തിരുവനന്തപുരം: വീണ്ടും ആരോപണ കരിനിഴലിൽ മേയർ ആര്യാ രാജേന്ദ്രൻ. സമാനതകളില്ലാത്ത വിവാദമാണ് ഇപ്പോൾ ഉയരുന്നത്. നിരവധി വിവാദങ്ങളിൽ കുടുങ്ങിയ മേയർ ഇമേജ് നന്നാക്കാൻ നിരവധി ഇടപെടൽ നടത്തി. അതിനിടെയാണ് കോർപ്പറേഷനിലെ രാഷ്ട്രീയ നിയമന കത്ത് പുറത്തേക്ക് വരുന്നത്. സിപിഎമ്മിലെ വിഭാഗീയതയാണ് ഈ കത്ത് ചർച്ചയാക്കുന്നത്. സച്ചിൻ ദേവ് എംഎൽഎ വിവാഹം ചെയ്ത ശേഷം പൊതു ജീവിതത്തിൽ കൂടുതൽ സുതാര്യതയ്ക്ക് മേയർ ശ്രമിച്ചിരുന്നു. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് പ്രോട്ടോകോൾ ലംഘിച്ച് കാറിൽ കുതിച്ചു കയറിയത് അടക്കമുള്ള വിവാദങ്ങളിൽ മേയർ പെട്ടിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദർശനത്തിനിടെയായിരുന്നു വിവാദം. ഇങ്ങനെ കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിഷയങ്ങളാണ് ആര്യാ രാജേന്ദ്രനെ തേടി എന്നും എത്തിയത്.

കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്താണ് പുതിയ വിവാദം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് അയച്ചിരിക്കുന്നത്. പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിന് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേയറുടെ കത്തിന് പിന്നാലെ നിയമനത്തിനായി തിരുവനന്തപുരം നഗരസഭയിൽ നിന്ന് സിപിഎം. ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്ത് വന്നിട്ടുണ്ട്യ. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ഒൻപത് നിയമനങ്ങൾക്കായി യോഗ്യരായവരുടെ പട്ടിക കൈമാറണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ഡി.ആർ. അനിലാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്രമകേന്ദ്രത്തിൽ മാനേജർ, കെയർ ടേക്കർ അടക്കം ഒൻപത് ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് ഒക്ടോബർ 24-ാം തീയതി ഡി.ആർ. അനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്.

സഖാവേ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തിൽ ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം വിവരിക്കുന്നുണ്ട്. നഗരസഭയിലെ സിപിഎം. പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ഡി.ആർ. അനിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നഗരസഭയിലെ പൊതുമരാമത്ത് വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്. നവംബർ ഒന്നാം തീയതി നഗരസഭ മേയർ ആര്യ രാജേന്ദ്രൻ സിപിഎം. ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് നേരത്തെ പുറത്തുവന്നിരുന്നത്. നഗരസഭ ആരോഗ്യവിഭാഗത്തിൽ 295 താത്കാലിക ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക കൈമാറണമെന്നുമാണ് മേയർ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഈ കത്ത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ മേയർക്കെതിരേയും പാർട്ടിക്കെതിരേയും ശക്തമായ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെയാണ് സമാനരീതിയിൽ നഗരസഭയിൽനിന്ന് അയച്ച മറ്റൊരു കത്ത് കൂടി പുറത്തുവന്നിരിക്കുന്നത്. 

ഇഎംഎസ് ഭവനപദ്ധതിയിൽ വീടുകൾ നിർമ്മിച്ച് നൽകുന്നതിന് 2011 ൽ സംസ്ഥാനസർക്കാർ നൽകിയ എട്ട് കോടി രൂപ കാണാനില്ലെന്ന ആരോപണവും മേയർക്കെതിരെ ഉയർന്നിരുന്നു. ഭവനരഹിതർക്ക് വീടുവച്ചുനൽകുന്നതിനുള്ള ആ പണം പാളയത്തുള്ള ജില്ലാ സഹകരണബാങ്കിൽ നിക്ഷേപിച്ചിരുന്നു. ആ പണം അക്കൗണ്ടിൽ ഇല്ല എന്ന ആരോപണവുമായി നെടുങ്കാട് കൗൺസിലറും ബിജെപി നേതാവുമായ കരമന അജിത്ത് രംഗത്തെത്തിയിരിന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് കരമന അജിത്തിന്റെ ആരോപണം. ആ തുക ഉപയോഗിച്ച് സ്ഥലം വാങ്ങിയതിന്റെയോ ആർക്കെങ്കിലും വീട് വച്ച് നൽകിയതിന്റെയോ രേഖകളുമില്ല. ആ പണം മുക്കിയത് മുൻ മേയർമാരാണോ ഇപ്പോഴത്തെ മേയർ ആര്യാ രാജേന്ദ്രനാണോ എന്നാണ് കരമന അജിത്ത് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.

