- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകർക്ക് ആശ്വാസമായ പദ്ധതികൾ കണ്ടെത്തി നടപ്പിലാക്കണം; പുതിയ പശുക്കൾക്ക് ധനസഹായം നൽകുന്നതിന് പകരം കറവപ്പശുക്കൾക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്ന പദ്ധതി വ്യാപകമാക്കണം; ക്ഷീര കർഷകർക്ക് പാൽ വില കൂട്ടിയാലും ഒന്നും കിട്ടില്ലെന്നത് പരമാർത്ഥം; കൊള്ളലാഭത്തിന് വീണ്ടും ലിറ്ററിന് ആറു രൂപ കൂട്ടാൻ മിൽമ; ഇത് ഇരട്ടച്ചതി
തിരുവനന്തപുരം: വില കുതിച്ചുയരുകയാണ്. വിപണയിൽ ഇടപെടാൻ സർക്കാരിന് കഴിയുന്നില്ല. ഇതിനൊപ്പം പാൽ വിലയും ഉയരുകയാണ്. മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കും. ലീറ്ററിന് 6 രൂപ കൂടും. മന്ത്രി ജെ. ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ.എസ്.മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. വിലവർധന നടപ്പാക്കാൻ മിൽമയ്ക്ക് സർക്കാർ ഇതുവരെ നിർദ്ദേശം കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്നു വിലവർധന നടപ്പാക്കും. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.
പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മവിദഗ്ധസമിതിയുടെ ശുപാർശ. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടിയായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകർഷകരുടെ ആവശ്യം. ഇതൊന്നും ചെയ്യാൻ സർക്കാരിന് കഴിയുന്നില്ല. വിലക്കയറ്റം കർഷകരേയും വലയ്ക്കുന്നുണ്ടെന്നതാണ് വസ്തുത. എന്നാൽ വമ്പൻ ലാഭത്തിലാണ് ഇപ്പോൾ മിൽമ. എന്നാൽ ഇതിന്റെ ഗുണം കർഷകർക്ക് കിട്ടുന്നതുമില്ല. ഒപ്പം വിലക്കയറ്റത്തിന്റെ ദുരന്തം സാധാരണക്കാർക്കും. ഇതിലൂടെ ഇരട്ടച്ചതിയാണ് സർക്കാർ നടപ്പാക്കുന്നത്. കൊള്ള ലാഭം മിൽമയ്ക്കും.
പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിൽ വില വർധന അനിവാര്യമെന്നു ചൂണ്ടിക്കാണിക്കുന്നു. പാൽവില ലിറ്ററിന് ഏഴുമുതൽ എട്ടുരൂപവരെ വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മിൽമയ്ക്ക് റിപ്പോർട്ട് നൽകിയത്. ഇങ്ങനെ കൂട്ടിയാൽ മാത്രമേ കമ്മീഷനും മറ്റും കഴിഞ്ഞ് ആറുരൂപയെങ്കിലും ലഭിക്കൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞതവണ പാൽവില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കർഷകർ സമിതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വിലക്കൂടുതലും മിൽമയെ മാത്രമേ തുണയ്ക്കാൻ ഇടയുള്ളൂവെന്ന വിലയിരുത്തലും സജീവമാണ്.
ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ സംസ്ഥാനത്തെ കർഷകർ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. ഈ നഷ്ടം നികത്താൻ വില വർധിപ്പിക്കണമെന്നാണ് ശുപാർശ. മൂന്ന് തരത്തിലുള്ള വില വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നത്. നാല് പശുക്കളിൽ കുറവുള്ള കർഷകർക്ക് ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 49.05 രൂപയും 4-10 പശുക്കളുള്ള കർഷകർക്ക് ഒരു ലിറ്റൽ പാൽ ഉത്പാദിപ്പിക്കാൻ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കർഷകർക്ക് 46.68 രൂപയുമാണ് നിലവിൽ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാൽ വലിയ നഷ്ടം കർഷകർ നേരിടുന്നു. ഇതു വസ്തുതയാണ്.
