- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ ബിൽ പാസായാൽ പൊലീസ് ദുരുപയോഗപ്പെടുത്തും എന്ന് വാദിച്ചു എതിർപ്പുമായി സിപിഐ മന്ത്രിമാർ; ദേശീയ തലത്തിൽ ഇടതുപക്ഷം വിവാദത്തിലാകുമെന്നും വാദം; മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കരടുബിൽ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചു; വിശദ പഠനത്തിനു ശേഷം അടുത്ത യോഗത്തിൽ കൊണ്ടുവരുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ചു കൊണ്ട് ചിത്രങ്ങൾ പുറത്തുവിട്ടത് അടുത്തിടെയാണ്. ഇത് വെറും സാമ്പിളാണ് എന്ന വിധത്തിലായിരുന്നു അവരുടെ വാദങ്ങൾ. ഈ സംഭവം സൈബറിടത്തിൽ സിപിഎമ്മിനെ നാണം കെടുത്തുകയുമാണ്ടായി. ഇതിന് പിന്നാലെയാണ് മാധ്യമങ്ങള നിയന്ത്രിക്കാൻ സർക്കാർ കരടുബിൽ തയ്യാറാക്കിയത്. ഈ നീക്കത്തിലേക്ക് എത്തിച്ചത് സ്വപ്‌നയുടെ ഇടപെടൽ ആണെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ, സിപിഎമ്മിന്റെ ദേശീയ നയത്തിന് വിരുദ്ധമായാണ് മാധ്യമ ബില്ലെന്ന ആരോപണം ശക്തമാകുകയും സിപിഐ അടക്കം എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തതോടെ ബിൽ തൽക്കാലം പരിഗണിക്കാതെ മാറ്റിവെച്ചിരിക്കയാണ്.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ പീനൽ കോഡിൽ (ഐപിസി) ഭേദഗതി വരുത്താനുള്ള കരടുബിൽ മന്ത്രിമാരുടെ എതിർപ്പിനെത്തുടർന്നു മന്ത്രിസഭാ യോഗം വീണ്ടും മാറ്റിവെക്കുകയായിരുന്നു. നിയമവകുപ്പ് കൊണ്ടുവന്ന ബിൽ ദേശീയതലത്തിൽ വിവാദമാകാൻ സാധ്യതയുള്ളതിനാൽ വിശദപഠനം നടത്തിയ ശേഷം മന്ത്രിസഭ പരിഗണിച്ചാൽ മതിയെന്നു സിപിഐ മന്ത്രിമാർ നിർദേശിച്ചു. ചില സിപിഎം മന്ത്രിമാരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. തുടർന്നു വിശദ പഠനത്തിനു ശേഷം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരാനായി മാറ്റാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
അപമാനകരവും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കം, ചിത്രം എന്നിവ ദിനപ്പത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റു വിനിമയ മാധ്യമങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാനായി തയാറാക്കുകയോ ജനങ്ങൾക്കു കാണാൻ പറ്റുന്ന വിധത്തിൽ പ്രദർശിപ്പിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നതു കുറ്റകരമാക്കിയാണ് നിർദ്ദേശം. ഐപിസി 292ാം വകുപ്പ് ഭേദഗതി ചെയ്ത് 292(എ) എന്ന ഉപവകുപ്പ് കൊണ്ടുവരാനാണ് ഭേദഗതി. ഇതിന് അനുസൃതമായി ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) ചില വ്യവസ്ഥകളിലും ഭേദഗതി വരുത്തണം.
ബില്ലിലെ വ്യവസ്ഥകൾ സമൂഹ മാധ്യമങ്ങൾക്കും ബാധകമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കു 2 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും ഐടി നിയമത്തിലെ 66 എ വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതു മറികടക്കാനാണു സർക്കാർ 2020 ൽ പൊലീസ് ആക്ടിൽ ഭേദഗതിക്കു ശ്രമിച്ചത്.
ആരെയെങ്കിലും ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാകുമെന്നാണ് പുതിയ വ്യവസ്ഥ. ഇത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കപ്പെടുമെന്നത് ഉറപ്പാണ്. ഇതേ പ്രശ്നങ്ങൾ കൊണ്ടു തന്നെയാണ് മുമ്പും ഈ നിയമം പിൻവലിക്കേണ്ട അവസ്ഥ ഉണ്ടായത്.
നിയമവകുപ്പ് തയാറാക്കിയ ബില്ലാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. കുറ്റകൃത്യം സംബന്ധിച്ച വിഷയം സമാവർത്തി പട്ടികയിലായതിനാൽ സംസ്ഥാനത്തിന് നിയമനിർമ്മാണം നടത്താമെന്നാണ് നിയമവകുപ്പിന്റെ ശുപാർശ. ബില്ലിലെ വ്യവസ്ഥകൾ ഐ.പി.സി.ക്കും കോഡ് ഓഫ് ക്രിമിനൽ പ്രോസീജറിനും വിരുദ്ധമാകുമെന്നതിനാൽ ബിൽ സഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്നും നിയമവകുപ്പ് ശുപാർശചെയ്തു. 2000-ലെ ഐ.ടി. നിയമത്തിലെ 66 എ വകുപ്പും 2011-ലെ പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധി മറികടക്കാനാണ് പൊലീസ് നിയമഭേദഗതിക്ക് സർക്കാർ ശ്രമിച്ചത്.
ഇത്തരം ചിത്രങ്ങളും ഉള്ളടക്കവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, അവ കൈമാറ്റംചെയ്യുക, സാമ്പത്തിക നേട്ടമുണ്ടാക്കുക, പ്രസിദ്ധപ്പെടുത്തുക, അവയ്ക്ക് പരസ്യംനൽകുക എന്നിവയും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടുവർഷം തടവോ, പിഴയോ, രണ്ടുംകൂടിയോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ രണ്ടുവർഷംവരെ തടവും പിഴയും രണ്ടുംകൂടിയോ ലഭിക്കമെന്നതും വ്യവസ്ഥ ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