കൊച്ചി:ഫിഷറീസ് മന്ത്രി വി.അബ്ദുൾ റഹ്മമാന്റെ ചിരിക്കുന്ന ചിത്രം ഇന്നലെയാണ് വകുപ്പിന്റെ സൈറ്റുകളിൽ എത്തിയത്.ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഈ കഴിഞ്ഞ ജൂലൈ ആറിനാണ് തന്റെ രാജി സമർപ്പിച്ചത്. ഭരണഘടനയെ സംബന്ധിക്കുന്ന തന്റെ പരാമർശനം വിവാദമാവുകയും തുടർന്ന് സജി ചെറിയാൻ രാജി വെയ്ക്കുകയും ആയിരുന്നു. സജി ചെറിയന്റെ ഫിഷറീസ് വകുപ്പും അദ്ദേഹം ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ കവടിയാർ ഹൗസും മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു നൽകി നാളുകൾ ഏറേയായി.എന്നാൽ വകുപ്പ് ഭരിച്ചിരുന്ന മന്ത്രി മാറിയ വിവരം കഴിഞ്ഞ ദിവസമാണ്
ഫിഷറീസ് വകുപ്പ് അറിയുന്നത് തന്നെ.

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം വലനിർമ്മാണഫാക്ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ മലയാളി തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. ഈ വാർത്തയിൽ ഫിഷറീസിന്റെ കീഴിലുള്ള മത്സ്യഫെഡിന്റെ ഔദ്യോഗികമായ വൈബ്‌സൈറ്റുകളിൽ വകുപ്പ് മന്ത്രിയുടെ സ്ഥാനത്ത് സജിചെറിയാ്‌ന്റെ ചിത്രവും വിവരങ്ങളുമാണ് നൽകിയിരിക്കുന്നത് എന്ന തെറ്റ് ചൂണ്ടികാണിച്ചിരുന്നു.


മന്ത്രിയായ വി അബ്ദുറഹ്മാന്റെ ചിത്രം നൽകാത്തത് അനാസ്ഥയാണ് എന്ന് മറുനാടൻ വാർത്തയിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഫിഷറീസ് ഡയറക്ടർ അദീലാ അബ്ദുള്ള ഐ.എ.എസിന്റെ അടിയന്തഇടപെടുകൾ ഉണ്ടാവുകയും വെബ്‌സൈറ്റിൽ അബ്ദുൾ റഹ്മമാന്റെ ചിത്രം നൽകുകയും ചെയ്തു. തിങ്കളാഴ്ച തന്നെ സൈറ്റിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഫിഷറീസ് ഡയറക്ടർ നിർദ്ദേശം നൽകി.

മത്സ്യഫണ്ടിന് കീഴിലെ സ്ഥാപനമാണ് എറണാകുളം നെറ്റ് ഫാക്ടറി. അത്തരമൊരു സഹകരണ പ്രസ്ഥാനത്തിന് കീഴിലെ സ്ഥാപനമാണ് അനാസ്ഥയുടെ വഴിയെ തളരുന്നത്. 51പ്രാഥമിക മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘങ്ങൾ അംഗങ്ങളായുള്ള ഒരു സഹകരണ അപ്പെക്‌സ് ഫെഡറേഷൻ ആണ് മത്സ്യഫെഡ്. ഈ സംഘങ്ങളിൽ 335 കടലോരസംഘങ്ങളും, 198 ഉൾനാടൻ സംഘങ്ങളും, 118 വനിതാ സംഘങ്ങളും ഉൾക്കൊള്ളുന്നു. എല്ലാ സംഘങ്ങളിലും കൂടി 3 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഈ കൂട്ടായ്മയ്ക്ക് നെറ്റ് എത്തിക്കേണ്ട സ്ഥാപനമാണ് തളരുന്നത്.

നെറ്റ് ഫാക്ടറി എന്ന സ്ഥാപനത്തെ രക്ഷിക്കണം എന്നാവിശ്യപ്പെട്ട് ഫിഷറീസ് മന്ത്രി അബ്ദു റഹ്മാൻ,ഫിഷറീസ് ഡയറക്ടർ അദീലാ അബ്ദുള്ള ഐ.എ.എസ്, വലനിർമ്മാണ ഫാക്ടറി മേനേജർ സുധ റ്റി.ടി എന്നിവർക്കർക്ക് വല നിർമ്മാണശാലയിലെ തൊഴിലാളികൾക്ക് തന്നെ പരാതി നൽകിയിരിക്കുകയാണ്. പതിനഞ്ചു വർഷമായി സ്ഥാപനത്തിൽ അഴിമതിയാണ്. മുൻകാലങ്ങളിൽ വല നിർമ്മാണ ശാലയിൽ മാനേജരുമാരായി ഇരുന്ന വ്യക്തികളുടെ അറിവോടെയും പങ്കാളിത്വത്തോടെയുമാണ് അഴിമതി നടന്നത്, സ്ഥാപനത്തിലെക്ക് ഡീസൽ വാങ്ങുന്നതതിലാണ് വലിയ വെട്ടിപ്പ് നടക്കുന്നത്.

2016 മുതൽ ഡീസൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്ററോ രേഖകളോ ഇല്ല. വാങ്ങി കൊണ്ട് വരുന്ന ഡീസലിന് കണക്കോ, ഇത് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥരോ ഇവിടെ ഇല്ല. ബോയിലർ ഓപ്പറേറ്ററാണ് ഇവിടെ ഡീസൽ വാങ്ങാൻ പോകുന്നത്. നിയമപ്രകാരം ബോയിലർ ഓപ്പറേറ്ററിന് ഡീസലിന് പോകാൻ അനുവാദമില്ല. ലക്ഷകണക്കിന് രൂപയാണ് ഡീസൽ അഴുമതിയിലൂടെ അഴുമതിക്കാർ കട്ടു മുടിച്ചത്.

2017 ൽ വേസ്റ്റ് വലകൾ എന്ന പേരീൽ കൊച്ചിയിലെ സ്വകാര്യ കച്ചവടക്കാരൻ വിറ്റഴിച്ചത് ലക്ഷകണക്കിന് വില വരുന്ന നല്ല വലകളാണ് എന്ന് പരാതിയിൽ ആരോപിക്കുന്നു.സ്ഥാപനത്തിലെ സ്റ്റോക്ക് എടുക്കുന്നത് താൽക്കാലിക ജീവനക്കാരാണ്. അഴിമതിക്കാരുമായി ബന്ധമുള്ള ഇവരും കണക്കിൽ മായം കാണിക്കുന്നു. കണക്ക് ശരിയാവാത്തതുകൊണ്ട് പുതിയ സ്റ്റോർകീപ്പർ എത്തിയിട്ടും സ്റ്റോക്കോ കണക്കോ ഏറ്റെടുത്തിട്ടില്ല.

കൊച്ചിൻ പ്ലാന്റിൽ നിന്നും അസിസ്റ്റന്റ് മാനജർ ആയിരുന്ന വ്യക്തിയേ അവിടെ ക്രമക്കേട് കാണിച്ചതിനാണ് ഇങ്ങോട്ട് മാറ്റിയത് എന്നാൽ ഇവിടെയും ഈ വ്യക്തി അഴിമതിക്ക് കൂട്ടു നിൽക്കുകയാണ്. ഞാറയ്ക്കൽ ഫിഷ്ഫാമിൽ നിന്നും ക്രമക്കേട് നടത്തിയ വ്യക്തിയേയും നെറ്റ് ഫാക്ടറിയിൽ നിയമിച്ചിരിക്കുന്നത് അനധികൃതമായാണ്.

സ്ഥാപനത്തിലെ വലകൾ പുറത്ത് മെൻഡിഗ് വർക്കിന് കൊണ്ട് പോകുന്നതിലും കമ്മീഷൻ വ്യവസ്ഥിതി ഉണ്ടെന്ന് സംശയമുണ്ട്. പുറത്തെക്ക് കൊണ്ട് പോകുന്ന വലകൾ തിരികെ എത്തുമ്പോൾ തൂക്കം കുറഞ്ഞതായിട്ടാണ് കാണുന്നത്. വല വാങ്ങാനായി സ്ഥാപനത്തിലെത്തുന്നവരോട് സ്വകാര്യ കമ്പനികളുടെ വല വാങ്ങിക്കാൻ നിർദ്ദേശിക്കുന്ന പതിവ് ഈ അഴിമതിക്കാർക്ക് ഉണ്ട്.

