തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിലെ സമരങ്ങൾ അവസാനിക്കുമ്പോൾ കത്തിന്റെ ഉറവിടം കണ്ടെത്താൻ ആർക്കും ത്ാൽപ്പര്യമില്ല. മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ, ആരോഗ്യവിഭാഗത്തിലെ 295 നിയമനങ്ങൾക്കുള്ള പട്ടിക തേടി സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്താണ് ആദ്യം പുറത്തുവന്നത്. എസ്.എ.ടി. ആശുപത്രിയിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഒമ്പത് ജീവനക്കാരെ നിയമിക്കാനുള്ള പട്ടിക തേടിയുള്ള ഡി.ആർ.അനിലിന്റെ കത്തും തൊട്ടുപിന്നാലെ പുറത്തുവന്നു. മേയറുടെ കത്തിലാണ് അന്വേഷണം. ഡി ആർ അനിലിന്റെ കത്ത് അനിൽ തന്നെ എഴുതിയതാണെന്ന് സമ്മതിച്ചിരുന്നു. മേയറുടെ കത്ത് പുറത്തു വിട്ടത് മനോരമയാണ്. കത്ത് വ്യാജമാണെന്ന സംശയം മേയർ ഉയർത്തുമ്പോൾ ആദ്യം ചോദ്യം ചെയ്യേണ്ടതും കേസിൽ പ്രതിയാക്കേണ്ടതും വാർത്ത പുറത്തു വിട്ട ലേഖകനെയാണ്. എന്നാൽ അത് പൊലീസ് ചെയ്യുന്നില്ല.

കത്ത് വ്യാജമല്ലെന്നതാണ് ഇതിന് കാരണമെന്നതാണ് വസ്തുത. മെഡിക്കൽ കോളേജ് ഭാഗത്ത് പാർട്ടി നേതാക്കളുടെ സമൂഹമാധ്യമ ഗ്രൂപ്പിലാണ് കത്ത് പ്രചരിച്ചത്. ഈ കത്തുകളുടെ പേരിൽ മേയറും സ്ഥിരംസമിതി അധ്യക്ഷനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി.യും യു.ഡി.എഫും 56 ദിവസമായി സമരം നടത്തിവന്നത്. ഈ സമരമാണ് പിൻവലിക്കുന്നത്. മനോരമ ലേഖകനെ ചോദ്യം ചെയ്താൽ കത്തിന്റെ ഉറവിടം വ്യക്തമാകും. അത് പിന്നീട് വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറും. ഈ സാഹചര്യത്തിലാണ് സിപിഎം തലയൂരാൻ വിവാദം ഒഴിവാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനങ്ങളെല്ലാം പാർട്ടികൾക്കിടയിൽ പങ്കിടാനും സാധ്യതയുണ്ട്. അതായിരിക്കും പുതിയ ഒത്തു തീർപ്പ് ഫോർമുലയെന്നും സൂചനകളുണ്ട്.

ഇപ്പോഴും കാണാമറയത്താണ്. കത്തിന്റെ ഉറവിടം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെയും വിജിലൻസിന്റെയും അന്വേഷണങ്ങൾ നിലച്ച സ്ഥിതിയാണ്. കോർപ്പറേഷനിലെ കംപ്യൂട്ടറുകൾ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്കു ശേഖരിച്ചിട്ടില്ല. കത്തുകൾ പുറത്തുവന്ന സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചും ഇതുവരെ അന്വേഷണം നടന്നിട്ടില്ല. അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട്. മെഡിക്കൽ കോളേജിലെ മുൻ കൗൺസിലറായ ശ്രീകുമാറിന്റെ ഒറ്റയാൾ പോരാട്ടം മാത്രമാണ് സത്യം പുറത്തു കൊണ്ടു വരാൻ നടന്നത്. ഈ നീക്കങ്ങളേയും അട്ടിമറിക്കുന്ന തരത്തിലാണ് ഒത്തുതീർപ്പ്. കോർപ്പറേഷനിലെ അംഗ ബലം അടിസ്ഥാനമാക്കി ഇനിയുള്ള എല്ലാ ഒഴിവകളും രാഷ്ട്രീയ പാർട്ടികൾ പങ്കിട്ടെടുക്കാനാണ് സാധ്യത.

