- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എ ടി ആശുപത്രിക്ക് സമീപത്തെ വിശ്രമകേന്ദ്രം കോർപ്പറേഷൻ ഒന്നര വർഷം മുമ്പ് ബലമായി പിടിച്ചെടുത്തതും കരാർ നിയമനങ്ങൾ ലക്ഷ്യമിട്ട്; മനസ്സിൽ കണ്ടത് നിയമനങ്ങളും കേന്ദ്രഫണ്ടും; ഡി ആർ അനിൽ കത്തെഴുതിയെന്ന വെളിപ്പെടുത്തലും ഗൗരവതരം; അംശു വാമദേവനും അച്ചടക്കം ലംഘിച്ചെന്ന് വിലയിരുത്തൽ; കത്ത് വിവാദം സിപിഎമ്മിൽ കത്തുമ്പോൾ
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിക്ക് സമീപത്തെ വിശ്രമകേന്ദ്രം കോർപ്പറേഷൻ ഒന്നര വർഷം മുമ്പ് ബലമായി പിടിച്ചെടുത്തതും കരാർ നിയമനങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന. ഇപ്പോൾ പുറത്തു വന്ന കത്തുകൾ സൂചിപ്പിക്കുന്നതും ഇതുതന്നെ. ഇതിനിടെ അച്ചടക്കം ലംഘിച്ചവർക്കെതിരെ കർശന നടപടി എടുത്തേക്കും. ഡി ആർ അനിലിനും അംശു വാമദേവനും എതിരെ നടപടി വന്നേക്കും.
ഇടതുപക്ഷത്തിന്റെ കുത്തകയായ തിരുവനന്തപുരം കോർപറേഷനിലെ ഒഴിവുകളിലേക്ക് നിയമനം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വൻപൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. എസ്.എ.ടിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ. അനിൽ കത്ത് തയ്യാറാക്കിയിരുന്നുവെന്ന് സിപിഎം കൗൺസിലർ അംശു വാമദേവൻ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. ഇത് പാർട്ടിയെ കൂടുതൽ വെട്ടിലാക്കി. താൻ കത്ത് തയ്യാറാക്കുകയോ അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും മേയർ ആര്യ രാജേന്ദ്രൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ അംശു വാമദേവന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെ പാർട്ടി എടുക്കും.
ഇതിനൊപ്പമാണ് വിശ്രമ കേന്ദ്രം അഴിമതിയും എത്തുന്നത്. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് വമ്പൻ സംഘം പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് അവരാണ്. അഴിമതിയും കെടുകാര്യസ്ഥയും ആശുപത്രി വികസന സമിതിയുടെ പേരിൽ നടക്കുകയാണ്. കോവിഡ് സമയത്ത് പ്രത്യേക കിടക്കകൾ തയ്യാറാക്കാൻ എസ്.എ.ടി. വളപ്പിലെ ഈ ഡോർമെറ്ററി കെട്ടിടം ഉപയോഗപ്പെടുത്താൻ ആശുപത്രി അധികൃതർ തീരുമാനിച്ചതിന് പിന്നാലെയാണ് കോർപ്പറേഷൻ പിടിച്ചെടുത്തത്. ഔഷധ സൂക്ഷിപ്പുകേന്ദ്രത്തിന്റെ (ഇൻഹൗസ് ഡ്രഗ്ബാങ്ക്) സാധനങ്ങൾ ഈ കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇവ മാറ്റാൻ പോലും സമയം നൽകാതെയാണ് കെട്ടിടം കോർപ്പറേഷൻ പൂട്ടിയത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മറ്റ് രോഗികളെ ഈ ഡോർമെറ്ററിയിലേക്ക് മാറ്റാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചിരുന്നത്. കോർപ്പറേഷൻ കെട്ടിടം ഏറ്റെടുത്തതോടെ അതും നടന്നില്ല. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു സംഭവം.