ക്ഷീരമേഖലയിൽ പാൽ സംഭരണ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ മിൽമയ്ക്ക് കഴിഞ്ഞു. ആദ്യകാലങ്ങളിൽ ഉൽപാദനച്ചെലവ് കുറവായിരുന്നു. സംങ്കരയിനം പശുക്കളിൽ നിന്നും നല്ല ഉൽപാദനവും ലഭിച്ചു. അക്കാലയളവിൽ ധാരാളം കർഷകക്ഷേമ പദ്ധതികളും മാന്യമായ വിലയും മിൽമ കർഷകനു നൽകി. മിൽമയ്ക്കും കർഷകനും പരാതികളില്ലാത്ത നാളുകളായിരുന്നു. മിൽമയ്ക്ക് സംഭരിക്കാവുന്നതിലും അധികം പാൽ ഉൽപാദനവുമുണ്ടായി. എന്നാൽ, പിൽക്കാലത്ത് മിൽമയുടെ സംഭരണ വിലയും വിപണന വിലയും തമ്മിൽ വലിയ അന്തരമായി. ഇപ്പോൾ ശരാശരി 38 രൂപയ്ക്കാണ് മിൽമ പാൽ സംഭരിക്കുന്നത്. കർഷകൻ പ്രാദേശികമായി 50 രൂപയ്ക്കാണ് പാൽ വിൽക്കുന്നത്. അതായത് ഒരു ലീറ്റർ പാൽ വിൽക്കുമ്പോൾ 12 രൂപ കർഷകന് നഷ്ടം. കാലിത്തീറ്റയുടെ വിലവർധന കാരണം ചിലരൊക്കെ പശുക്കളുടെ എണ്ണം കുറച്ചു. അതും മിൽമയുടെ പാൽ വരവിനെ ബാധിച്ചു.
ഈ സംഭരണ, വിപണന വിലയിലെ അന്തരം സർക്കാർ ഇടപെട്ട് കുറച്ചില്ലെങ്കിൽ മിൽമ എന്ന പ്രസ്ഥാനം പ്രതിസന്ധിയിലാകും. 4 രൂപ സബ്‌സിഡി നൽകും എന്ന് പ്രഖ്യാപിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതികളും നോക്കിയിരുന്നാൽ കാര്യം നടക്കില്ല. പ്രാദേശികമായി ക്ഷീരസംഘങ്ങൾ 38 രൂപയ്ക്കു ശേഖരിക്കുന്ന പാൽ ആവശ്യക്കാർക്ക് അപ്പോൾത്തന്നെ 48 രൂപയ്ക്കാണു വിൽക്കുന്നത്. ഈ വിപണനരീതി മാറ്റണം. കൊള്ളലാഭമാണ് മിൽമ ഉണ്ടാക്കുന്നതെന്ന വാദവും ശക്തമാണ്. സർക്കാർ തലത്തിൽ വേണ്ട ഇടപെടലുകൾ നടത്തി ഉൽപാദനച്ചെലവ് കുറയ്ക്കുകയും ഉൽപാദന-വിപണന വിലകളിലെ അന്തരം കുറയ്ക്കുകയും വേണം. മുടങ്ങാതെയുള്ള ഇൻസെന്റീവോ മറ്റ് പദ്ധതികളോ മിൽമ വഴി ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ഇതൊന്നും ചെയ്യാതെയാണ് വില കൂട്ടി കർഷകരെ പറ്റിക്കുന്നതിനൊപ്പം സാധാരണക്കാരെ വലയ്്ക്കുന്നതും.
കുറച്ചു നാളത്തേക്ക് നിലവിലെ കർഷകർക്ക് ആശ്വാസമായ പദ്ധതികൾ കണ്ടെത്തി നടപ്പിലാക്കണം. പുതിയ പശുക്കൾക്ക് ധനസഹായം നൽകുന്നതിന് പകരം കറവപ്പശുക്കൾക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്ന പദ്ധതി വ്യാപകമാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