- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടിവെച്ചു; കാട്ടാനയെ മയക്കുവെടിവച്ചത് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം; സൂര്യനെല്ലി ഭാഗത്തുനിന്ന് ആന സിമന്റ് പാലത്തിലെത്തിയതിന് പിന്നാലെ ദൗത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി; വെടിവച്ചത് സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷം
ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വിജയത്തിലേക്ക്. അരിക്കൊമ്പനെ കണ്ടെത്തി ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് ദൗത്യം പൂർത്തിയാക്കിയത്.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവച്ചത്. അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്. ആദ്യ മയക്കുവെടി വിജയകരമെന്നാണ് സൂചന. ആന നിൽക്കുന്ന സ്ഥലത്തേക്ക് വഴിതെളിക്കാൻ ജെസിബി എത്തിച്ചിട്ടുണ്ട്. ആനിമൽ ആംബുലൻസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 11.55നാണ് മയക്കുവെടി വച്ചത്. അടുത്ത ഒരുമണിക്കൂർ ആനയെ മാറ്റുന്ന ദൗത്യത്തിൽ നിർണായകമാണ്.
വെടി കൊണ്ടിട്ടുണ്ടെങ്കിൽ അര മണിക്കൂറിനുള്ളിൽ ആന മയങ്ങിത്തുടങ്ങും. ഇതോടെ ആനയെ ബന്ധിച്ച് നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി കൊണ്ടുപോകാനാണ് വനംവകുപ്പിന്റെ പദ്ധതി. 2017ൽ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുമെന്നാണു സൂചന.
അരിക്കൊമ്പനെ കണ്ടെത്തി മൂന്നു വശത്തായി ഉദ്യോഗസ്ഥർ നിലയുറപ്പിക്കുകയും തുടർന്ന് ആദ്യ ഡോസ് വെടിവെക്കുകയുമായിരുന്നു. സൂര്യനെല്ലിഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു. തുടർന്ന് അരിക്കൊമ്പന്റെ സമീപത്തേക്ക് ദൗത്യസംഘം നീങ്ങുകയായിരുന്നു. വെടിയേറ്റ ആന വേസ്റ്റ് കുഴി ഭാഗത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.
301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.
മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിരുന്നു. സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്തുകൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.
അരിക്കൊമ്പനെ പിടികൂടിയാൽ പെരിയാർ ടൈഗർ റിസർവിലേക്കു കൊണ്ടുപോകുമെന്നാണു സൂചന. അതിനിടെ, അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടു. ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിച്ചു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാനായിരുന്നു ശ്രമം.
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 4.30നാണു 150 പേരടങ്ങുന്ന ദൗത്യസംഘം മയക്കുവെടി വയ്ക്കാനുള്ള ഉപകരണങ്ങളുമായി രംഗത്തിറങ്ങിയത്. മയങ്ങിയാൽ കൊമ്പനെ മെരുക്കിയെടുക്കാൻ 4 കുങ്കിയാനകളും ഒപ്പമുണ്ടായിരുന്നു. അനുകൂല കാലാവസ്ഥയായതിനാൽ ഇന്നലെത്തന്നെ മയക്കുവെടി വയ്ക്കുമെന്ന സൂചനയായിരുന്നു ആദ്യം. സിമന്റ്പാലത്തിനു സമീപമുള്ള പൈൻകാട്ടിൽ രാവിലെ 6.30നു പ്രത്യക്ഷപ്പെട്ട കാട്ടാന അരിക്കൊമ്പനെന്നു കരുതി ദൗത്യസംഘാംഗങ്ങൾ ഓപ്പറേഷനു തയാറായെങ്കിലും അത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനായിരുന്നു.
രണ്ടു മാസമായി പിടിയാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കാണാറുള്ളത്. ഇന്നലെ പിടിയാനക്കൂട്ടത്തിനൊപ്പം കണ്ട ചക്കക്കൊമ്പനെ അരിക്കൊമ്പനെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. അരിക്കൊമ്പനെ കണ്ടെത്താൻ പറ്റാതെ വൈകിട്ട് നാലോടെ ഇന്നലത്തെ ദൗത്യം നിർത്തിവയ്ക്കുകയായിരുന്നു.
പിന്നീടു വൈകിട്ട് ആറോടെ അരിക്കൊമ്പനെ ചിന്നക്കനാൽ ശങ്കരപാണ്ഡ്യമെട്ടിലെ ഇടതൂർന്ന ചോലയ്ക്കുള്ളിലാണു വനംവകുപ്പ് വാച്ചർമാർ കണ്ടെത്തിയത്. ചക്കക്കൊമ്പനെ കണ്ട സിമന്റ്പാലത്തുനിന്ന് കാട്ടിലൂടെ നടന്നാൽ 8 കിലോമീറ്റർ ദൂരത്തിലാണു ശങ്കരപാണ്ഡ്യമെട്ട്. ഇവിടെ നിന്ന് ഇന്നു രാവിലെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയും തുരത്തി പുറത്തിറക്കിയ ശേഷം മയക്കുവെടി വയ്ക്കാനാണു തീരുമാനമെന്ന് മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയ് അറിയിച്ചിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.
മറുനാടന് മലയാളി ബ്യൂറോ