ആര്യാ രാജേന്ദ്രൻ മേയറായി സ്ഥാനമേറ്റ ശേഷം നിരവധി അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഉയർന്നുവന്നിരുന്നു. ജനങ്ങളിൽ നിന്നും പിരിച്ച നികുതികൾ കോർപ്പറേഷനിൽ അടയ്ക്കാതെ ഉദ്യോഗസ്ഥർ വെട്ടിച്ച അഴിമതി കഥകൾ തെളിവ് സഹിതം പുറത്തായതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും പ്രത്യക്ഷസമരത്തിലാണ്. അതിന് പുറമെയാണ് ഇഎംഎസ് ഭവനപദ്ധതിയുടെ ഫണ്ടും വെട്ടിച്ചതിന്റെ തെളിവുകൾ പ്രതിപക്ഷ കൗൺസിലർ പുറത്തുവിട്ടത്. ഈ വർഷം ആഘോഷങ്ങളില്ലാതെ നടത്തിയ ആറ്റുകാൽ പൊങ്കാലയുടെ ശുചീകരണത്തിന്റെ മറവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന ലക്ഷങ്ങളുടെ അഴിമതിയും പുറത്തുവന്നിരുന്നു.

21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി. സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്.

കോർപ്പറേഷന്റെ വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ് അടുത്ത വിവാദത്തിന് കാരണമായത്. എന്നാൽ നടന്നത് വികസന സെമിനാറല്ലെന്നും വർക്കിങ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം മാത്രമാണെന്നുമുള്ള വിശദീകരണവുമായി മേയർ രംഗത്തെത്തിയിരുന്നു. മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി ഡ്രഗ് ഹൗസ് മേയർ നേരിട്ടെത്തി പൂട്ടിച്ചതും ഏറ്റവുമൊടുവിൽ നടന്ന മറ്റൊരു വിവാദമായിരുന്നു. ന്യൂ തീയറ്ററിന് മുന്നിലെ വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ചവരെ അവഹേളിച്ചുകൊണ്ട് മേയർ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റും തൈക്കാട് ശ്മശാനം പണി പൂർത്തിയായതിനെ പറ്റി മേയർ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിന്റെ ഭാഷയും ഏറെ വിമർശിക്കപ്പെട്ടു.

മേയറുടെ പ്രവർത്തനങ്ങളിൽ മുൻപരിചയമില്ലായ്മ പ്രശ്‌നമാകാതിരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഒരു പിഎയെ നിയമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ പിഎ തന്നെ പാർട്ടിക്ക് വേണ്ടി മേയറെ കൂടുതൽ കുഴികളിൽ ചാടിക്കുകയാണെന്നാണ് മേയറുമായി ബന്ധപ്പെട്ട വൃത്തങ്ങളം ഉയർത്തുന്നുണ്ട്. ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി തിരുവനന്തപുരം കോർപറേഷൻ പിൻവലിച്ചതും വലിയ ചർച്ചയായിരുന്നു. സ്വന്തം കാശ് കൊടുത്തു വാങ്ങിയ ഓണസദ്യ കഴിക്കാൻ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സദ്യ മാലിന്യകൂമ്പാരത്തിലേക്കു വഴിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. ഇതിന്റെ പേരിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട മേയർ ആര്യാ രാജേന്ദ്രന്റെ നടപടിക്കെതിരെ സിപിഎമ്മിനുള്ളിൽത്തന്നെ പ്രതിഷേധം ശക്തമായിരുന്നു.

തിരുവനന്തപുരത്തെ ഗ്രൂപ്പ് സമവാക്യങ്ങളും ഈ ചർച്ചയിൽ നിർണ്ണായകമായി. മേയറെ ആനാവൂർ പിന്തുണച്ചപ്പോൾ മറ്റു നേതാക്കൾ അതിന് തയ്യാറായില്ല. ഓണസദ്യ വാങ്ങിയത് കോർപ്പറേഷന്റെ പണം കൊണ്ടല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടാൻ പോലും കോർപ്പറേഷന് കഴിയില്ല. എന്നിട്ടും ശുചീകരണ തൊഴിലാളികളെ സസ്പെന്റ് ചെയതത് മേയറുടെ അറിവില്ലായ്മയാണെന്ന വാദം ശക്തമായിരുന്നു. മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ ശുചീകരണ തൊഴിലാളികളെയാണ് പിന്തുണച്ചത്. ഇത് മനസ്സിലാക്കിയാണ് മേയറെ അനാവൂർ പിന്തുണയ്ക്കാനെത്തിയത്.

അതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രതികരണവുമായി എത്തിയത്. ആനാവൂരിന്റെ ബന്ധു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു. ഇയാൾ തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരനുമായിരുന്നു. ഇയാൾക്കെതിരെ എന്തു നടപടി മേയർ എടുത്തുവെന്ന ചോദ്യവും സജീവ ചർച്ചയായി. ഇതോടെയാണ് സിപിഎമ്മിന് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന വസ്തുത തിരിച്ചറിഞ്ഞത്. സിഐടിയുവിന്റെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും തിരിച്ചറിഞ്ഞു. ഇതോടെ ആനാവൂരിന്റെ പ്രതിരോധം പോലും വെറുതെയായി. മേയർ ആര്യാ രാജേന്ദ്രനെ പാർട്ടി ശാസിച്ചു. നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായി കൂടിയാലോചന വേണമെന്നും ആവശ്യപ്പെട്ടു. തൊഴിലാളികളെ തിരിച്ചെടുത്തു.

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ് ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. പട്ടണി സമരം നടത്താനുള്ള ജീവനക്കാരുടെ അവകാശത്തിനെതിരെയുള്ള കടന്നാക്രമണമായി ഇതിനെ വിലയിരുത്തി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു മേയർക്ക് കത്ത് നൽകുകയും ചെയ്തു.