- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിംഗപ്പൂർ എയർലൈൻസ് വിമാന യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം
ന്യൂഡൽഹി:ആകാശച്ചുഴിയിൽ പെട്ട സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റ് എസ് ക്യു 321 ലെ യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം. വെറും മൂന്നുമിനിറ്റിനകം വിമാനം പൊടുന്നനെ 6000 അടി താഴ്ന്നു. ബോയിങ് 77-300 ഇആർ വിമാനം 37,000 അടി ഉയരത്തിലാണ്( 11,300 മീറ്റർ) പറന്നുകൊണ്ടിരുന്നത്. ആകാശച്ചുഴിയിൽ വീണതോടെ 31,000 അടിയിലേക്ക് താഴ്ന്നു.
10 മിനിറ്റോളം ഈ ഉയരത്തിൽ തുടർന്ന ശേഷമാണ് ബാങ്കോക്കിൽ അടിയന്തര ലാൻഡിങ് നടത്താനായി പുറപ്പെട്ടത്. വിമാനത്തിൽ ജീവനക്കാർ പ്രഭാത ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം. ഒരു യാത്രക്കാരൻ മരിക്കുകയും, 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മ്യാന്മാറിന് സമീരം ആൻഡമാൻ കടൽ കടക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയിൽ പെട്ടത്. സംഭവ സമയത്ത് വിമാനത്തിൽ നിന്ന് അടിയന്തര സിഗ്നലായ സ്‌ക്വാക് കോഡ് പുറപ്പെടുപ്പിച്ചു. പൊടുന്നനെ വിമാനം ആകാശച്ചുഴിയിൽ വീണതോടെ യാത്രക്കാരും ജീവനക്കാരും ആകെ ഉലഞ്ഞുപോയി.
This is the end result in Cabin after the Singapore Airlines Boeing 777-300ER (9V-SWM) from London to Singapore plunged around 7,000 feet after experiencing severe turbulence.#turbulence #aviation #safety https://t.co/pyjl4QrrA1 pic.twitter.com/n9Jw7PO59G
— FL360aero (@fl360aero) May 21, 2024
73കാരനായ ബ്രിട്ടീഷ് പൗരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. അപകടത്തിന്റെ ഭീകരത വെളിവാക്കുന്ന, വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചരിക്കുന്നുണ്ട്.
'പൊടുന്നനെ വിമാനം കുലുങ്ങാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ വിമാനം വളരെ പെട്ടെന്നു താഴ്ന്നു. സീറ്റിൽ ഇരുന്ന പലരും സീലിങ്ങിൽ ചെന്നിടിച്ചു. പലരുടെയും തല മുകളിലെ ബാഗേജ് കാബിനിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ അത് വളഞ്ഞുപോയി" ഇരുപത്തിയെട്ടുകാരൻ സാഫ്രൻ അസ്മിർ ഭീതിയോടെ ഓർക്കുന്നു ആ നിമിഷങ്ങൾ.
"വായുവിലൂടെ സാധനങ്ങളെല്ലാം പറന്നുനടക്കുന്നതാണ് എനിക്കിപ്പോഴും ഓർക്കാൻ കഴിയുന്നത്. ചുറ്റിലും നിന്ന് നിലവിളികൾ ഉയരുന്നുണ്ട്. എന്തൊക്കെയോ ശബ്ദങ്ങളും" മറ്റൊരു യാത്രക്കാരനായ ആൻഡ്രൂ ഡേവിസ് വിശദീകരിച്ചു.
Few More Visuals from the incident, where one fatality and several injuries confirmed, following severe turbulence on board Singapore Airlines Boeing 777-312(ER) aircraft (9V-SWM), that operated SQ321 from LHR to SIN, ending up diverted to Bangkok (BKK).#safety #aviation https://t.co/pyjl4QrrA1 pic.twitter.com/BwCAOAjZeo
— FL360aero (@fl360aero) May 21, 2024
ഭക്ഷണവസ്തുക്കളും മാസികകളും വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും വിമാനത്തിൽ ചിതറിക്കിടക്കുകയാണ്. വിമാനത്തിന്റെ ഉൾവശവും ഓക്‌സിജൻ മാസ്‌കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. ചോരയൊലിപ്പിച്ചിരിക്കുന്ന എയർഹോസ്റ്റസ്, ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ പകച്ചിരിക്കുന്ന യാത്രക്കാർ തുടങ്ങിയ ദൃശ്യങ്ങൾ വേറെയുമുണ്ട്.