മേയർ ആര്യാ രാേജന്ദ്രനും സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ.അനിലും ചേർന്നാണ് കെട്ടിടം പൂട്ടിയത്. ഇവിടത്തെ നിയമനങ്ങളും, കേന്ദ്രഫണ്ടും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് ആരോപണമുയർന്നിരുന്നു. ഈ വിശ്രമകേന്ദ്രത്തിലേക്ക് നിയമിക്കാൻ ഒമ്പതു പേരുടെ പട്ടിക ആവശ്യപ്പെട്ട് ഡി.ആർ.അനിൽ നൽകിയ കത്താണ് ഇപ്പോൾ പുറത്ത് വന്നത്. മെഡിക്കൽ കോളേജ് വാർഡിലെ കൗൺസിലറായ ഡി.ആർ.അനിൽ, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് കത്ത് നൽകിയത്. ഇവിടത്തെ നിയമനങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ പട്ടിക നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. കുടുംബ ശ്രീ അംഗങ്ങളുടെ പട്ടിക എങ്ങനെ ജില്ലാ സെക്രട്ടറി നൽകുമെന്നതാണ് ഉയരുന്ന ചോദ്യം.
തങ്ങൾ നിർമ്മിച്ചു നൽകിയ കെട്ടിടത്തിന്റെ നടത്തിപ്പ് കോർപ്പറേഷനാണെന്നായിരുന്നു മേയർ ആര്യാ രാജേന്ദ്രന്റെ വിശദീകരണം. ഏറ്റെടുത്തതിന് ശേഷം ഒന്നര വർഷത്തോളമായി ഈ കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്. എന്നാൽ ആശുപത്രി അടക്കമുള്ള സ്ഥാപനങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന കെട്ടിടങ്ങളുടെ നടത്തിപ്പ് ചുമതല അതത് സ്ഥാപനങ്ങൾക്ക് തന്നെയാണ് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നത്. തിടുക്കപ്പെട്ട് വിശ്രമകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തത് സ്വന്തം ആൾക്കാരെ നിയമിക്കുന്നതിനാണെന്ന ആരോപണമാണ് ഇപ്പോൾ സജീവമാകുന്നത്. ഇതിനിടെയാണ് പട്ടം വാർഡ് കൗൺസിലർ കൂടിയായ അംശു വാമദേവന്റെ വെളിപ്പെടുത്തൽ വരുന്നത്. പാർലമെന്ററി പാർട്ടി നേതാവ് എന്ന നിലയിലാണ് കത്ത് തയ്യാറാക്കിയത്. അതിൽ മുൻഗണ നൽകണമെന്നല്ല, കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിച്ചാണെന്ന് ചാനൽ ചർച്ചയ്ക്കിടെ അംശു വാമദേവൻ പറഞ്ഞു. തന്റേതെന്ന് പറഞ്ഞ് പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞ ഡി.ആർ അനിൽ ഈ പ്രസ്താവനയോടെ വീണ്ടും പ്രതിരോധത്തിലായി.
എസ് എ റ്റി ആശുപത്രിയിലെ കൂട്ടിരുപ്പുകാർക്കായി നിർമ്മിച്ചിരിക്കുന്ന വിശ്രമകേന്ദ്രം തുറക്കുന്നില്ലെന്നും തിരുവനന്തപുരം നഗരസഭ വൻ അലംഭാവം കാണിക്കുന്നുവെന്നും എന്ന തരത്തിൽ പത്ര വാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതിനായി രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണമെന്ന് കാട്ടി പാർലമെന്ററി സെക്രട്ടറി എന്ന നിലയിൽ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടാൻ കത്ത് തയ്യാറാക്കിയിരുന്നു. എന്നാൽ, കുടുംബശ്രീയുടെ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ചെയ്തതിനാൽ ആ കത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയില്ലെന്നുമാണ് ഡി ആർ അനിൽ പറഞ്ഞതെന്ന് അംശു വാമദേവൻ കൂട്ടിച്ചേർത്തു.
