- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; വ്യവസായമാക്കുന്നു; ബിലാവൽ പെരുമാറിയത് തീവ്രവാദത്തിന്റെ പ്രമോട്ടറെ പോലെ; തീവ്രവാദത്തിന്റെ ഇരകൾക്ക് അതിന്റെ നടത്തിപ്പുകാരുടെ ഒപ്പം ചർച്ച നടത്താൻ കഴിയില്ല; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി
ന്യൂഡൽഹി: ഗോവയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിയിലെ സഹകരണ യോഗത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
ഭീകരതയുടെ സ്‌പോൺസർമാർക്കും ഇരകൾക്കും ഒന്നിച്ചിരിക്കാനാകില്ല. പാക്കിസ്ഥാന്റെ വിശ്വാസ്യത അവരുടെ വിദേശനാണ്യശേഖരം പോലെ ഇടിയുകയാണ്. ഭീകരത പാക്കിസ്ഥാനിൽ വ്യവസായമാണ്. പാക്ക് അധിനിവേശ കശ്മീർ ഒഴിയുന്നത് മാത്രമാണ് പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനുള്ളത്. ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ശേഷമായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ഷാങ്ഹായ് സഹകരണ സംഘടനയിലുള്ള ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായിട്ടാണ് പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി എത്തിയത്. അത് ബഹുമുഖ നയതന്ത്രത്തിന്റെ ഭാഗമാണ്, അതിൽ കൂടുതലൊന്നും കാണേണ്ടതില്ല. ഭീകരത എന്ന വ്യവസായത്തിന്റെ പ്രചാരകനും വക്താവുമാണ് ബിലാവൽ ഭൂട്ടോയെന്നും ജയശങ്കർ ആഞ്ഞടിച്ചു.
ചൈനപാക്കിസ്ഥാൻ ഇടനാഴിക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമാധികാരം വെല്ലിവിളിക്കാൻ അനുവദിക്കില്ല. അതിർത്തി ശാന്തമാകാതെ ഇന്ത്യചൈന ബന്ധം സാധാരണ നിലയിലാകില്ല. കണക്റ്റിവിറ്റി പുരോഗതിക്ക് നല്ലതാണ്, എന്നാൽ ഇത് രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും ലംഘിച്ചു കൊണ്ടാകരുതെന്നും ജയശങ്കർ പറഞ്ഞു.
ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പ്രതികരണം തള്ളുന്നു. തീവ്രവാദത്തിന്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു.
യോഗത്തിൽ ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയുടെ അജണ്ട രൂപരേഖയായി. തീവ്രവാദത്തെ അമർച്ച ചെയ്യുന്നതിൽ ചർച്ച നടന്നു. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാക്കിസ്ഥാന്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ബിലാവലിന്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഇരു രാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയ്ശങ്കർ തള്ളിക്കളഞ്ഞു.
നേരത്തെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ പാക് വിദേശകാര്യമന്ത്രിയെ എസ് ജയശങ്കർ സ്വീകരിച്ചത് കൈകൂപ്പി നമസ്‌കാരം പറഞ്ഞായിരുന്നു. പതിവ് ഹസ്തദാനം ഉപേക്ഷിച്ചാണ് ഇത്തവണ ജയശങ്കർ കൈകൂപ്പി നമസ്‌കാരം പറഞ്ഞത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എസ്സിഒ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്റ്റേഴ്‌സ് (സിഎഫ്എം) യോഗത്തിൽ പങ്കെടുക്കാനാണ് ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തിയത്. വ്യാഴാഴ്ചയാണ് ഗോവയുടെ തലസ്ഥാനമായ പനാജിയിൽ എസ്സിഒ അംഗരാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്. ഏകദേശം പന്ത്രണ്ടു വർഷത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് വിദേശകാര്യ മന്ത്രിയാണ് ബിലാവൽ ഭൂട്ടോ.
2011 നു ശേഷം ആദ്യമായാണ് പാക്ക് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. 2014 ൽ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തിയിരുന്നു. ഇന്ത്യയുമായി ചർച്ചകൾക്കു തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെയാണ് എസ്സിഒ യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യ പാക്ക് വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചത്. ഇത് പാക്കിസ്ഥാൻ അംഗീകരിക്കുകയും ചെയ്തു.
ആധ്യക്ഷ്യം വഹിക്കുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനീസ് വിദേശമന്ത്രി ക്വിൻ ഗാങ്, റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകളും നടത്തിയിരുന്നു.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രശ്‌നങ്ങളും അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തതായി ജയശങ്കർ പറഞ്ഞു. ഇത് പാക്കിസ്ഥാനുമായി ചൈനയ്ക്കുള്ള ഇടപാടുകൾക്കെതിരായ പരോക്ഷ നിലപാട് വിശദീകരിക്കൽ കൂടിയാണ്.
സാമ്പത്തിക, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഫോറമാണിത്. ഏറ്റവും വലിയ അന്തർദേശീയ സംഘടനകളിലൊന്നു കൂടിയാണ് എസ്സിഒ. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാക്കിസ്ഥാനും സംഘടനയിൽ സ്ഥിരാംഗങ്ങളായത്.
മറുനാടന് മലയാളി ബ്യൂറോ