ന്യൂഡൽഹി: രാജ്യത്തെ അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിച്ച് പുറത്തിറക്കി. സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിരവധി മരുന്നുകൾ ഉൾപ്പെടുത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പട്ടിക പരിഷ്‌കരിച്ചത്. അർബുദത്തിനും പ്രമേഹത്തിനും ടിബിക്കുമുള്ള മരുന്നുകൾ ഇതിൽ ഉൾപ്പെടും. പട്ടികയിൽ ഇടംപിടിച്ചതോടെ ഈ മരുന്നുകൾ ഇനി ന്യായവിലയ്ക്ക് ലഭ്യമാകും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ ആണ് പട്ടിക പുറത്തിറക്കിയത്.

മൂന്ന് വർഷം കൂടുമ്പോഴാണ് അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നത്. 2015 ലാണ് ഇതിന് മുൻപ് പട്ടിക പരിഷ്‌കരിച്ചത്. പിന്നീട് മൂന്ന് വർഷം കൂടുമ്പോൾ പരിഷ്‌കരിക്കേണ്ടതാണെങ്കിലും കഴിഞ്ഞ തവണ കൊറോണ വ്യാപനം മൂലം ഇത് വൈകുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ ഐസിഎംആറും അവശ്യ മരുന്നുകളുടെ വില നിർണയിക്കാനുള്ള കമ്മറ്റിയും ചേർന്ന് മരുന്നുകളുടെ പട്ടിക കരട് രൂപത്തിൽ ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.

2015 ലെ പട്ടികയിലേതിനെക്കാൾ 34 പുതിയ മരുന്നുകൾ കൂടി ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികൾക്ക് ദീർഘകാല ഇൻസുലിന്റെ ഫലം നൽകുന്ന ഇൻസുലിൻ ഗ്ലാർജിൻ, ടിബിക്കുള്ള ഡെലാമനിഡ്, ആന്റി്പാരാസൈറ്റ് തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്റി ബയോട്ടിക്കുകളും വാക്സിനുകളും ഇതിൽ ഉൾപ്പെടും. ദേശീയ മരുന്ന് വില നിർണയ അഥോറിറ്റി നിശ്ചയിക്കുന്ന വിലയിൽ കുറഞ്ഞ നിരക്കിൽ മാത്രമേ ഇനി ഇത് വിൽക്കാൻ കഴിയൂ.

350 വിദ്ഗധരുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. 140 യോഗങ്ങൾ ഇതിനായി ചേർന്നതായി അധികൃതർ അറിയിച്ചു. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

അവശ്യമരുന്നുകളുടെ പട്ടികയിലുള്ള ഷെഡ്യൂൾഡ് മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.1.6 ട്രില്യൻ രൂപയുടെ ആഭ്യന്തര മരുന്ന് വിപണിയിൽ ഏതാണ്ട് 16-17 ശതമാനവും ഷെഡ്യൂൾട്ട് മരുന്നുകളാണ്. മറ്റ് മരുന്നുകൾക്ക് ഓരോ വർഷവും പത്ത് ശതമാനം വരെ വില വർദ്ധിപ്പിക്കാൻ അനുമതിയുണ്ട്.