ഇടുക്കി : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് വനംവകുപ്പ് നടത്തിയ ദൗത്യത്തിനിടെ രണ്ടാമത്തെ ഡോസ് മയക്കുവെടിയുംവച്ചു. അരിക്കൊമ്പൻ പൂർണ മയക്കത്തിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. അരികൊമ്പന് അരികിലേക്ക് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടിയും വച്ചത്. ആദ്യ മയക്കുവെടി 11.55നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.40നുമാണ് നൽകിയത്.

അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്. വെടി കൊണ്ടിട്ടുണ്ടെങ്കിൽ അര മണിക്കൂറിനുള്ളിൽ ആന മയങ്ങിത്തുടങ്ങേണ്ടതാണ്. എന്നാൽ ആന മയങ്ങാൻ വൈകിയതോടെയാണ് ബൂസ്റ്റർ ഡോസും നൽകിയത്. ചോലവനങ്ങൾക്കിടയിൽ വച്ചായിരുന്നു അരിക്കൊമ്പനെ വെടിവെച്ചത്. മയക്കത്തിലാകുന്ന മുറയ്ക്ക് കുങ്കിയാനകൾ എത്തി അരിക്കൊമ്പനെ മാറ്റുനാണ് ലക്ഷ്യമിടുന്നത്. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുമെന്നാണു സൂചന.

പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റുക. അതിനിടെ ആനയെ മയക്കുവെടിവെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ്‌പി പൊലീസ് സേനക്ക് നിർദ്ദേശം നൽകി. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകൾക്കാണ് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്. ആനക്ക് മയക്കുവെടിയേറ്റ ആദ്യ മണിക്കൂർ നിർണായകമാണെന്ന് ദൗത്യസംഘം അറിയിച്ചിരുന്നു.

വെടിയേറ്റെന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആനയെ കൊണ്ടുപോകാനുള്ള അനിമൽ ആംബുലൻസ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നിൽക്കുന്ന സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാൽ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ച് തുടങ്ങി. സജീകരിച്ച് നിർത്തിയ കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമൽ ആംബുലൻസിലേക്ക് തള്ളിക്കയറ്റുക.

ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. മയക്കുവെടിയേറ്റ ആന മയങ്ങിയ ശേഷമായിരിക്കും സംഘം അടുത്തഘട്ടത്തിലേക്ക് കടക്കുക. ആന പൂർണ്ണമായും മയങ്ങിയ ശേഷം അരിക്കൊമ്പന്റെ കണ്ണുകൾ മൂടിക്കെട്ടും. ശേഷം കാലുകൾ ബന്ധിച്ച് റേഡിയോ കോളർ അടക്കമുള്ളവ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനെ സ്ഥലത്ത് നിന്നും മാറ്റുക. ആനയെ ബന്ധിച്ച് നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി കൊണ്ടുപോകാനാണ് വനംവകുപ്പിന്റെ പദ്ധതി. 2017ൽ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു. സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്തുകൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.

രണ്ടു മാസമായി പിടിയാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കാണാറുള്ളത്. ഇന്നലെ പിടിയാനക്കൂട്ടത്തിനൊപ്പം കണ്ട ചക്കക്കൊമ്പനെ അരിക്കൊമ്പനെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. അരിക്കൊമ്പനെ കണ്ടെത്താൻ പറ്റാതെ വൈകിട്ട് നാലോടെ ഇന്നലത്തെ ദൗത്യം നിർത്തിവച്ചിരുന്നു.

പിന്നീടു വൈകിട്ട് ആറോടെ അരിക്കൊമ്പനെ ചിന്നക്കനാൽ ശങ്കരപാണ്ഡ്യമെട്ടിലെ ഇടതൂർന്ന ചോലയ്ക്കുള്ളിലാണു വനംവകുപ്പ് വാച്ചർമാർ കണ്ടെത്തിയത്. ചക്കക്കൊമ്പനെ കണ്ട സിമന്റ്പാലത്തുനിന്ന് കാട്ടിലൂടെ നടന്നാൽ 8 കിലോമീറ്റർ ദൂരത്തിലാണു ശങ്കരപാണ്ഡ്യമെട്ട്. ഇവിടെ നിന്ന് ഇന്നു രാവിലെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയും തുരത്തി പുറത്തിറക്കിയ ശേഷം മയക്കുവെടി വയ്ക്കാനാണു തീരുമാനമെന്ന് മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയ് അറിയിച്ചിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്.