ന്യൂഡൽഹി: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ സൈബർ ഹാക്കിംഗിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണമെന്നും സംശയമുള്ള ഇമെയിലുകൾ തുറക്കരുതെന്നുമാണ് നിർദ്ദേശം. വിവിധ മന്ത്രാലയങ്ങൾക്ക് ഇതുസംബന്ധിച്ച സർക്കുലർ നൽകി. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നു.

ലോകത്തെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ്. 2023 സെപ്റ്റംബർ ഒമ്പതിനും 10-നും ഡൽഹിയിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്.

അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇൻഡൊനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ 20 രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയുടെ ഭാഗമാകും.

രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) സൈബർ ഹാക്കിങ് സാധ്യത കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
ഇന്റർനെറ്റ് വഴിയോ ഇമെയിൽ വഴിയോ വിവരങ്ങൾ കൈമാറുന്നതിൽ കരുതൽ വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

എംഎച്ച്എയുടെ സൈബർ & ഇൻഫർമേഷൻ സെക്യൂരിറ്റി (സി ആൻഡ് ഐഎസ്) ഡിവിഷൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സൈബർ ഹാക്കർമാർ ജി 20 വെബ്സൈറ്റുകളിൽ അടക്കം നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. ജി 20യുമായി ബന്ധപ്പെട്ട എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകളും സൂക്ഷ്മമായി നിരീക്ഷിക്കാനും ഇത് എല്ലാ മന്ത്രാലയങ്ങളോടും/വകുപ്പുകളോടും ആവശ്യപ്പെടുന്നു.

കഴിഞ്ഞ മാസം, ഡൽഹിയിലെ എയിംസിന്റെ ഇ-ഹോസ്പിറ്റൽ സെർവറുകളിൽ സൈബർ ആക്രമണം നടന്നിരുന്നു, ഹാക്കർമാർ എൻക്രിപ്റ്റ് ചെയ്ത ഫയലുകളുടെ ഹെഡറുകളിൽ നിന്ന് തിരിച്ചറിഞ്ഞ രണ്ട് ഇമെയിലുകളുടെ ഐപി വിലാസങ്ങൾ ചൈനയിലെ ഹോങ്കോംഗ്, ഹെനാൻ പ്രവിശ്യകളിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.