- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറവിടം കണ്ടെത്താൻ മനോരമ ലേഖകനെ ചോദ്യം ചെയ്താൽ മതി; ആ ലേഖകന് എവിടുന്ന് കിട്ടിയെന്നും അഥവാ ആരെങ്കിലും അയച്ചുകൊടുത്തതാണെങ്കിൽ അതാരെന്നും അറിഞ്ഞാൽ 24 മണിക്കൂറിനകം ഉറവിടം കണ്ടെത്താം; ദേശാഭിമാനിക്കാരൻ പറഞ്ഞതു ചെയ്താൽ സത്യം തെളിയും; എന്നിട്ടും ഒന്നും ചെയ്യാതെ ക്രൈംബ്രാഞ്ച്; കത്തിൽ ഓംബുഡ്‌സ്മാൻ ഇടപെടൽ നിർണ്ണായകം
തിരുവനന്തപുരം: കത്തു വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രനു തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പി.എസ്.ഗോപിനാഥൻ നോട്ടിസ് നൽകിയതോടെ സിപിഎമ്മും സർക്കാരും ആശങ്കയിൽ. മേയർക്കും സർക്കാരിനും ഹൈക്കോടതി നോട്ടിസ് നൽകിയതിനു പിന്നാലയാണിത്. അതിനിടെ കത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ എല്ലാവരും സംശയത്തോടെയാണ് കാണുന്നത്. കോടതി ഇടപെടലുകൾ വിനയാകുമെന്നും വിലയിരുത്തലുണ്ട്. അതിനിടെ ദേശാഭിമാനിയിലെ പ്രധാനിയായ രഘു മാട്ടുമ്മലിന്റെ ഫെയ്‌സ് ബുക്കിലെ എഴുത്തും ചർച്ചയാകുന്നുണ്ട്. അന്വേഷണത്തിൽ പ്രസക്തമായ കാര്യങ്ങളാണ് അദ്ദേഹം ഫെയ്‌സ് ബുക്കിൽ എഴുതുന്നത്.
മേയർ അങ്ങനെയൊരു കത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് മനോരമയും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ കത്ത് വ്യാജമാണ്. ഈ വ്യാജനെ ആദ്യം പ്രസിദ്ധീകരിച്ചത് മനോരമയാണ്. അതുകൊണ്ട് തന്നെ ഉറവിടം കണ്ടെത്താൻ അധികം ബുദ്ധിമുട്ടൊന്നുമില്ല. മനോരമ ലേഖകനെ ചോദ്യം ചെയ്താൽ മതി. ആ ലേഖകന് എവിടുന്ന് കിട്ടിയെന്നും അഥവാ ആരെങ്കിലും അയച്ചുകൊടുത്തതാണെങ്കിൽ അതാരെന്നും അറിഞ്ഞാൽ 24 മണിക്കൂറിനകം ഉറവിടം കണ്ടെത്താം. ഇതിൽ വലിയ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഒന്നും പ്രശ്‌നമില്ല. വ്യാജ രേഖ ചമയ്ക്കലാണ്-ഇതാണ് രഘുവിന് പറയാനുള്ളത്. ഇതു ചെയ്താൽ തന്നെ ക്രൈംബ്രാഞ്ചിന് കത്തിൽ വ്യക്തത വരുത്താം. എന്നാൽ അത് ചെയ്യുന്നുമില്ല. ഇതു കാരണമാണ് അന്വേഷണത്തിൽ സംശങ്ങൾ ഉയരുന്നത്. ദേശാഭിമാനിയിലെ പ്രധാന മാധ്യമ പ്രവർത്തകനാണ് തന്റെ നിലപാട് വിശദീകരിക്കുന്നതെന്നതാണ് വസ്തുത.
