം നായ്ക്കളാണ്. കേരള പൊലീസിന്റെ അഭിമാനമായ മായ, മർഫി എന്നീ പൊലീസ് നായ്ക്കളെയാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. 2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായ്ക്കൾ ബൽജിയം മലിനോയിസ് എന്ന വിഭാഗത്തിൽ പെട്ടതാണ്. ഈയിനത്തിലെ 36 നായകളാണ് കേരളാ പൊലീസിന്റെ ഡോഗ് സ്വാഡിലുള്ളത്. പെട്ടിമുടി ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ തിരയാൻ പോയത് മായ എന്ന നായയായിരുന്നു. എട്ട് മൃതദേഹങ്ങളാണ് അന്ന് മായ പുറത്തെടുത്തത്. മാവോയിസ്റ്റുകളെ തെരയുന്നതിന് ഉൾപ്പെടെ ലക്ഷ്യമിട്ടാണു ബെൽജിയൻ മലിനോയിസ് നായ്ക്കളെ വാങ്ങിയത്.
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ബഗ്ദാദിയെ ഒളിത്താവളത്തിൽ വളഞ്ഞ യുഎസ് സൈനിക സംഘത്തിലുണ്ടായിരുന്ന കോനൻ എന്ന നായ ചെയ്ത സേവനങ്ങളെപ്പറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണു വെളിപ്പെടുത്തിയത്. തുടർന്ന് ഈ ഇനം നായയുടെ വില കുതിച്ചുയർന്നു. ഇവയുടെ ബുദ്ധിശക്തിയും താരത്തിളക്കവും ബോധ്യപ്പെട്ടാണു എഡിജിപി ടോമിൻ തച്ചങ്കരിയുടെ സംഘം പഞ്ചാബ് കെനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇവയെ വാങ്ങിയത്. 45 ദിവസം പ്രായമുള്ള ഒരു ബെൽജിയൻ മലിനോയിസ് നായ്ക്കുട്ടിയുടെ ഏകദേശ വില 90,000 രൂപയാണ്.
ബെൽജിയൻ മലെന്വ5, ലാബ്രഡോർ5, ബീഗിൾസ് 5 എന്നീ ഇനങ്ങളാണു വാങ്ങിയത്. മണം പിടിക്കാനുള്ള ശക്തിക്കു പുറമേ ആക്രമണകാരി കൂടിയാണു ബെൽജിയൻ മലിനോയിസ്. ഏറ്റുമുട്ടൽ സ്ഥലങ്ങളിൽ മിക്കപ്പോഴും ഇത്തരം നായ്ക്കളെയാണു സേന ആദ്യം വിടുക. സ്‌പെഷൽ പ്രൊട്ടക്?ഷൻ ഗ്രൂപ്പ്, ദേശീയ അന്വേഷണ ഏജൻസി, സിബിഐ എന്നീ സേനാ വിഭാഗങ്ങൾക്കെല്ലാം ബെൽജിയൻ മലിനോയിസ് നായ്ക്കളുണ്ട്. സ്‌ഫോടക വസ്തുക്കൾ, ലഹരി വസ്തുക്കൾ, കുഴി ബോംബുകൾ എന്നിവയെല്ലാം മണത്തു കണ്ടു പിടിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്.
മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുള്ളത്. 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താൻ ഈ നായ്ക്കൾക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുള്ള ലില്ലിയും മർഫിയും പരിശീലനം നേടിയത്.
ഊർജ്ജ്വസ്വലതയിലും ബുദ്ധികൂർമ്മതിയിലും വളരെ മുന്നിലാണ് ബൽജിയം മലിനോയിസ് എന്ന വിഭാഗത്തിൽ പെട്ട ഈ നായ്ക്കൾ. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യാൻ ഇവയ്ക്ക് കഴിയും. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുൾ പൊട്ടൽ മേഖലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്താൻ മായയോടൊപ്പം മർഫിയും ഉണ്ടായിരുന്നു.
കേരളാപൊലീസിൽ ബൽജിയം മലിനോയിസ് വിഭാഗത്തിൽപ്പെട്ട 36 നായ്ക്കളാണ് ഉള്ളത്. അവയിൽ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുള്ള ട്രാക്കർ വിഭാഗത്തിൽ പെട്ടവയാണ്. 13 നായ്ക്കളെ സ്‌ഫോടകവസ്തുക്കൾ കണ്ടെത്താൻ ഉപയോഗിക്കുന്നു. മയക്കുമരുന്ന് കണ്ടെത്താനുള്ള പ്രാഗത്ഭ്യം നേടിയത് മൂന്ന് നായ്ക്കളാണ്. മായയും മർഫിയും കൂടാതെ എയ്ഞ്ചൽ എന്ന നായ് കൂടി മൃതദേഹങ്ങൾ കണ്ടെത്താനുള്ള പരിശീലനം നേടിയിട്ടുണ്ട്.
ദിവസം രണ്ടു നേരമാണ് ഇവയ്ക്ക് ഭക്ഷണം. 200 ഗ്രാം ഡ്രൈ ഫുഡ് ആണ് രണ്ടുനേരവും നൽകുന്നത്. പുറമേ, പാലും മുട്ടയും ഉണ്ട്. ലോക് ഡൗൺ കാലത്ത്, പരീശീലനത്തിന്റെ തുടക്കത്തിൽ ബീഫും കാരറ്റും ഒക്കെ നൽകിയിരുന്നു. ഇപ്പോൾ, ഇതിന്റെയെല്ലാം സത്ത അടങ്ങിയ ഡ്രൈ ഫുഡ് ആണു നൽകുന്നത്. ഓരോ നായ്ക്കളെയും കൈകാര്യം ചെയ്യാൻ ഓരോരുത്തരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ വിദേശ രാജ്യങ്ങളിൽ നിന്ന് പരിശീലനം നേടിയവരടക്കം 4 പരിശീലകരും ഉണ്ട്. ഹവിൽദാർ പി.പ്രഭാതും പൊലീസ് കോൺസ്റ്റബിൾ ബോണി ബാബുവുമാണ് മായയുടെ പരിശീലകർ. മർഫിയെ പരിപാലിക്കുന്നത് സിവിൽ പൊലീസ് ഓഫീസർ ജോർജ് മാനുവൽ കെ.എസ്, പൊലീസ് കോൺസ്റ്റബിൾ നിഖിൽ കൃഷ്ണ കെ. ജി എന്നിവരാണ്.