- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടുമാറ്റിവയ്ക്കലും ഇടുപ്പു മാറ്റിവയ്ക്കലും വരെ അവയവം മാറ്റിവയ്ക്കൽ! മൂന്ന് വർഷത്തേക്ക് നൽകിയ 35 കോടിയുടെ കോർപ്പസ് ഫണ്ട് കാലിയായി; മെഡി സെപ് ആരോഗ്യ ഇൻഷുറൻസ് പ്രതിസന്ധിയിലേക്ക്; പ്രീമിയം ഉയർത്താൻ ആലോചന സജീവം; സർക്കാർ ജീവനക്കാർ പ്രതിഷേധത്തിൽ
തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി മാറ്റിവച്ചിരുന്ന കോർപസ് ഫണ്ട് കാലിയായി. മൂന്ന് വർഷത്തേക്കു സർക്കാർ കൈമാറിയ 35 കോടി രൂപ തീർന്നെന്നും ചികിത്സ തുടരണമെങ്കിൽ അടിയന്തരമായി പണം അനുവദിക്കണമെന്നും ധനവകുപ്പിന് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി കത്തു നൽകി. ഇതോടെ പദ്ധതി പ്രതിസന്ധിയിലാകുകയാണ്. പ്രീമിയം കൂട്ടാനുള്ള നീക്കമാണ് ഇതെന്നും സൂചനയുണ്ട്.
അവയവം മാറ്റിവയ്ക്കൽ അടക്കം വൻതുക ചെലവാകുന്ന ചികിത്സകളുടെ ഇൻഷുറൻസ് പരിരക്ഷ ഇനി കിട്ടാത്ത അവസ്ഥവരും. ഫണ്ട് തീർന്നതോടെ ചില സ്വകാര്യ ആശുപത്രികൾ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽനിന്നു പിൻവാങ്ങിത്തുടങ്ങി. കത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. കോർപസ് ഫണ്ടായി കൈമാറിയ 35 കോടി രൂപ മുഴുവൻ 3 വർഷത്തേക്കു വേണ്ടിവരില്ലെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. പദ്ധതി ആരംഭിച്ച് 8 മാസമായപ്പോൾ തന്നെ കോർപസ് ഫണ്ടിലെ 35 കോടി രൂപയും തീർന്നു.
500 രൂപയാണു പ്രതിമാസ പ്രീമിയം. ഇത് 750 രൂപയെങ്കിലും ആക്കേണ്ടി വരുമെന്നാണു വിലയിരുത്തൽ. എന്നാൽ, ആവശ്യത്തിന് ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്താതെ 500 രൂപ ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ജീവനക്കാർക്കും പെൻഷൻകാർക്കുമുണ്ട്. നിർബന്ധമായി തന്നെ എല്ലാ ജീവനക്കാരും പെൻഷൻകാരും ഈ പദ്ധതിയിൽ ചേരുകയും വേണം. എന്നാൽ മതിയായ ആശുപത്രികൾ ഇല്ലാത്തതു കൊണ്ടു തന്നെ ദുരിതങ്ങളും ഏറെ. പല ജീവനക്കാരും മറ്റ് ആരോഗ്യ ഇൻഷുറൻസും എടുത്താണ് മുമ്പോട്ട് പോകുന്നത്.
1,481 പേർക്കു മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ മാത്രം ഇതുവരെ 29 കോടി രൂപ ചെലവായി. 102 പേർക്കു കരൾ മാറ്റിവയ്ക്കാൻ 3.68 കോടിയും ഇടുപ്പു മാറ്റിവയ്ക്കാൻ ഒന്നേമുക്കാൽ കോടിയും ചെലവായി. മുട്ടു മാറ്റിവയ്ക്കൽ സാധാരണ ചികിൽസയാണ്. ഇടുപ്പു മാറ്റിവയ്ക്കലും പതിവ് രോഗം. ഇതിനെ അവയവ മാറ്റിവയ്ക്കലായി കണക്കാക്കുന്നതാണ് പ്രശ്‌നം. സാധാരണ ചികിൽസകളെ ഈ വിഭാഗത്തിൽ പെടുത്തിയതോടെ ഇൻഷുറൻസ് കമ്പനിക്ക് വൻ ലാഭമായി.
അതേസമയം മെഡിസെപ്പിനു കീഴിലെ സാധാരണ രോഗങ്ങൾക്കുള്ള ക്ലെയിം നിരക്കും കുതിച്ചുയരുകയാണ്. ആകെ ഗുണഭോക്താക്കളിൽ 8 ശതമാനത്തിൽ താഴെ പേർ ക്ലെയിം ചെയ്താൽ പദ്ധതി ലാഭകരമാണെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ വിലയിരുത്തൽ. എന്നാൽ, ഇപ്പോൾ തന്നെ 12 ശതമാനത്തിലേറെ പേർ ക്ലെയിം ചെയ്യുന്നെന്നാണു കണക്കുകൾ.
കരാർ അനുസരിച്ച് 3 വർഷം കഴിയുമ്പോഴാണു പദ്ധതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് അവസരമുള്ളത്. എന്നാൽ, അതിനു മുൻപു തന്നെ കരാർ തുക വർധിപ്പിക്കണമെന്ന് ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടേക്കും.
മറുനാടന് മലയാളി ബ്യൂറോ