ഇങ്ങനെ അന്വേഷണം അട്ടിമറിക്കപ്പെടുമ്പോഴാണ് ഓംബുഡ്‌സ്മാൻ ഇടപെടുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇതിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് 20 നു മുൻപ് മേയറും സെക്രട്ടറിയും വിശദീകരണം നൽകണമെന്നും പകർപ്പ് പരാതിക്കാരനു കൈമാറണമെന്നും നിർദ്ദേശിച്ചു. അടുത്ത മാസം 2 ന് 10.30 ന് ഓൺലൈൻ സിറ്റിങ്ങിൽ മേയറും സെക്രട്ടറിയും പങ്കെടുക്കണം. ഇത് വലിയ വെല്ലുവിളിയാകും. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു കണ്ടെത്തിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപ്പിച്ചു തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകാനും അഴിമതി തെളിഞ്ഞാൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാനും ഓംബുഡ്‌സ്മാന് അധികാരമുണ്ട്. ആരോപണങ്ങളിൽ വസ്തുതയില്ലെന്നു കണ്ടെത്തിയാൽ പരാതി തള്ളും. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിന്മേലും ഓംബുഡ്‌സ്മാനാണു തീരുമാനമെടുക്കുക.
മേയറുടെ ഒറിജിനൽ കത്ത് നശിപ്പിച്ചുവെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ചും വിജിലൻസും. പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിനു കൈമാറും.കത്തു വിഷയം ചർച്ച ചെയ്യുന്നതിനു ശനിയാഴ്ച കോർപറേഷന്റെ പ്രത്യേക കൗൺസിൽ യോഗം ചേരും. ബിജെപിയുടെ 35 അംഗങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണിത്. ഇന്നലെ കാര്യമായ പ്രതിഷേധം കോർപറേഷനിൽ ഉണ്ടായിരുന്നില്ല. ഇന്നു മുതൽ വീണ്ടും സമരം ശക്തമാക്കാനാണു പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
കത്തിന്മേൽ ബിജെപിയും യു.ഡി.എഫും ശക്തമായ പ്രതിഷേധമുയർത്തുമെങ്കിലും ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണത്തിൽ വിശ്വാസ്യതയർപ്പിച്ച് പ്രതിരോധിക്കാനാണ് ഭരണപക്ഷത്തിന്റെ തന്ത്രം. മേയറെ സംരക്ഷിക്കാനും രാഷ്ട്രീയ പ്രതിരോധം തീർക്കാനുമാണ് സിപിഎം നീക്കം. അതിനിടെ, എസ്.എ.ടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കുടുംബശ്രീക്കാരെ ആവശ്യപ്പെട്ട് കത്ത് തയാറാക്കിയ ഡി.ആർ. അനിലിന്റെ സഹോദരനും മെഡിക്കൽ കോളജിൽ അനധികൃതമായി ജോലി ലഭിച്ചെന്ന വിവരം പുറത്തുവന്നു. കുടുംബശ്രീ വഴിയുള്ള നിയമനത്തിന്റെ മറവിലാണ് അനിലിന്റെ സഹോദരൻ രാംരാജിനെ ലിഫ്റ്റ് ഓപറേറ്ററായി നിയമിച്ചത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ആശുപത്രിക്കുള്ളിൽ ബഹളമുണ്ടാക്കിയതടക്കമുള്ള അച്ചടക്ക ലംഘനത്തെക്കുറിച്ചുള്ള പരാതികൾ പതിവായപ്പോൾ രാംരാജിനെ ആദ്യം ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
എന്നാൽ, പിന്നീട് അനിൽ ഇടപെട്ട് ലിഫ്റ്റ് ഓപറേറ്ററായി ഇയാളെ തിരിച്ചെടുക്കുകയായിരുന്നെന്നാണ് ആരോപണം.. ഇതിനു പുറമെ, കോട്ടൺ ഹിൽ സ്‌കൂളിലെ ക്രാഫ്റ്റ് ടീച്ചർ തസ്തികയിലെയും വഴുതക്കാട് ബധിര- മൂക വിദ്യാലയത്തിലെ കെയർ ടേക്കർ തസ്തികയിലെയും നിയമനങ്ങൾ പാർട്ടിക്കാർക്കുവേണ്ടി ചട്ടങ്ങൾ മറികടന്നുള്ളതാണെന്ന ആരോപണവും പ്രതിപക്ഷമുയർത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