തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയിലെ എല്ല് പൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. ഡോക്ടർമാരുമായി സംസാരിച്ചശേഷം പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസ് ഒഴിവാക്കിയേക്കും.

ജനറൽ ആശുപത്രിയിലെ ആശുപത്രിയിലെ തുടർ ചികിത്സയിലെ സ്‌കാനിംഗിലാണ് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. വാച്ച് ആൻഡ് വാർഡുകളുടെ ഡിസ്ചാർജ് സമ്മറിയും സ്‌കാനിങ് റിപ്പോർട്ടുകളും ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ഡോക്ടർമാരുമായി സംസാരിക്കും

വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. മ്യൂസിയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഐപിസി 326 പ്രകാരമായിരുന്നു എംഎൽഎമാർക്കെതിരെ കേസെടുത്തിരുന്നത്. വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. മെഡിക്കൽ റിപ്പോർട്ടിൽ യാഥാർത്ഥ്യം പുറത്തുവന്നതോടെ ഡോക്ടർമാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കാനാണ് നീക്കം.

ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിനും കൃത്യ നിർവ്വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ തുടർന്നേക്കും. എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നേരത്തേ അവസാനിപ്പിച്ചിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം ബഹളം വെച്ചതോടെ വാച്ച് ആൻഡ് വാർഡ് വന്നു തടയുകയും തുടർന്ന് കൈയാങ്കളിയുമുണ്ടായി.

ഇതുമായി ബന്ധപ്പെട്ടാണ് വിവിധ കേസുകൾ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്. വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷ എംഎ‍ൽഎ.മാർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വാച്ച് ആൻഡ് വാർഡിന്റെ കൈ തല്ലിയൊടിച്ചു എന്നതായിരുന്നു പരാതി.

എന്നാൽ വാച്ച് ആൻഡ് വാർഡിന്റെ കൈയിൽ പൊട്ടലില്ല എന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതോടെ സർക്കാർ പരുങ്ങലിലായി. ജാമ്യമില്ലാ വകുപ്പ് ഇനി നിലനിൽക്കില്ല എന്നുമാത്രമല്ല, കേസ് കോടതിയിലെത്തുമ്പോൾ അത് രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കും. ഡോക്ടർമാരുടെ അഭിപ്രായങ്ങൾ തേടിയ ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി എഫ്.ഐ.ആർ. പുതുക്കി നൽകാനുള്ള ആലോചനയിലാണ് സർക്കാർ.

നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും പരുക്കേറ്റത്. ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കും രണ്ട് ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും എതിരെ കേസ് എടുത്തിരുന്നു. ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളും അനുസരിച്ചാണ് കേസെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വാച്ച് ആൻഡ് വാർഡിനെ ന്യായീകരിക്കുകയും അവരെ ആക്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. കൂടാതെ വടകര എംഎൽഎ കെ.കെ. രമയുടെ കൈയിലെ പരുക്ക് വ്യാജമാണെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രമ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി കൈ പരിശോധിക്കുകയും ഡോക്ടർ ലിഗ്മെന്റിന് പ്രശ്‌നം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന എക്‌സറേ രമയുടേത് അല്ലെന്നും ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റ കെകെ രമ എംഎൽഎയുടെ കൈക്കുള്ള പരിക്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്ലാസ്റ്റിറിട്ടിരിക്കുകയാണ്. രമയുടെ കയ്യിലെ പൊട്ടൽ കളവാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ രംഗത്തു വന്നിരുന്നു.

ലിഗമെന്റിനു പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാൻ എംആർഐ സ്‌കാൻ നടത്തണമെന്ന് ഡോക്ടർ പറഞ്ഞു. അതുവരെ പ്ലാസ്റ്റർ തുടരാനും നിർദേശിച്ചു. സ്‌കാനിനുശേഷം തുടർ ചികിൽസ തീരുമാനിക്കാമെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് കെ.കെ.രമയുടെ ഓഫിസ് അറിയിച്ചു.