ആരോപണവിധേയരായ സിപിഎം. നേതാക്കൾ പോലും കത്ത് വ്യാജമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഡി.ആർ.അനിലിനെ ബലികൊടുത്ത് മേയറെ രക്ഷിച്ചെടുത്തുകൊണ്ടുള്ള ഇപ്പോഴത്തെ ഒത്തുതീർപ്പ് സിപിഎമ്മിന് ആശ്വാസകരമാണ്. 56 ദിവസമായി തുടരുന്ന സമരം താൽക്കാലികമായി ഒത്തുതീർപ്പിലെത്തുന്നതിൽ ബിജെപി.ക്കും യു.ഡി.എഫിനും ശക്തമായ എതിർപ്പും ഉണ്ടായിരുന്നില്ല. കൗൺസിലർമാർ തുടർച്ചയായി കോർപ്പറേഷൻ സമരത്തിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുന്നത് മറ്റു പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് ചില രഹസ്യ ഇടപാടുകളുമുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ.

സിപിഎം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയാണ് കത്തുകൾ പുറത്തുവരാൻ കാരണമെന്നാണ് ആരോപണം. യുവജന നേതാക്കളുടെ മോശം പെരുമാറ്റവും ലഹരിയുപയോഗവും അടക്കമുള്ള വിഷയങ്ങളിൽ പ്രതിസന്ധിയിലായ സിപിഎം. ജില്ലാ നേതൃത്വത്തിന് കോർപ്പറേഷൻ വിഷയം താൽക്കാലികമായി ഒത്തുതീർക്കുക എന്നത് അത്യാവശ്യമായിരുന്നു. ഡി.ആർ.അനിലിനെതിരേ ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗവും ശക്തമായി രംഗത്തെത്തിയിരുന്നു. കോർപ്പറേഷനിലെ തുടർച്ചയായ പല വിവാദങ്ങൾക്കും പിന്നിൽ അനിലാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കോർപ്പറേഷനിലെ പാർട്ടിയുടെ ഉന്നതസ്ഥാനമായ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്ത് നിലനിർത്തിയതിലൂടെ അനിലിനെ പാർട്ടി കൈവിട്ടതല്ലെന്ന സന്ദേശവും സിപിഎം. നൽകുന്നുണ്ട്.

കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയറും ഇങ്ങനെയൊരു കത്ത്് കിട്ടിയിട്ടില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറഞ്ഞിരുന്നു. തന്റെ പേരിലുള്ള കത്ത് തയ്യാറാക്കിയതാണെന്ന് അനിൽ സമ്മതിച്ചു. ഇത് പാർട്ടി ജില്ലാ സെക്രട്ടറിക്കു കൈമാറിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്. ആനാവൂരിന്റെ വിശ്വസ്തനാണ് അനിൽ. അനിലിനെ രക്ഷിക്കാൻ ആനാവൂർ ശ്രമിച്ചിരുന്നു. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉറച്ച നിലപാട് എടുത്തു. ഇതോടെയാണ് അനിലിനെ കൈവിടേണ്ടി വന്നത്. സ്റ്റാൻഡിങ് കമ്മറ്റിയിലെ സ്ഥാനം പോയാലും കോർപ്പറേഷനിലെ ഭരണം തുടരാനുള്ള പിൻവാതിൽ ശ്രമം അനിൽ തുടരും. മെഡിക്കൽ കോളേജിനെ ഭരിക്കുന്നത് അനിലും കൂട്ടുകാരുമാണ്. ഡി ആർ ഫാൻസ് എന്നാണ് ഇവർ അറിയുന്നത്.

കത്ത് സംബന്ധിച്ച് ഹൈക്കോടതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ചർച്ചയിൽ മേയറുടെ രാജി ആവശ്യത്തിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറിയത്. കേസുകളിലുണ്ടാകുന്ന കോടതി പരാമർശങ്ങളിലും വിധിയിലുമാണ് ഇനി കോർപ്പറേഷൻ ഭരണസമിതിയും പാർട്ടിയും ഉറ്റുനോക്കുന്നത്. ഇവിടെനിന്ന് എതിർ പരാമർശങ്ങളുണ്ടായാൽ വീണ്ടും മേയറുടെ രാജിയാവശ്യം ഉയരും. എന്നാൽ, കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞാലേ കേസിൽ തുടർ നടപടികളുണ്ടാവുകയുള്ളൂ.