- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സർക്കാരിന് സങ്കുചിത മനോഭാവമില്ല'; എല്ലാവരും ഒറ്റക്കെട്ടോടെ നിന്ന് മേളയെ വിജയിപ്പിക്കണം; സ്കൂൾ കലോത്സവം സംഗീത ശിൽപ വിവാദത്തിൽ മുസ്ലിം ലീഗ് നേതാക്കളുടെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി ശിവൻകുട്ടി; മുസ്ലിം വിരുദ്ധതയുടെ നേർച്ചിത്രം;സർക്കാരിന് ഒളിച്ചോടാനാവില്ലെന്ന് തിരിച്ചടിച്ച് കെപിഎ മജീദ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാന വിവാദം പരിശോധിക്കുമെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഒരേ മനസോടെ മേള വിജയിപ്പിക്കാൻ ശ്രമിക്കണം.ഫസ്റ്റ് കോളിൽ തന്നെ മത്സരാർത്ഥികൾ വേദിയിൽ ഹാജരാകണം.അല്ലാത്തവരെ അയോഗ്യരാക്കാൻ സംഘാടകർക്ക് നിർദ്ദേശം നൽകി. മത്സരങ്ങൾ വൈകാതിരിക്കാൻ സമയ കൃത്യത പാലിക്കാൻ വേണ്ടിയാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ മുസ്ലിം വേഷം ധരിച്ച വ്യക്തിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.ദൃശ്യാവിഷ്കാരം തയ്യാറാക്കിയ വ്യക്തി ആർഎസ്എസ് പ്രവർത്തകനാണെന്ന തരത്തിൽ റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമർശനം.അതേസമയം വിഷയത്തിൽ സർക്കാറിനെയും സംഘാടകരെയും രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് രംഗത്ത് വന്നു.മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമെന്ന് മുസ്ലിം അദ്ദേഹം പറഞ്ഞു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം
കെപിഎ മജീദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട സംഗീത ശിൽപത്തിൽ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണ്. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ല എന്ന് വ്യക്തമാണ്. ഇസ്ലാമോഫോബിയയുടെ നേർചിത്രമാണിത്.
ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടത്.
ഇത് ജാഗ്രതക്കുറവായി തള്ളിക്കളയേണ്ട വിഷയമല്ല.സർക്കാരിനും സംഘാടകർക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാവില്ല.ബന്ധപ്പെട്ടവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം.
മറുനാടന് മലയാളി ബ്യൂറോ