തിരുവനന്തപുരം: പുതിയ മാധ്യമനിയന്ത്രണ ബിലുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പോട്ട് പോകില്ല. നിയമത്തിന്റെ കരട് കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ ബിൽ അവതരിപ്പിച്ചതും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. മുഖ്യമന്ത്രി തന്നെയാണ് മാറ്റി വച്ചതും. കൂടുതൽ വ്യക്തതയും പഴുതടച്ച ഭേദഗതിയും ആവശ്യമാണെന്നും നിയമ സെക്രട്ടറി നൽകിയ കരട് ശുപാർശ നിയമമന്ത്രി പരിശോധിച്ച് പിന്നീടു സമർപ്പിക്കുമെന്നും അതിനാൽ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാർ ആരും അനുകൂലിച്ചോ എതിർത്തോ ഒന്നും മിണ്ടിയില്ല.

സാധാരണ ഒരു മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന വിഷയം വ്യക്തതയ്ക്കുവേണ്ടി മാറ്റിവച്ചാൽ അടുത്ത യോഗത്തിൽ പരിഗണിക്കും. ഗവർണറുടെ 'ഗെറ്റൗട്ട്' ആക്രോശവും അതിനെതിരെ സിപിഎം പ്രതിഷേധവും നടക്കുന്ന സാഹചര്യത്തിൽ മാധ്യമബിൽ ഇനി പരിഗണിക്കാൻ സാധ്യതയില്ല. മാധ്യമങ്ങളെ തൽകാലം പ്രകോപിപ്പിക്കില്ല. ബ്ലാക്ക്മെയിലിങും ഓൺലൈൻ അധിക്ഷേപവും നിയന്ത്രിക്കാനെന്ന പേരിലാണ് ഇന്ത്യൻ പീനൽ കോഡ് (ഐപിഎസി) ഭേദഗതി ചെയ്ത് 292എ എന്ന പുതിയ വകുപ്പിന്റെ കരട് തയാറാക്കിയത്.

നേരത്തേ പിൻവലിച്ച പൊലീസ് നിയമത്തിലെ 118 എ ഭേദഗതിയാണു പുതിയ രൂപത്തിൽ അവതരിപ്പിച്ചത്. അന്ന് ഓർഡിനൻസായി കൊണ്ടുവന്ന നിയമം മറ്റൊരു ഓർഡിനൻസിലൂടെയാണ് 5 ദിവസം കഴിഞ്ഞപ്പോൾ പിൻവലിച്ചത്. ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ അപകീർത്തിപ്പെടുകയോ ചെയ്യുന്ന തരത്തിൽ ഉള്ളടക്കമോ ചിത്രമോ ജനങ്ങൾ കാണുന്ന തരത്തിൽ നൽകിയാൽ ശിക്ഷാർഹമാക്കുന്നതാണു പുതിയ ഭേദഗതി. പത്രങ്ങളും ആഴ്ചപ്പതിപ്പുകളും സമൂഹമാധ്യമങ്ങളുമെല്ലാം ഇതിന്റെ പരിധിയിൽ വരുമായിരുന്നു. ഇത്തരം കുറ്റത്തിനു 2 വർഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുമെന്നായിരുന്നു പഴയ വ്യവസ്ഥ. ഇതാണ് പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങിയത്.

മന്ത്രിസഭായോഗത്തിനുള്ള കുറിപ്പിൽ ബ്ലാക്‌മെയിലിങ്‌പോലെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ഐ.പി.സി. ഭേദഗതിചെയ്ത് പുതിയവകുപ്പ് കൂട്ടിച്ചേർക്കണമെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ബ്ലാക് മെയിലിങിന് നിരവധി വകുപ്പുകൾ നിലവിൽ തന്നെയുണ്ട്. വാർത്തകളെ കേസിലാക്കുക എന്നത് മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. അച്ചടി, ഡിജിറ്റൽ എന്നിവയടക്കം ഏതുവിധ മാധ്യമത്തിലൂടെയും അപകീർത്തികരമായ ഉള്ളടക്കമോ, ചിത്രമോ പ്രസിദ്ധീകരിക്കുന്നത് പുതിയനിയമത്തിലൂടെ കുറ്റകരമാകുമെന്ന അവസ്ഥ വരുമായിരുന്നു. ഭരണ നേതൃത്വത്തിലിരിക്കുന്നവർക്കും ബന്ധുക്കൾക്കുംമറ്റുമെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനെതിരേ കേസെടുക്കാനാകുന്ന തരത്തിലായിരുന്നു നീക്കം.

വാർത്തയുടെ പേരിൽ പൊലീസിന് കേസെടുക്കാൻകഴിയുന്ന സ്ഥിതി വരുമെന്ന് സാരം. സ്വർണക്കടത്ത് കേസിലടക്കം ഭരണകക്ഷി നേതാക്കൾക്കെതിരേ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് സാമൂഹികമാധ്യമങ്ങൾ കൂടുതലായി ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയുംചെയ്തു. തമിഴ്‌നാട്, ഒഡിഷ സർക്കാരുകൾ സമാന നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്നും ബില്ലിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ടായിരുന്നു. നിയമനിർമ്മാണം നടന്നാലും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ മാത്രമേ നിയമം നിലവിൽവരൂ. മാധ്യമങ്ങളുടെ വായമൂടിക്കെട്ടാൻ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.

ഉമ്മൻ ചാണ്ടി സർക്കാർ നിയമഭേദഗതിക്ക് ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ആ സർക്കാരിന്റെ കാലത്ത് നിയമമാക്കാനായില്ല. തുടർന്ന് പിണറായി വിജയൻ സർക്കാരും സമാന നിയമനടപടിക്ക് ശ്രമിച്ചു. മന്ത്രിസഭ തീരുമാനിച്ചെങ്കിലും കാലാവധി തീരുംമുമ്പ് ബിൽ നിയമമാക്കാനായില്ല. ഇതേത്തുടർന്നാണ് സൈബർ ആക്രമണം ചെറുക്കാനെന്ന പേരിൽ പൊലീസ് നിയമ ഭേദഗതിക്ക് ശ്രമിച്ചത്. ഓർഡിനൻസായി ഇറങ്ങിയെങ്കിലും സൈബർ ആക്രമണം മാത്രമല്ല, മാധ്യമ നിയന്ത്രണം ലക്ഷ്യമിട്ടുള്ളതായിരുന്നു ബില്ലിലെ വ്യവസ്ഥ. ഇതേത്തുടർന്ന് പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്ത് സിപിഐ. അടക്കമുള്ള പാർട്ടികളിൽനിന്നും വിമർശനമുയർന്നു.

ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലാക്കിയതിനെപ്പോലും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണെന്ന വാദമുയർത്തി സിപിഎം. എതിർത്തിരുന്നു. ഈ നിലപാടിന് വിരുദ്ധമായി നിയമനിർമ്മാണം നടത്തുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ് സിപിഎം. കേന്ദ്രനേതൃത്വം ഇതിനെതിരായ നിലപാട് എടുത്തത്. തുടർന്ന് സർക്കാരിന് പിന്മാറേണ്ടിവന്നു. ഇപ്രാവശ്യം എതിർപ്പുകളെ മറികടക്കാൻ ബ്ലാക്‌മെയിലിങ് തടയാനെന്ന പേരിലാണ് നിയമനിർമ്മാണംനടത്തുന്നത്.