ബോയിങ് 777 വിമാനം ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോഴാണ് ആകാശച്ചുഴിയിൽ പെട്ടത്. ബാങ്കോക്കിലേക്ക് തിരിച്ചുവിട്ട വിമാനം ചൊവ്വാഴ്ച വൈകുന്നേരം സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
IN PICTURES: The damaged interior of @SingaporeAir flight SQ321 after it hit severe turbulence and was forced to make an emergency landing in Bangkok. One man died in the incident (Photos: Reuters) https://t.co/JZfqJcRzdM pic.twitter.com/MzlXOdQ6yd
— CNA (@ChannelNewsAsia) May 21, 2024
ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന എസ്‌ക്യു 321 ഫ്‌ളൈറ്റ് കടുത്ത ആകാശച്ചുഴിയിൽ പെട്ടതായി സിംഗപ്പൂർ എയർലൈൻ സ്ഥിരീകരിച്ചു. വിമാനത്തിൽ 211 യാത്രക്കാരും, 18 വിമാന ജീവനക്കാരും ഉണ്ടായിരുന്നു. യാത്രക്കാരന്റെ അപ്രതീക്ഷിത വേർപാടിൽ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി സിംഗപ്പൂർ എയർലൈൻ പറഞ്ഞു. വിമാനത്തിലെ എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ സഹായം നൽകുന്നതിനാണ് പ്രാഥമിക പരിഗണന. തായ്‌ലൻഡിലെ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ വൈദ്യ സഹായം നൽകുന്നുണ്ട്. കൂടാതെ ബാങ്കോക്കിലേക്ക് ഒരു സംഘത്തെ അയയ്ക്കുന്നുണ്ടെന്നും എയർലൈൻസിന്റെ പ്രസ്താവനയിൽ അറിയിച്ചു.
മെയ് 21 ന് 10.38 നാണ് വിമാനം പറന്നുയർന്നത്. മ്യാന്മാറിന്റെയോ, തായ്‌ലൻഡിന്റെയോ വ്യോമമേഖലയ്ക്ക് അടുത്തുവച്ചാണ് വിമാനം ആകാശച്ചുഴിയിൽ പെട്ടത്. ഇത്തരം സന്ദർഭങ്ങളിൽ കുറച്ചുനേരത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം സാധ്യമായില്ലെന്ന് വരാം. ഏതായാലും വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിടാൻ പൈലറ്റിന് സാധിച്ചു. സുവർണഭൂമി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമ്പോഴേക്കും ആംബുലൻസുകളും, വൈദ്യസംഘത്തെയും എത്തിച്ചിരുന്നു.
വിമാനം പറക്കുന്നതിനിടെ, സീറ്റ് ബെൽറ്റ് ധരിക്കുന്നതാണ് ഉചിതമെന്ന് യാത്രക്കാരെ ഉപദേശിക്കുന്നതിന് കാരണവും ആകാശച്ചുഴിയാണ്. ഏതുസമയത്ത് വേണമെങ്കിലും വിമാനം ആകാശച്ചുഴിയിൽ പെടാം. രണ്ടുവർഷം മുമ്പ് സ്‌പൈസ് ജെറ്റിന്റെ മുംബൈ -ദുർഗാപ്പുർ വിമാനം ആകാശച്ചുഴിയിൽ പെട്ട് 14 യാത്രക്കാർക്കും, മൂന്നു ജീവനക്കാർക്കും പരിക്കേറ്റിരുന്നു. രണ്ടുമാസത്തിന് ശേഷം ഗുരുതര പരിക്കേറ്റ യാത്രക്കാരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു.