തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം താൽക്കാലിക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്‌പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.

മേയറുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ടു പോകൂ. കത്ത് വാട്‌സാപ്പിലൂടെയാണു പ്രചരിക്കപ്പെട്ടത്. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം. പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സിപിഎമ്മിനെ നാണക്കേടിലാക്കിയ കോർപറേഷൻ കത്തു വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഇതിനു പിന്നാലെ അന്വേഷണം ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ചിനോടു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു.

അതേസമയം, കേസിൽ ക്രൈംബ്രാഞ്ചിനു ഡിജിപി അനിൽകാന്ത് നൽകിയ നിർദ്ദേശം 'അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുക' (എൻക്വയർ ആൻഡ് റിപ്പോർട്ട്) എന്നു മാത്രമാണ്. എസ്‌പി എസ്.മധുസൂദനന് ഈ നിർദ്ദേശമാണ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് കൈമാറിയിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പെറ്റി കേസുകളുടെ അന്വേഷണ സ്വഭാവം മാത്രമാകും മേയറുടെ പരാതിയിന്മേലുള്ള അന്വേഷണത്തിലുണ്ടാകുക. സംഭവത്തിൽ പാർട്ടിക്കാരിൽ ചിലർക്കു ബന്ധമുണ്ടെന്ന് ആരോപണം ശക്തമാണെന്നതിനാൽ കേസെടുത്ത് അന്വേഷണം നടത്തുന്നത് പാർട്ടിക്കു ദോഷകരമായേക്കും.

അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളിൽ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമായി. മേയറെ വീട്ടിൽ കരിങ്കോടി കാണിച്ച കെഎസ്‌യു പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. കോർപ്പറേഷനിൽ കോൺഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയർക്ക് സംരക്ഷണം തീർക്കാനാണ് സിപിഎം തീരുമാനം. മേയർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു വീട്ടിന് മുന്നിലെ കെഎസ്‌യുവിന്റെ കരിങ്കൊടി കാണിക്കൽ. സംരക്ഷണം തീർക്കാനെത്തിയ സിപിഎമ്മുകാർ പൊലീസ് ഇടപെടും മുമ്പ് പ്രതിഷേധക്കാരെ മർദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‌യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.