സ്വകാര്യകമ്പനികളുടെ കമ്മീഷൻ ലക്ഷ്യം വച്ചാണ് ഈ പ്രവണത എന്നും പരാതിയിൽ ജീവനക്കാർ ആരോപിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ മൂലധന ചെലവ് കുറയ്ക്കുക, മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മത്സ്യബന്ധന വലകൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വല നിർമ്മാണ ശാലകൾ ആരംഭിച്ചത്. മൂന്ന് വലനിർമ്മാണശാലകളാണ് നിലവിൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. എറകുളത്തെ കൂടാത കണ്ണൂരും തിരുവനന്തപുരവുമാണ് മറ്റ് രണ്ട് ഫാക്ടറികൾ ഉള്ളത്.

1985 ൽ ജപ്പാനിൽ നിന്നും ലഭിച്ച 6 വല നിർമ്മാണ യന്ത്രങ്ങൾ സ്ഥാപിച്ച എറണാകുളത്തെ വല നിർമ്മാണ ശാല ഏറ്റവും മികച്ച ഗ്രാന്റ് ഇൻ ഐയിഡ് പ്രോജക്റ്റ് ആയി അംഗീകരിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 1981ൽ ജപ്പാൻ ഗവൺമെന്റ് 15 വല നിർമ്മാണ യന്ത്രങ്ങൾ കൂടി ഗ്രാന്റ് ആയി അനുവദിക്കുകയുണ്ടായി.

കൂടാതെ ഒരു ലെങ്ങ്ത് സ്ട്രെച്ചിങ് മെഷീൻ, ഒരു ഡെപ്ത്ത് സ്ട്രെച്ചിങ് മെഷീൻ, ഒരു വല കളർ ചെയ്യുന്നതിനുള്ള മെഷീൻ എന്നിവയും ലഭ്യമാക്കുകയും ഈ മെഷീനുകൾ എറണാകുളത്തെ ഹൈക്കോടതിക്ക് സമീപമുള്ള ഫാക്ടറിയിൽ സ്ഥാപിക്കുകയും, 2000ൽ വെല്ല്ലിങ്ടൺ ഐലന്റിലെ 6 യന്ത്രങ്ങൾ ഇവിടെന്ന് മാറ്റി സ്ഥാപിക്കുക്കകയും ചെയ്തു. ഇപ്രകാരം എറണാകുളത്ത് 27 മെഷീനുകൾ ഉള്ള ഫാക്ടറി സ്ഥാപിതമായി. ഈ ഫാക്ടറിയുടെ ശേഷി 650 ടൺ ആണ്.

2011ൽ ക്ലസ്റ്ററിലെ കണ്ണൂരിലെ അഴീക്കലിൽ 18.50 കോടി മുതൽ മുടക്കി 500 ടൺ ശേഷിയുള്ള വല നിർമ്മാണശാല സ്ഥാപിക്കുകയുണ്ടായത്. ഈ പദ്ധതിയിൽ 25 വല നിർമ്മാണ യന്ത്രങ്ങൾ സ്ഥാപിക്കുകയും അതിന് ദേശീയ മത്സ്യ വികസന ബോർഡ് 10 കോടി രൂപ 5% പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുകയും ചെയ്തു. 2015ൽ തിരുവനന്തപുരത്തെ മുട്ടത്തറയിൽ 500 ടൺ ശേഷിയുള്ള വല നിർമ്മാണശാസ്ഥാപിക്കുകയുണ്ടായി.

ഈ ഫാക്ടറിൽ 30 വല നിർമ്മാണ യന്ത്രങ്ങളും വല സംസ്‌കരണ യന്ത്രങ്ങളും സ്ഥാപിക്കുകയുണ്ടായി. കേരളത്തിനകത്ത് 13 വ്യാസാ സ്റ്റോറുകൾ വഴിയാണ് ഇവിടെ ഉത്പ്പാദിപ്പിക്കുന്ന വല വിൽപ്പന നടത്തി വരുന്നത്. സംസ്ഥാനത്തിന് പുറത്തു ഡീലർമാർ വഴിയും വിൽപ്പന നടത്തുന്നുണ്ട്. മത്സ്യഫെഡിൽ ഏറ്റവും അധികം പേർ ജോലി ചെയ്തു വരുന്നത് വല നിർമ്മാണ ശാലകളിലാണ്. ഏകദേശം 280 പേർ 3 വല നിർമ്മാണ ശാലകളിലായി ജോലി ചെയ്തു വരുന്നു. എന്നാൽ ഈ നേട്ടങ്ങളെ ഒക്കെ നശിപ്പിക്കാനും സ്ഥാപനത്തെ ഇല്ലാതാക്കുന്നതുമാണ് ഈ അഴിമതികൾ.