കോട്ടയം: എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിൻഡിക്കേറ്റ് തീരുമാനത്തെത്തുടർന്ന് പ്രൊ വൈസ് ചാൻസലറാണ് പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.

എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സംഭവം ഏറെ വിവാദമായിരുന്നു. സി ജെ എൽസി ഒന്നര ലക്ഷം രൂപയാണ് പത്തനംതിട്ട തിരുവല്ല സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയത്. സർവകലാശാലയിലെ പരീക്ഷാ ബ്ലോക്കിൽ വച്ചാണ് സി ജെ എൽസി എം ബി എ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയത്. 15000 രൂപയാണ് അന്ന് നേരിട്ട് കൈക്കൂലി വാങ്ങിയത്. നേരത്തെ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു.

എംബിഎ വിദ്യാർത്ഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി തുകയായ 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15000 രൂപ ഉടൻ തന്നെ നൽകണമെന്നു എൽസി വാശിപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ എം.ബിഎ വിദ്യാർത്ഥിനി വിജിലൻസ് എസ്‌പി വി.ജി വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് നാടകീയമായി എൽസിയെ കുടുക്കാൻ പദ്ധതിയിട്ടത്.

വിജിലൻസ് സംഘമാണ് എംബിഎ വിദ്യാർത്ഥിയുടെ കയ്യിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടത്. ഈ തുക യൂണിവേഴ്സിറ്റി ക്യാമ്പസിൽ പരീക്ഷാഭവനിൽ വച്ച് എംബിഎ വിദ്യാർത്ഥി നൽകുകയായിരുന്നു. ഇതിനിടെയാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്

കൈക്കൂലി വാങ്ങിയതിനെത്തുടർന്ന് വിജലൻസ് എൽസിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് എൽസിയെ സസ്‌പെൻഡ് ചെയ്തു. അന്വേഷണം നടത്തുന്നതിന് സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽസിയെ പിരിച്ചുവിട്ടത്. എൽസിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയും അധികാര ദുർവിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ മാർക്ക് തിരുത്തി. വിദ്യാർത്ഥികളെ വിജയിപ്പിക്കുന്നതിനായാണ് ക്രമക്കേട് നടത്തിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് സിൻഡിക്കേറ്റ് എൽസിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. എൽസി നൽകിയ മറുപടി തൃപ്തിപകരമല്ലാത്തതിനാൽ സർവീസിൽനിന്നു പിരിച്ചുവിടാൻ പ്രൊ വൈസ് ചാൻസലറോട് സിൻഡിക്കേറ്റ് നിർദേശിക്കുകയായിരുന്നു. തുടർന്നു പിരിച്ചുവിട്ടതായി അറിയിച്ച് രജിസ്റ്റ്രാർ ഡോ.ബി.പ്രകാശ് കുമാർ ഉത്തരവിറക്കി.