മേയറുടെ കത്തിന് പിന്നാലെ കഴിഞ്ഞമാസം 24ന് അനിൽ പാർട്ടിക്ക് നൽകിയ കത്തും പുറത്തുവന്നത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ 9 തസ്തികളിൽ നിയമനത്തിനായി കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് അനിൽ കത്തയച്ചത്. ഇതോടെ ഇരുപക്ഷവും വെട്ടിലായി. ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിലും. കോർപറേഷനിൽ ആര്യാ രാജേന്ദ്രൻ മേയറായതിന് പിന്നാലെ ഭരണം നടത്തുന്നത് ഡി ആർ അനിലാണെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് പുതിയ കത്തുകളും. അനിലാണ് പാർട്ടിക്കാര്യങ്ങൾ കോർപറേഷനിൽ നടപ്പാക്കുന്നത്. അത് അനുസരിക്കുകമാത്രമാണ് മേയറുടെ ജോലി. അനിലിന്റെ താളത്തിനൊത്ത് മേയർ തുള്ളുന്നുവെന്ന ആക്ഷേപം ഭരണസമിതിയ്്ക്ക് ഉള്ളിലുണ്ട്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരിൽ പലരും കടുത്ത അതൃപ്തിയിലാണ്. സ്വന്തം നിലയിൽ ആർക്കും തീരുമാനമെടുക്കാനാകില്ല. എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലും അനിലിന്റെ ഇടപെടലാണ്. ഇക്കാര്യം പാർട്ടിക്ക് മുന്നിലെത്തിയെങ്കിലും പാർട്ടി മനസിൽ കാണുമ്പോൾ അത് കോർപറേഷനിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും നടപ്പാക്കുന്ന അനിലിനെ പിണക്കാൻ പാർട്ടിയും തയ്യാറായില്ല. ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് അനിലിന്റെ നടപടികളെന്നത് പരസ്യമായ രഹസ്യമാണ്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നതിനുള്ള മുൻഗണനാ പട്ടിക തേടിയാണ് മേയറുടെ കത്ത് ജില്ലാ സെക്രട്ടറിക്ക് നൽകിയത് എന്ന തരത്തിലാണ് കത്ത് പുറത്തു വന്നത്. എന്നാൽ കത്ത് താൻ നൽകിയിട്ടില്ലെന്ന് മേയർ പറയുന്നു.
ആകെ ഒഴിവുകൾ 295 ആണെന്നും അതിൽ ഒരു പബ്ലിക് ഹെൽത് എക്‌സ്പേർട്ടിന്റെ ഒഴിവുണ്ടെന്നും വിശദീകരിക്കുന്നു കത്തിൽ. 74 ഡോക്ടർമാരുടേയും ഒഴിവുണ്ട്. സ്റ്റാഫ് നഴ്‌സ് 66 പേരേയും വേണം. ഫാർമസിസ്റ്റ് 64 പേരേയും ലാബ് ടെക്‌നിഷ്യന്മാരായി 23 പേരേയും വേണം. തൂപ്പു ജോലിക്ക് 59 ഒഴിവുണ്ട്. ഒ്രേപ്രാമട്രിസ്റ്റുമാരായി രണ്ടു പേരെ വേണം. പാർട്ട് ടൈം സ്വീപ്പർമാരുടെ ഒഴിവ് ആറെണ്ണമാണെന്നും കത്തിൽ പറയുന്നു. ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഓൺലൈനായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും കത്തിൽ പറയുന്നു. ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ സിപിഎം സെക്രട്ടറിയോട് മേയർ ആവശ്യപ്പെടുന്നത്.
എന്നാൽ മെഡിക്കൽ കോളേജ് എസ് എ ടി ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ മഖേന ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നുമാണ് ഡി.ആർ.അനിൽ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്രമകേന്ദ്രത്തിൽ മാനേജർ, കെയർ ടേക്കർ അടക്കം ഒൻപത് ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് ഒക്ടോബർ 24ാം തീയതി ഡി.ആർ. അനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. കത്തിൽ ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം വിവരിക്കുന്നുണ്ട്. ഡി.ആർ. അനിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.
മറുനാടന് മലയാളി ബ്യൂറോ