- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥരുടെ മറുപടി പരിഗണിച്ചും ഭാവിയിൽ തെറ്റ് ആവർത്തിച്ചാൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന താക്കീത് സഹിതവും ഒരു വിഷയത്തിലെ അച്ചടക്ക നടപടികൾ അവസാനിപ്പിച്ചു; അശോകൻ മാറിയിട്ടും പെരിന്തൽമണ്ണയിൽ തന്നെ തുടർന്ന് യൂണിയൻ നേതാവ്; എംജി സുരേഷ് കുമാർ ഇപ്പോഴും കെ എസ് ഇ ബി ആസ്ഥാനത്തിന് പുറത്തു തന്നെ
തിരുവനന്തപുരം: കെ എസ് ഇ ബിയിൽ നിന്ന് ബി അശോക് മാറി ആഴ്ചകളായി. എന്നിട്ടും സിപിഎം അനുകൂല കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാർ വൈദ്യുതി ഭവനിൽ തിരിച്ചെത്തിയില്ല. ഇപ്പോഴും പെരിന്തൽമണ്ണയിൽ തന്നെയാണ് ജോലി. അച്ചടക്ക നടപടികളെല്ലാം തീർന്നാൽ മാത്രമേ തിരികെ തിരുവനന്തപുരത്ത് എത്താൻ നേതാവിനാകൂ. അതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
വൈദ്യുതി ബോർഡിൽ പ്രതിഷേധ സൂചകമായി വായ് മൂടിക്കെട്ടി പ്രകടനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടികൾ അവസാനിപ്പിച്ച് ചെയർമാൻ രാജൻ ഖൊബ്രഗഡെ ഉത്തരവിറക്കിയത് ഇതിന്റെ ഭാഗമാണ്. എം.ജി.സുരേഷ്‌കുമാർ ഉൾപ്പെടെയുള്ളവരാണ് അന്നത്തെ ബോർഡ് മാനേജ്‌മെന്റിനെതിരെ ഡിസംബർ 23ന് പട്ടം വൈദ്യുതി ഭവനിൽ പ്രകടനം നടത്തിയത്. ഇവർക്കെതിരെ ബോർഡ് വിജിലൻസ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയിരുന്നു. ഉദ്യോഗസ്ഥർ നൽകിയ മറുപടി പരിഗണിച്ചും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന താക്കീത് സഹിതവുമാണ് അച്ചടക്ക നടപടികൾ അവസാനിപ്പിച്ചത്.
അതായത് തെറ്റു ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നതാണ് വസ്തുത. ഇത് ഭാവിയിൽ പ്രതിഷേധത്തിന് ഇറങ്ങിയാൽ നേതാക്കൾക്ക് വിനയാകും. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവനു മുന്നിൽ നടത്തിയ ധർണ, ബോർഡ് റൂമിലേക്ക് തള്ളിക്കയറിയ സംഭവം എന്നിവയിൽ മാനേജ്‌മെന്റ് തുടങ്ങിവച്ച അച്ചടക്ക നടപടികളിൽ കൂടി ഇനി തീരുമാനം ആകാനുണ്ട്. ഇതിൽ ബോർഡ് റൂമിലേക്ക് തള്ളി കയറിയ സംഭവത്തിലും വിട്ടുവീഴ്ചയുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതാണ് പെരിന്തൽമണ്ണയിലേക്കുള്ള സുരേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിന് പ്രധാന കാരണം.
കെ.എസ്.ഇ.ബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെയാണ് ചെയർമാൻ ആയിരിക്കെ ബി. അശോക് സസ്പെൻഡ് ചെയ്തത്. നേരത്തെ തന്നെ ചെയർമാനും കെ.എസ്.ഇ.ബി ഓഫിസേർസ് അസോസിയേഷനും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു. പിന്നീട് സസ്‌പെൻഷൻ സ്ഥലം മാറ്റമായി. കെഎസ്ഇബിയിൽ വിലക്ക് ലംഘിച്ച് സമരം ചെയ്തതിന് നടപടി നേരിട്ട യൂണിയൻ നേതാവിന് വൻ തുക പിഴയിടുകയും ചെയ്തു. എം.ജി.സുരേഷ് കുമാറിനാണ് കെ.എസ്.ഇ.ബി 6,72,560 രൂപ പിഴയിട്ടത്.
അനധികൃതമായി കെസ്ഇബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. മുൻ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാർ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